മഴക്കാലമല്ലേ... ഇലക്ട്രിക് കാര്‍ ആണോ? എങ്കിൽ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

IP67 റേറ്റിങ്ങോട് കൂടിയ സുരക്ഷാ സംവിധാനങ്ങളോടെ തന്നെയാണ് ഇവി കാറുകള്‍ നിരത്തിലിറങ്ങുന്നത്. എങ്കിലും മഴക്കാലത്ത് ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്
EV Car charging image
ഇവി കാർ ചാർജിങ് (പ്രതീകാത്മക ചിത്രം)Source: X
Published on

മഴക്കാലം തുടങ്ങിയാല്‍ നമ്മുടെ ഭൂപ്രകൃതി അനുസരിച്ച് മിക്കയിടത്തും വെള്ളക്കെട്ടുകള്‍ രൂപപ്പെടും. അതും ചെറിയ വെള്ളക്കെട്ടുകള്‍ ഒന്നുമല്ല താനും. പല കാറുകളും പകുതിയും മുങ്ങി വെള്ളക്കെട്ടിലൂടെ പോകുന്നത് നമ്മള്‍ തന്നെ കാണാറില്ലേ... അപ്പോള്‍ വാഹനം ഇവി കൂടിയാണെങ്കിലോ? ഇവി കാറുകള്‍ തന്നെ സുരക്ഷ ഉറപ്പാക്കുന്നുണ്ടെങ്കിലും ചില കാര്യങ്ങള്‍ നമുക്കും ശ്രദ്ധിക്കാം.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇവി കാറുകളുടെയും സകൂട്ടറുകളുടെയും വില്‍പ്പന കൂടി വരികയാണ്. കൂടുതല്‍ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സമയമായതിനാല്‍ തന്നെ പുതുതായി ഇറങ്ങുന്ന കാറുകള്‍ ഒന്നിനൊന്ന് അപ്‌ഡേറ്റഡായി തന്നെയാണ് ഇറങ്ങുന്നത്. എന്നാല്‍ ചില കാര്യങ്ങള്‍ അപ്പോഴും നമ്മള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. അതില്‍ പ്രധാനമായും വാഹനത്തിന്റെ വൈദ്യുത സുരക്ഷിതത്വം തന്നെയാണ്. IP67 റേറ്റിങ്ങോട് കൂടിയ സുരക്ഷാ സംവിധാനങ്ങളോടെ തന്നെയാണ് ഇവി കാറുകള്‍ നിരത്തിലിറങ്ങുന്നത്. എന്നിരുന്നാലും ബാറ്ററിയും കണക്ടറുകളും ഡോറുകളിലും വിന്‍ഡോകളിലുംമുള്ള റബ്ബര്‍ സീലുകളും ഒക്കെ ഇടക്കിടെ പരിശോധിക്കുന്നത് നല്ലതാണ്. ഇത്തരം പ്രതലങ്ങളില്‍ വെള്ളത്തിന്റെ സാന്നിധ്യമോ ഈര്‍പ്പമോ തങ്ങി നില്‍ക്കുന്നത് ചില ഘട്ടങ്ങളില്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കിയേക്കാം.

EV Car charging image
മൈലേജിനേക്കാൾ മുൻ​ഗണന സുരക്ഷയ്ക്ക്! വാഹന പ്രേമികളുടെ താൽപ്പര്യങ്ങൾ മാറുന്നു?

ബാറ്ററി

ഒരു ഇലക്ട്രിക് കാറിനെ സംബന്ധിച്ചിടത്തോളം ബാറ്ററിയാണ് അതിന്റെ അടിസ്ഥാന ഘടകമെന്ന് പറയുന്നത്. മഴക്കാലമാകുമ്പോള്‍ പ്രത്യേകിച്ചും ബാറ്ററിയുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നത് നന്നായിരിക്കും. കാറില്‍ ബാറ്ററി സ്ഥിതി ചെയ്യുന്ന താഴ്ഭാഗത്ത് എന്തെങ്കിലും തരത്തില്‍ കേടുപാടുകളോ ഈര്‍പ്പം തങ്ങി നില്‍ക്കുന്ന സാഹചര്യമോ ഉണ്ടോ എന്നൊക്കെ ഇടക്കിടക്ക് നോക്കാവുന്നതാണ്. കാറിന്റെ കാര്‍പെറ്റ് ഇടുന്ന ഭാഗത്തും എന്തെങ്കിലും പൊട്ടലുകളോ മറ്റോ ഉണ്ടോ എന്നും ഇടയ്ക്കിടക്ക് പരിശോധിക്കേണ്ടതാണ്. എന്തെങ്കിലും പൊട്ടലുകളോ മറ്റോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ സര്‍വീസ് സെന്ററുമായി ബന്ധപ്പെടേണ്ടതാണ്.

