

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില കൂട്ടുമെന്ന പ്രഖ്യാപനവുമായി ബിവൈഡി. ഫ്‌ളാഗ്ഷിപ്പ് ഇലക്ട്രിക് എസ്യുവിയായ 'സീ ലയണ്‍ 7' നാണ് വില കൂടുക. ജനുവരി ഒന്ന് മുതല്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് വില വര്‍ധനവ് ബാധകമാകുക.
ഡിസംബര്‍ 31 ന് മുമ്പ് ബുക്ക് ചെയ്തവര്‍ക്ക് പഴയ വിലയില്‍ ഇവി സ്വന്തമാക്കാം. രണ്ട് വാരിയന്റുകളിലായാണ് സീ ലയണ്‍ എത്തുന്നത്. പ്രീമിയം വാരിയന്റിലുള്ള 82.56kWh മോഡലിന് 48,90,000 രൂപയാണ് എക്‌സ് ഷോറൂം വില. പെര്‍ഫോമന്‍സ് വാരിയന്റിലുള്ള മോഡലിന്റെ വില 54,90,000.
2025-ലെ ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ അവതരിപ്പിച്ച ശേഷം ചുരുങ്ങിയ സമയം കൊണ്ട് 2,000 യൂണിറ്റിലധികം വിറ്റഴിച്ച മോഡലാണ് സീ ലയണ്‍ 7. iTAC (Intelligence Torque Adaption Control), CTB (Cell-to-Body) സാങ്കേതികവിദ്യ, സുരക്ഷയില്‍ 5-സ്റ്റാര്‍ NCAP റേറ്റിംഗ് എന്നിവയാണ് ഈ മോഡലിന്റെ പ്രത്യേകത.
ബിവൈഡിയുടെ ഏറ്റവും പുതിയ സുരക്ഷിതവും കാര്യക്ഷമവുമായ ബ്ലേഡ് ബാറ്ററിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. മികച്ച ട്രാക്ഷനും നിയന്ത്രണവും നല്‍കുന്നതിനുള്ള അഡ്വാന്‍സ്ഡ് ടോര്‍ക്ക് അഡാപ്‌റ്റേഷന്‍ കണ്‍ട്രോള്‍ സംവിധാനവുമാണ് iTAC വാഗ്ദാനം ചെയ്യുന്നത്.
പ്രീമിയം വേരിയന്റിന്റെ സവിശേഷതകള്‍:
പവര്‍: 230 kW
ടോര്‍ക്ക്: 380 Nm
ആക്‌സിലറേഷന്‍ (0-100kmph): 6.7 സെക്കന്റ്
റേഞ്ച്: 567 കിലോമീറ്റര്‍
പെര്‍ഫോമന്‍സ് വേരിയന്റ് സവിശേഷതകള്‍:
പവര്‍: 390 kW
ടോര്‍ക്ക്: 690 Nm
ആക്‌സിലറേഷന്‍ (0-100kmph): 4.5 സെക്കന്റ്
റേഞ്ച്: 542 കിലോമീറ്റര്‍
ബാറ്ററി ശേഷി: 82.56 kWh