രാജ്യത്ത് ഓഗസ്റ്റിൽ ഏറ്റവും വിറ്റഴിക്കപ്പെട്ട കാറായി മാരുതിയുടെ എർട്ടിഗ. കഴിഞ്ഞ മാസം വിറ്റഴിക്കപ്പെട്ട കാറുകളുടെ പട്ടിക പുറത്തുവിട്ടപ്പോഴാണ് കണക്ക് പുറത്തുവന്നത്. വിറ്റഴിക്കപ്പെട്ട പതിനഞ്ച് കാറുകളിൽ എട്ട് കാറുകളും മാരുതിയുടെ മോഡലുകളാണ്. മാരുതി എർട്ടിഗയ്ക്ക് പിന്നാലെ മാരുതി ഡിസയറാണ് രണ്ടാം സ്ഥാനത്ത്. അതേസമയം, എസ്‌യുവികളിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടത് ടാറ്റ നെക്സോണാണ്.
ജൂലൈ മാസത്തിലെ കണക്കിനേക്കാൾ 1800ലധികം കാറുകൾ വിറ്റഴിച്ചാണ് ഓഗസ്റ്റിൽ മാരുതി എർട്ടിഗ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നത്. ജൂലൈയിൽ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന ഡിസയർ ഇതോടെ രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങുകയായിരുന്നു. എന്നാൽ ഡിയർ 55 ശതമാനം വാർഷിക വളർച്ച (YoY) രേഖപ്പെടുത്തി.
16,000 യൂണിറ്റുകൾ വിറ്റഴിച്ച ഹ്യുണ്ടായി ക്രെറ്റയാണ് മൂന്നാമത്തെ ബെസ്റ്റ് സെല്ലിംഗ് കാർ. ക്രെറ്റയ്ക്ക് പ്രതിമാസ, വാർഷിക വിൽപ്പനയിൽ യഥാക്രമം ഏകദേശം ആറ് ശതമാനത്തിന്റെയും അഞ്ച് ശതമാനത്തിന്റെയും നെഗറ്റീവ് വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ മാസം മാരുതി 14,500ലധികം വാഗൺ ആർ ഹാച്ച്ബാക്ക് വിറ്റഴിച്ചു. പ്രതിമാസ ഡിമാൻഡ് സ്ഥിരമായി തുടർന്നെങ്കിലും, വാർഷിക വിൽപ്പന 12 ശതമാനം കുറവ് രേഖപ്പെടുത്തി.
ഓഗസ്റ്റിൽ ടാറ്റ നെക്‌സോൺ 384 യൂണിറ്റ് വിൽപ്പനയോടെ മാരുതി ബ്രെസയെ മറികടന്നു. മാസ, വാർഷിക വിൽപ്പനയിൽ യഥാക്രമം ഒൻപത് ശതമാനത്തിന്റെയും 14 ശതമാനത്തിന്റെയും വളർച്ചയാണ് രേഖപ്പെടുത്തിയത്. നെക്‌സോൺ ഇവി ഉൾപ്പെടെ 14,000 യൂണിറ്റിലധികം നെക്‌സോൺ ടാറ്റ ഓഗസ്റ്റിൽ വിറ്റഴിച്ചു. ഓഗസ്റ്റിൽ 13,600-ലധികം യൂണിറ്റുകൾ മാരുതി ബ്രെസ കയറ്റുമതി ചെയ്തു. പ്രതിമാസ വിൽപ്പനയിൽ മൂന്ന് ശതമാനം ഇടിവ് നേരിട്ടു എന്നു മാത്രമല്ല, വാർഷിക വിൽപ്പനയിൽ 29 ശതമാനം ഗണ്യമായ ഇടിവും നേരിട്ടു.