വാഹനപ്രേമികൾ കാത്തിരുന്ന ജീപ്പ് ഗ്രാൻഡ് ചെറോക്കി സിഗ്നേച്ചർ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ച് ജീപ്പ് ഇന്ത്യ. സ്റ്റാൻഡേർഡ് ചെറോക്കിയെക്കാൾ നിരവധി അധിക സവിശേഷതകളും ആക്സസറികളും ഈ ലിമിറ്റഡ് റൺ മോഡലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജീപ്പ് ചെറോക്കി ലിമിറ്റഡ് (O) വേരിയന്റിനേക്കാൾ വെറും 1.54 ലക്ഷം രൂപ മാത്രം, അതായത് 69.04 ലക്ഷം രൂപയ്ക്കാണ് (എക്സ്-ഷോറൂം) ഗ്രാൻഡ് ചെറോക്കി സിഗ്നേച്ചർ എഡിഷൻ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്.
സ്റ്റാൻഡേർഡ് പതിപ്പിലുള്ള അതേ എഞ്ചിൻ തന്നെയാണ് ജീപ്പ് ഗ്രാൻഡ് ചെറോക്കി സിഗ്നേച്ചർ എഡിഷനിലുമുള്ളത്. 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ചേർന്ന് 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഇതിലുള്ളത്. 268 എച്ച്പി പവറും 400 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ ഈ യൂണിറ്റ് ട്യൂൺ ചെയ്തിട്ടുണ്ട്. എസ്‌യുവിയുടെ ഓഫ്-റോഡ് കഴിവുകൾ എടുത്തുകാണിച്ചുകൊണ്ട്, പവർ നാല് വീലുകളിലും വമ്പൻ പവർ നൽകാനും കമ്പനി ശ്രദ്ധിച്ചിട്ടുണ്ട്.
ഇന്റീരിയറിലെ സവിശേഷതകൾ തന്നെയാണ് ജീപ്പ് ഗ്രാൻഡ് ചെറോക്കി സിഗ്നേച്ചർ എഡിഷൻ്റെ മാറ്റ് കൂട്ടുന്നത്. ഡബിൾ പിൻ സീറ്റ് എന്റർടൈൻമെന്റ് സിസ്റ്റവും വാഹനത്തിലുണ്ട്. ഇതിൽ ഐപിഎസ് പാനലുകൾ, ബിൽറ്റ്-ഇൻ സ്പീക്കറുകൾ, ബ്ലൂടൂത്ത്, AUX കണക്റ്റിവിറ്റി ഓപ്ഷനുകൾ എന്നിവയുള്ള രണ്ട് 11.6 ഇഞ്ച് ആൻഡ്രോയിഡ് അധിഷ്ഠിത സ്‌ക്രീനുകൾ ഉൾപ്പെടുന്നു. അധിക സുരക്ഷയ്ക്കായി മുന്നിലും പിന്നിലും ഡാഷ് ക്യാമറകളും ഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ മോട്ടോറൈസ്ഡ് സൈഡ് സ്റ്റെപ്പുകളും ചെറോക്കി സിഗ്നേച്ചർ എഡിഷനിൽ സജ്ജീകരിച്ചിരിക്കുന്നു.
ലിമിറ്റഡ് (O) വേരിയന്റിന്റെ അതേ ഡിസൈൻ തന്നെയാണ് 5 സീറ്റർ എസ്‌യുവിയിലും നിലനിർത്തിയിരിക്കുന്നത്. ബോക്സി സിലൗറ്റ്, ക്ലാംഷെൽ ബോണറ്റ്, വെർട്ടിക്കൽ സെവൻ-സ്ലാറ്റ് ഗ്രിൽ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. സ്റ്റാൻഡേർഡ് പതിപ്പിന് സമാനമായി തന്നെയാണ് ഗ്രാൻഡ് ചെറോക്കി സിഗ്നേച്ചർ എഡിഷന്റെ ഇന്റീരിയർ ലേഔട്ട് സജ്ജീകരിച്ചിരിക്കുന്നത്.
69.04 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിലാണ് ജീപ്പ് ഗ്രാൻഡ് ചെറോക്കി സിഗ്നേച്ചർ എഡിഷൻ ഇന്ത്യയിൽ പുറത്തിറങ്ങിയിരിക്കുന്നത്. മെഴ്‌സിഡസ് ബെൻസ് GLE, വോൾവോ XC90, BMW X5, ഓഡി Q7 എന്നിവയാണ് ഇന്ത്യൻ വിപണിയിൽ ജീപ്പ് എസ്‌യുവിയുടെ എതിരാളികൾ.