ചാര്‍ജിങ്

ഇവി കാറുകള്‍ ചാര്‍ജ് ചെയ്യുന്ന സമയത്തും ശ്രദ്ധിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് മഴക്കാലത്ത് ചാര്‍ജ് ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ പ്ലഗ് ഉണങ്ങിക്കിടക്കുകയാണെന്ന് ഉറപ്പുവരുത്തുന്നത് നല്ലതായിരിക്കും. ഇവിയെ സംബന്ധിച്ചിടത്തോളം മഴക്കാലത്ത് പുറത്തുള്ള, തുറന്ന ചാര്‍ജിങ് സ്റ്റേഷനില്‍ നിന്ന് ചാര്‍ജ് ചെയ്യുന്നതിനേക്കാള്‍ ഗുണകരമാവുക വീട്ടില്‍ നിന്നോ മേല്‍ക്കൂരയുള്ള ചാര്‍ജിങ് സ്‌റ്റേഷനുകളില്‍ നിന്നോ ചാര്‍ജ് ചെയ്യുന്നതായിരിക്കും.

വാഹനത്തിന്റെ അടിഭാഗം

മഴക്കാലത്തെ ഓട്ടം കാരണം വാഹനത്തിന്റെ അടിഭാഗം എപ്പോഴും ചളിയും പൊടിയും നിറഞ്ഞിരിക്കും. ഇത് വണ്ടിയുടെ മെറ്റല്‍ ഭാഗം നശിക്കുന്നതിന് കാരണമായേക്കാം. നനഞ്ഞ സമയങ്ങളില്‍ വണ്ടിയുടെ ടയറുകളും ചിലപ്പോള്‍ മോശം കണ്ടീഷനില്‍ ആയേക്കാം. വാഹനത്തിന്റെ ഗ്രിപ്പും നിയന്ത്രണവും പരിശോധിക്കുന്നതും ടയറിലെ പ്രഷര്‍ പരിശോധിക്കുന്നതും മഴക്കാലത്ത് ടയര്‍ സ്ലിപ്പ് ആയി ഉണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും.

ടയര്‍

വാഹനങ്ങളിലെ ഇന്റീരിയര്‍ ആകാം ചിലപ്പോള്‍ നമ്മെ ആശങ്കപ്പെടുത്തുന്ന ഘടകം. വാഹനത്തിനുള്ളില്‍ റബ്ബര്‍ അല്ലെങ്കില്‍ വാട്ടര്‍ പ്രൂഫ് മാറ്റുകള്‍ വേണം വെക്കാന്‍. ഇത് കാര്‍പെറ്റ് നനയുന്നതില്‍ നിന്ന് ആശ്വാസം തരുന്നു. യാത്രകള്‍ക്ക് ശേഷം വാഹനത്തിനുള്ളിലെ നനഞ്ഞ വസ്തുക്കള്‍ കൃത്യമായി ഉണക്കി മാത്രം വാഹനത്തിനുള്ളില്‍ തിരിച്ചു വെക്കുക. ഇത് ദുര്‍ഗന്ധം ഒഴിവാക്കാനും മറ്റുഅപകടങ്ങള്‍ കുറയ്ക്കാനും സഹായിക്കും. ഇതിനൊക്കെ പുറമെയാണ് വീട്ടിലെ വൈദ്യുതി സുരക്ഷിതത്വം. ചാര്‍ജിങ് സോക്കറ്റ് കൃത്യമായി തന്നെ എര്‍ത്ത് ചെയ്തിട്ടില്ലേ എന്നും പരിശോധിക്കേണ്ടതാണ്. ഇടിമിന്നല്‍ ഉണ്ടാകുന്ന സമയങ്ങളില്‍ ചാര്‍ജിങ് ഒഴിവാക്കാനും ശ്രദ്ധിക്കേണ്ടതാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com