ഇന്ത്യ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ദേശീയ പതാക ഉയർത്തിയും, സ്വാതന്ത്ര്യസമരസേനാനികളെ അനുസ്മരിച്ചും ദേശഭക്തി ഗാനങ്ങൾ ആലപിച്ചും സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കുകയാണ്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിദ്യാർഥികളൊക്കെ ദേശീയ പതാകയേന്തി സ്കൂളുകളിലെത്താറുണ്ട്.
നിരത്തിലിറങ്ങുന്ന ഒട്ടുമിക്ക വാഹനങ്ങളിലും ദേശീയ പതാക പാറിപ്പറക്കാറുണ്ട്. ദേശസ്നേഹത്തിൻ്റെ പേരിൽ കാറിലും ബസിലുമൊക്കദേശീയ പതാക വയ്ക്കുന്നവർ ആലോചിക്കേണ്ട ചില കാര്യങ്ങൾ കൂടി ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.
2002 ലെ ഇന്ത്യൻ പതാക നിയമത്തിലെ സെക്ഷൻ 3.44 പ്രകാരം മോട്ടോർ വാഹനങ്ങളിൽ ദേശീയ പതാക പ്രദർശിപ്പിക്കുന്നതിനുള്ള അവകാശം താഴെ പറയുന്ന വ്യക്തികൾക്ക് മാത്രമാണ്.
രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണർ, ലെഫ്‌റ്റനൻ്റ് ഗവർണർ, പ്രധാനമന്ത്രി, ക്യാബിനറ്റ് മന്ത്രിമാർ, മുഖ്യമന്ത്രി, എന്നിവർക്ക് അവരുടെ വാഹനങ്ങളിൽ ദേശീയ പതാക ഉപയോഗിക്കാം. കൂടാതെ സംസ്ഥാന ക്യാബിനറ്റ് മന്ത്രിമാർ, സ്‌പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, മറ്റ് ജഡ്‌ജിമാർ എന്നിവർക്കും വാഹനങ്ങളിൽ ദേശീയ പതാക ഉപയോഗിക്കാം.
മറ്റാർക്കും വാഹനങ്ങളിൽ നേരിട്ട് ഇന്ത്യൻ ദേശീയ പതാക ഉപയോഗിക്കാൻ അനുവദനീയമല്ലെന്ന് നിയമം അനുശാസിക്കുന്നു.
ദേശീയ പതാക വാഹനങ്ങളുടെ ഹുഡ്, റൂഫ്, വശങ്ങൾ, വാഹനത്തിൻ്റെ പിൻഭാഗം, ട്രെയിൻ, ബോട്ട്, മുതലായവയിൽ പോലും ദേശീയ പതാക സ്റ്റിക്കറായി പോലും ഉപയോഗിക്കരുതെന്ന് നിയമം അനുശാസിക്കുന്നു. നിയമം നിലവിലുണ്ടെങ്കിലും ഇത്തരം പ്രവണത തുടരുന്നത് ദേശീയ പതാകയെ അപമാനിക്കുന്നതിന് തുല്യമായി കണക്കാക്കുന്നു.