ഇനി കളി മാറും! നെക്സോണിന് വെല്ലുവിളിയുമായി കിയ 'സിറോസ് ഇവി' വിപണിയിലേക്ക്

ചെറിയ ബാറ്ററി മോഡലിൽ 443 കിലോമീറ്ററും, വലിയ ബാറ്ററി മോഡലിൽ ഒറ്റ ചാർജിൽ 526 കിലോമീറ്ററും ദൂരം യാത്ര ചെയ്യാം
Kia Syros EV
Kia Syros EV
Published on
Updated on

ഇന്ത്യൻ ഇലക്ട്രിക് കാർ വിപണി പിടിച്ചടക്കാൻ പ്രമുഖ കമ്പനിയായ കിയ തങ്ങളുടെ പുതിയ കോംപാക്ട് ഇലക്ട്രിക് എസ്‌യുവിയായ സിറോസ് ഇവി പുറത്തിറക്കി. നഗരങ്ങളിൽ എളുപ്പത്തിൽ ഓടിക്കാൻ പറ്റിയ വലിപ്പവും മികച്ച ഫീച്ചറുകളുമാണ് ഈ വണ്ടിയുടെ പ്രധാന ആകർഷണം. വിപണിയിൽ എത്തുമ്പോൾ ഇതിന് ഏകദേശം 15 ലക്ഷം രൂപ മുതൽ വില പ്രതീക്ഷിക്കാം. നിലവിൽ വിപണി ഭരിക്കുന്ന ടാറ്റ നെക്സോൺ ഇവി, മഹീന്ദ്ര XUV 3XO എന്നീ വാഹനങ്ങൾക്ക് വെല്ലുവിളി ഉയർത്തിയാണ് കിയ സിറോസ് ഇവിയുടെ വരവ്.

കിയ സിറോസ് ഇവി രണ്ട് വേരിയന്റുകളിൽ ലഭിക്കും. ചെറിയ ബാറ്ററി മോഡലിൽ 443 കിലോമീറ്ററും, വലിയ ബാറ്ററി മോഡലിൽ ഒറ്റ ചാർജിൽ 526 കിലോമീറ്ററും ദൂരം യാത്ര ചെയ്യാം. 100kW ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിക്കുമ്പോൾ വെറും 39 മിനിറ്റ് കൊണ്ട് വണ്ടിയുടെ ബാറ്ററി 10%-ൽ നിന്നും 80% വരെ ചാർജ് ചെയ്യാം. വലിയ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, സുരക്ഷയ്ക്കായി 6 എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, അത്യാധുനിക അസിസ്റ്റൻസ് സിസ്റ്റം (ADAS) എന്നിവയുൾപ്പെടുത്തിയിരിക്കുന്നു.

ഏറ്റവും കുറഞ്ഞ വിലയിലുള്ള അടിസ്ഥാന വേരിയന്റായ HTK-യിലും മികച്ച ഫീച്ചറുകളാണ് കിയ നൽകിയിരിക്കുന്നത്. വാഹനത്തിന് പ്രീമിയം ലുക്ക് നൽകുവാനായി സ്റ്റാർ മാപ്പ് എൽഇഡി ഡിആർഎല്ലുകൾ, ഐസ് ക്യൂബ് എൽഇഡി ഹെഡ്‌ലാമ്പുകൾ, സ്റ്റാർ മാപ്പ് എൽഇഡി ടെയിൽ ലാമ്പുകൾ, എൽഇഡി ഫ്രണ്ട് ഫോഗ് ലാമ്പുകൾ, ഉയർന്ന നിലവാരമുള്ള എൽഇഡി സ്റ്റോപ്പ് ലാമ്പ് എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. യാത്രക്കാരുടെ ഫോണുകളും മറ്റും വേഗത്തിൽ ചാർജ് ചെയ്യാൻ ടൈപ്പ്-സി യുഎസ്ബി പോർട്ടുകൾ (Type-C USB ports) ലഭ്യമാണ്. പിൻസീറ്റിലിരിക്കുന്നവർക്കും മികച്ച തണുപ്പ് ഉറപ്പാക്കാൻ റിയർ എസി വെന്റുകൾ നൽകിയിട്ടുണ്ട്.

ഡ്രൈവിംഗ് എളുപ്പമാക്കാൻ പാഡിൽ ഷിഫ്റ്ററുകൾ നൽകിയിട്ടുണ്ട്. അത്യാധുനിക ഷിഫ്റ്റ്-ബൈ-വയർ സെലക്ടർ സിസ്റ്റം, സുഗമമായ ഡ്രൈവിംഗിനായി ഇലക്ട്രിക് പവർ സ്റ്റിയറിംഗ്, ട്രാഫിക്കിലും മറ്റും ഏറെ ഉപകാരപ്രദമാകുന്ന ഓട്ടോ ഹോൾഡ് ഫീച്ചറോടുകൂടിയ ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക് എന്നിവയും കിയ ഒരുക്കിയിട്ടുണ്ട്. ചുരുക്കത്തിൽ, മികച്ച ലുക്കും വലിയ റേഞ്ചുമുള്ള ഒരു ഇലക്ട്രിക് കാർ ബഡ്ജറ്റ് വിലയിൽ ആഗ്രഹിക്കുന്നവർക്ക് കിയ സിറോസ് ഇവി നല്ലൊരു ചോയിസ് ആയിരിക്കും.

News Malayalam 24x7
newsmalayalam.com