
ബജറ്റ് ഫ്രണ്ട്‌ലിയായ റോയൽ എൻഫീൽഡ് ബൈക്കാണ് ഹണ്ടർ 350 (Royal Enfield Hunter 350). 350 എൻജിൻ്റെ പെർമോഫൻസും സ്റ്റൈലും ഉയരക്കുറവുമെല്ലാം ഒത്തിണങ്ങിയ ഈ സുന്ദരൻ ബൈക്ക് 2022ലാണ് നിരത്തുകൾ കീഴടക്കിത്തുടങ്ങിയത്. ക്ലാസിക്, ബുള്ളറ്റ് എന്നിവയ്ക്ക് സമാനമായി ജെ സീരീസിസ് പ്ലാറ്റ്ഫോമിൽ ഉൾപ്പെടുന്നതാണ് ഹണ്ടറും. എന്നാൽ സസ്പെൻഷൻ, വൈബ്രേഷൻ, ഹാൻഡ്‌ലിങ്ങിലെ ചില പോരായ്മകൾ എന്നിവയാണ് പ്രധാന പോരായ്മയായി ഉപയോക്താക്കൾ ചൂണ്ടിക്കാട്ടിയിരുന്നത്.
എന്നാൽ 2025ൽ ഹണ്ടർ 350യുടെ പരിഷ്കരിച്ച പതിപ്പുമായെത്തി ഞെട്ടിച്ചിരിക്കുകയാണ് റോയൽ എൻഫീൽഡ്. പ്രധാന കുറവുകളെല്ലാം പരിഹരിച്ചാണ് ഹണ്ടറിൻ്റെ പുത്തൻ പതിപ്പെത്തിയിരിക്കുന്നത്. റിയർ ട്വിൻ-കോയിൽ സ്പിങ്ങ് മെച്ചപ്പെട്ട സസ്പെൻഷനാണ് നൽകുന്നത്. അതിൻ്റെ മാറ്റം പ്രകടമാണെന്നാണ് വാഹനം ടെസ്റ്റ് ഡ്രൈവ് നടത്തിയവർ ചൂണ്ടിക്കാട്ടുന്നത്.
കംപ്രഷനും റീബൗണ്ടും കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്. മൊത്തത്തിൽ ബൈക്ക് ഓടിക്കുമ്പോൾ കൈത്തണ്ടകളിലും കൈകാലുകളിലും സന്ധികളിലും വളരെ കുറച്ച് കുലുക്കം മാത്രമെ അനുഭവപ്പെടുകയുള്ളൂ. മോശം റോഡുകളെ നന്നായി കൈകാര്യം ചെയ്യാൻ 2025 ഹണ്ടർ 350യിലെ പിൻ സസ്പെൻഷൻ സഹായിക്കുന്നു. എന്നിരുന്നാലും, ബുള്ളറ്റിനോടോ ക്ലാസിക്കിനോടോ ഈ ബൈക്കിനെ താരതമ്യം ചെയ്യുന്നത് ബുദ്ധിശൂന്യതയാണ്.
349 സിസി, ജെ-സീരീസ്, എയർ-കൂൾഡ് എഞ്ചിൻ തന്നെയാണ് ഇതിൻ്റെ പ്രധാനം. ഇത് 20 ഹോഴ്സ് പവറും 27 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. 80-90 kmph വേഗതയിൽ സഞ്ചരിക്കുമ്പോഴാണ് ഈ 350 സിസി റോയൽ എൻഫീൽഡ് ബൈക്ക് അതിൻ്റെ എക്സ്ഹോസ്റ്റ് ശബ്ദവും ത്രോട്ടും മികവുറ്റ രീതിയിൽ പ്രകടിപ്പിക്കുന്നത്. പരിഷ്കരിച്ച ക്ലച്ചിന് 'സ്ലിപ്പ് ആൻഡ് അസിസ്റ്റ്' സവിശേഷതയുണ്ട്. നഗരങ്ങളിലെ തിരക്കേറിയ ട്രാഫിക്കിനിടയിൽ ഭാരം കുറഞ്ഞ ക്ലച്ച് ബൈക്ക് ഹാൻഡിലിങ് സുഖകരമാക്കുന്നു. 5 സ്പീഡ് ഗിയർ ബോക്സുമായാണ് എൻജിൻ ബന്ധിപ്പിച്ചിരിക്കുന്നത്.
കോംപാക്ട് ഫൂട്ട് പ്രിൻ്റും ബൈക്കിലെ ഇരുത്തത്തിൻ്റെ പൊസിഷനിങ്ങും സ്പോർട്ടി ഫീൽ തരുന്നതാണ്. കൂടാതെ സസ്പെൻഷനിലെ പരിഷ്കാരവും മികച്ച ഫീലാണ് യാത്രികന് സമ്മാനിക്കുന്നത്. തൊട്ടു മുൻപത്തെ പതിപ്പിനെ അപേക്ഷിച്ച്, എക്സ്‌ഹോസ്റ്റ് റൂട്ടിൽ ചെറുതായി മാറ്റിയതോടെ 160 mm ഗ്രൗണ്ട് ക്ലിയറൻസ് ഇപ്പോൾ ലഭിക്കുന്നുണ്ട്, അതായത് 10 mmൻ്റെ വർധനവ് ഫീൽ ചെയ്യും. നഗരത്തിലെ തിരക്കിൽ 37.5 kmpl മൈലേജാണ് ഹണ്ടർ നൽകുന്നത്. ഹെഡ് ലൈറ്റ് ഇപ്പോൾ എൽഇഡി ലൈറ്റിലാണ് വരുന്നത്.
2025 മോഡൽ ഹണ്ടർ 350ന് കുറച്ച് പുതിയ കളർ ഓപ്ഷനുകൾ ലഭ്യമാണ്. യുഎസ്ബി സി ടൈപ്പ് ഫാസ്റ്റ് ചാർജർ, ട്രിപ്പർ നാവിഗേഷൻ എന്നിവയും ലഭിക്കുന്നു. ഈ സവിശേഷതകളിൽ ഭൂരിഭാഗവും ടോപ്പ് എൻഡ് വേരിയന്റിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഇതിൻ്റെ എക്സ് ഷോറൂം വില ഏകദേശം 1.82 ലക്ഷം രൂപയാണ്. മുൻ മോഡലിനേക്കാൾ 7000 രൂപയുടെ വർധനവ് കാണിക്കുന്നു. സിംഗിൾ ചാനൽ എബിഎസുള്ള എൻട്രി ലെവൽ ഹണ്ടർ 350ക്ക് 1.50 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.