

ആദ്യ ഇലക്ട്രിക് വാഹനം പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ഇറ്റാലിയന്‍ ആഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ഫെരാരി. മികവില്‍ ഇലക്ട്രിക് കാറും പിന്നിലാകരുതെന്ന നിര്‍ബന്ധത്തിലാണ് കമ്പനി. ഇലക്ട്രിക് വാഹനത്തില്‍ പെട്രോള്‍ എഞ്ചിനുകളുടെ ശബ്ദമായിരിക്കും ഉണ്ടാകുക എന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് കമ്പനി ഇപ്പോള്‍. കൃത്രിമ എഞ്ചിന്‍ ശബ്ദം ഉപയോഗിക്കില്ലെന്നാണ് ഫെരാരിയുടെ നിലപാട്. ശബ്ദത്തിലല്ല, ബ്രാന്‍ഡിലാണ് കാര്യം എന്ന് വ്യക്തമാക്കിക്കൊണ്ട് യഥാര്‍ത്ഥ ശബ്ദം തന്നെ ഉപയോഗിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കൂടാതെ, പവര്‍ ഉത്പാദിപ്പിക്കുന്ന യൂണിറ്റുകള്‍ പുറപ്പെടുവിക്കുന്ന ശബ്ദം കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.
ഫെരാരിയുടെ സ്പോര്‍ട്സ് കാറുകളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം അവയുടെ എക്സ്ഹോസ്റ്റ് സൗണ്ടാണ്. ഇലക്ട്രിക് വാഹനവുമായി ഫെരാരി എത്തുമ്പോള്‍ ഈ ശബ്ദത്തിന്റെ അഭാവമാകും വാഹനപ്രേമികള്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുക. ഇത് വില്‍പ്പനയെ പ്രതികൂലമായി ബാധിക്കുമെന്നും ഫെരാരിയെ ആശങ്കപ്പെടുത്തുന്നുണ്ട്.
പെര്‍ഫോമന്‍സ് കാറുകളില്‍ ഉപയോഗിക്കുന്ന പെട്രോള്‍ എഞ്ചിന്റെ മുഴങ്ങുന്ന ശബ്ദത്തിന് തുല്യമായ ശബ്ദം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നല്‍കാന്‍ ഇതുവരെ വാഹനനിര്‍മാതാക്കള്‍ക്ക് സാധിച്ചിട്ടില്ല. ഫെരാരിയുടെ പ്രഖ്യാപനം യാഥാര്‍ത്ഥ്യമായാല്‍ വാഹന നിര്‍മാണ രംഗത്തെ വന്‍ ചുവടുവെപ്പാകും അത്.
ഇതുവരെ, വാഹന നിര്‍മ്മാതാക്കള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ശരിയായ ശബ്ദം നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഡോഡ്ജ് അവരുടെ ഇവികള്‍ക്കായി 'ഫ്രാറ്റ്സോണിക് ചേംബര്‍ഡ് എക്സ്ഹോസ്റ്റ്' എന്ന് വിളിക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് ശരിയായ ശബ്ദം സൃഷ്ടിക്കാന്‍ ശ്രമിച്ചു. മറ്റ് ചിലരാകട്ടെ ഇലക്ട്രിക് മോട്ടോറുകളുടെ ശബ്ദം അതുപോലെ നിലനിര്‍ത്തി. പക്ഷെ, ഫെരാരി വ്യത്യസ്ത സമീപനമാണ് സ്വീകരിച്ചത്.
ഇലക്ട്രിക് ഗിറ്റാറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഡ്രൈവ്‌ട്രെയിന്‍ ഘടകങ്ങളുടെ വൈബ്രേഷന്‍ പിടിച്ചെടുത്ത് ആംപ്ലിഫൈ ചെയ്ത് പുറത്തുവിടാനാണ് ഫെരാരി ശ്രമിക്കുന്നത്. പിന്‍ ആക്‌സിലില്‍ സ്ഥാപിച്ചിട്ടുള്ള ആക്സിലറോമീറ്റര്‍ ഉപയോഗിച്ച് ഡ്രൈവ് യൂണിറ്റില്‍ നിന്നുള്ള പ്രകമ്പനങ്ങള്‍ പിടിച്ചെടുക്കുന്ന സാങ്കേതിക വിദ്യയാണിത്. ഇങ്ങനെ ലഭിക്കുന്ന സിഗ്‌നലുകള്‍ വലുതാക്കി, ഇലക്ട്രിക് മോട്ടോറിന്റെ ശബ്ദവുമായി യോജിപ്പിച്ച് പുറത്തുവിടുകയാണ് ചെയ്യുക.
കൃത്രിമമായ ശബ്ദങ്ങളോ പെട്രോള്‍ എഞ്ചിന്റെ ശബ്ദമോ അനുകരിക്കാതെ, ഇലക്ട്രിക് പവര്‍ട്രെയിന്റെ തനതായതും എന്നാല്‍ മെച്ചപ്പെടുത്തിയതുമായ ശബ്ദം നല്‍കാനാണ് ഫെരാരി ഈ സാങ്കേതികവിദ്യയിലൂടെ ലക്ഷ്യമിടുന്നത്.