
പുതുതായി ലോഞ്ച് ചെയ്ത കിയ കാരെന്‍സ് ക്ലാവിസ്, ക്ലാവിസ് ഇവി മോഡലുകള്‍ ഇന്ത്യയില്‍ നാല് മാസത്തിനുള്ളില്‍ ബുക്ക് ചെയ്തത് 21,000 പേര്‍. 20,000 ത്തിലധികം പേര്‍ കാരെന്‍സ് ക്ലാവിസും 1000 ലധികം പേര്‍ ക്ലാവിസ് ഇവിയും ബുക്ക് ചെയ്‌തെന്നാണ് കിയയുടെ കണക്ക്. ചെറിയ കാലയളവിനുള്ളില്‍ ഇത്രയും വലിയ നേട്ടം ഉണ്ടാക്കാനായതിന്റെ സന്തോഷം പങ്കുവെക്കുകയാണ് കിയ ഇന്ത്യയുടെ ചീഫ് സെയില്‍സ് ഓഫീസര്‍ ജൂന്‍സു ചോ.
ക്ലാവിസ് ഇവി മോഡലുകള്‍ക്ക് കിട്ടുന്ന മികച്ച പ്രതികരണങ്ങള്‍ ഏറെ സന്തോഷിപ്പിക്കുന്നതാണെന്ന് ഇന്ത്യയിലെ ജൂന്‍സു ചോ പറഞ്ഞു. 6 സീറ്റര്‍, 7 സീറ്റര്‍ മോഡലുകളില്‍ ലഭ്യമായ ക്ലാവിസ് ഇവി ഇന്ത്യയിലെ ആധുനിക കുടുംബങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടാണ് വിപണിയിലിറക്കിയിരിക്കുന്നത്.
എസ്‌യുവി എംപിവിക്ക് സമാനമായ കംഫര്‍ട്ടും സ്‌ട്രെങ്ത്തും നല്‍കുന്നുണ്ട്. മൂന്ന് റോകളുള്ള എസ് യു വിയുടെ രണ്ടാമത്തെ നിര സീറ്റുകള്‍ ഒതുക്കി വെക്കാന്‍ ഒറ്റ സ്വിച്ചമര്‍ത്തിയാല്‍ മതി. രണ്ടാം നിര ചരിക്കാനും കിടത്താനും സാധിക്കും. പ്രീമിയം, ടെക്ക് ഫോര്‍വാര്‍ഡ് ക്യാബിനും ഡുവല്‍ പനോരമിക് 26.62 സെന്റിമീറ്റര്‍ വരുന്ന ഡിസ്‌പ്ലേയും ഒപ്പം ഇന്‍ഫോര്‍ട്ടൈന്‍മെന്റും നല്‍കുന്നു.
കിയ ടോപ് എന്‍ഡ് വേരിയന്റിന് ബോസിന്റെ 8-സ്പീക്കര്‍ സിസ്റ്റവും 64 കളര്‍ ആംബിയന്റ് ലൈറ്റിങ്ങും ഡുവല്‍ ഡാഷ് കാം തുടങ്ങി നരിവധി കണ്ണഞ്ചിപ്പിക്കുന്ന ഫീച്ചറുകളും നല്‍കിയിട്ടുണ്ട്.
കാരെന്‍സ് ക്ലാവിസ് ഇവി കിയയുടെ ആദ്യത്തെ ഇന്ത്യന്‍ നിര്‍മിത ഇലക്ട്രിക് വാഹനമാണ്. പുത്തന്‍ മാറ്റങ്ങള്‍ നിരന്തരമായി വരുന്ന ഇവി വാഹന സാങ്കേതിക വിദ്യയില്‍ ഇവി ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായാണ് കിയ കാരെന്‍സ് ക്ലാവിസ് ഇവി ഇറക്കിയിരിക്കുന്നത്.
സ്‌പേഷ്യസ് ആയ ഡിസൈനില്‍ മികച്ച ഫീച്ചറുകളാണ് ഇവിയ്ക്കും കിയ നല്‍കിയിരിക്കുന്നത്. ഇവിക്ക് 171 പിഎസ് മോട്ടോറും 255 എന്‍എം ടോര്‍ക്കുമാണുള്ളത്. 7 സീറ്റര്‍ ഇവിക്ക് ക്ലാവിസ് ഐസിഇ മോഡലിനോട് സമാനമായ എക്‌സ്പീരിയന്‍സാണ് ഉള്ളത്. 67.62 സെന്റിമീറ്റര്‍ ഡുവല്‍ പനോരമിക് ഡിസ്‌പ്ലേ നല്‍കുന്ന ക്ലാവിസ് ഇവിക്ക് രണ്ട് ബാറ്ററി ഓപ്ഷനുകളാണ് ഉള്ളത്. 51.4 കിലോവാട്ട് (490 കിലോമീറ്റര്‍ റേഞ്ച്), 42 കിലോവാട്ട് ( 404 കിലോമീറ്റര്‍ റേഞ്ച്) എന്നിങ്ങനെയാണ് ബാറ്ററി പാക്ക്‌സ്. 10% മുതല്‍ 80% ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട് ചെയ്യുന്നു. 17.99 ലക്ഷം മുതല്‍ 24.49 ലക്ഷം രൂപ വരെയാണ് വില.