പണമില്ലെങ്കില്‍ ലേലത്തിന് നില്‍ക്കരുത്; 1.17 കോടി രൂപയ്ക്ക് 'HR88B8888' ഫാന്‍സി നമ്പര്‍ ലേലം വിളിച്ചയാള്‍ക്കെതിരെ അന്വേഷണം

സുധീര്‍ കുമാര്‍ എന്നയാളാണ് റെക്കോര്‍ഡ് തുകയ്ക്ക് 'HR88B8888' നമ്പര്‍ പ്ലേറ്റ് ലേലത്തില്‍ വിളിച്ചത്
HR88B8888 fancy number price
AI generated image
Published on
Updated on

ചണ്ഡീഗഡ്: 1.17 കോടി രൂപയ്ക്ക് ഫാന്‍സി നമ്പരായ 'HR88B8888' ലേലത്തില്‍ വിളിക്കുകയും പിന്നീട് പണം നല്‍കാതിരിക്കുകയും ചെയ്തയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ച് ഹരിയാന സര്‍ക്കാര്‍. സുധീര്‍ കുമാര്‍ എന്നയാളാണ് റെക്കോര്‍ഡ് തുകയ്ക്ക് 'HR88B8888' നമ്പര്‍ പ്ലേറ്റ് ലേലത്തില്‍ വിളിച്ചത്.

ഇയാളുടെ സ്വത്ത് വിവരങ്ങള്‍ അന്വേഷിക്കണമെന്നാണ് ഹരിയാന ഗതാഗത മന്ത്രി അനില്‍ വിജ് ഉത്തരവിട്ടിരിക്കുന്നത്. സുധീര്‍ കുമാറിന്റെ സ്വത്ത് വിവരവും വരുമാനവും സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ഉത്തരവില്‍ പറയുന്നു. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സര്‍വീസ് സ്ഥാപനമായ റോമുലസ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറാണ് സുധീര്‍ കുമാര്‍.

വിഐപി നമ്പര്‍ പ്ലേറ്റുകള്‍ ലേലത്തിലൂടെയാണ് നല്‍കുന്നത്. നിരവധി ആളുകള്‍ '8888' നമ്പരിനായി ലേലത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. സുധീര്‍ കുമാര്‍ ഭീമന്‍ തുകയ്ക്ക് ലേലം സ്വന്തമാക്കുകയും പിന്നീട് തുക നല്‍കാതിരിക്കുകയുമായിരുന്നു. പകരം, തന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയ 11,000 രൂപ കണ്ടുകെട്ടാന്‍ അദ്ദേഹം അനുവദിച്ചു.

HR88B8888 fancy number price
1.17 കോടി രൂപ നല്‍കിയില്ല; HR88B8888 നമ്പര്‍ പ്ലേറ്റിനായി വീണ്ടും ലേലം

സുധീര്‍ കുമാറിന് 1.17 കോടി രൂപ നല്‍കാനുള്ള ആസ്തിയുണ്ടോയെന്ന് അന്വേഷിക്കാനാണ് മന്ത്രി ഉത്തരവിട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഇന്‍കം ടാക്‌സ് വകുപ്പിന് കത്തെഴുതുമെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക ശേഷിയില്ലാതെ നമ്പര്‍ പ്ലേറ്റിന്റെ വില വര്‍ദ്ധിപ്പിക്കുന്നതില്‍ നിന്ന് ലേലക്കാരെ തടയുന്നതിനാണിതെന്നും അദ്ദേഹം പറഞ്ഞു.

ലേലം വിളിക്കുന്നത് ഹോബിയല്ല, ഉത്തരവാദിത്തത്തോടെ ചെയ്യേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും സുധീര്‍ കുമാര്‍ പണം നല്‍കില്ലെന്ന് വ്യക്തമാക്കിയതോടെ 'HR88B8888' നമ്പരിനായി വീണ്ടും ലേലം നടത്താനാണ് തീരുമാനം.

HR88B8888 fancy number price
ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഫാൻസി വാഹന രജിസ്ട്രേഷൻ നമ്പറായി 'HR88B8888'; വിറ്റഴിച്ച തുക അറിയണോ?

കഴിഞ്ഞയാഴ്ചയാണ് 'HR88B8888' നമ്പരിനു വേണ്ടി ശക്തമായ ലേലം വിളി ഉണ്ടായത്. 45 പേരാണ് ഈ നമ്പരിനു വേണ്ടി അപേക്ഷിച്ചത്. 50,000 രൂപയ്ക്ക് ആരംഭിച്ച ലേലം വിളി 1.17 കോടി രൂപയിലാണ് അവസാനിച്ചത്.

പണം അടക്കാനുള്ള അവസാന തീയതി ഡിസംബര്‍ 1 ആയിരുന്നു. എന്നാല്‍, ഈ സമയത്തിനുള്ളില്‍ തുക നല്‍കാന്‍ സുധീര്‍ കുമാറിനായില്ല. ശനിയാഴ്ച രാത്രി പണം കെട്ടിവെക്കാന്‍ ഓണ്‍ലൈനില്‍ രണ്ട് തവണ ശ്രമിച്ചെങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍ മൂലം സാധിച്ചില്ലെന്നായിരുന്നു സുധീര്‍ കുമാര്‍ ആദ്യം പറഞ്ഞത്. മാത്രമല്ല, ഇത്ര വലിയ തുകയ്ക്ക് ഒരു നമ്പര്‍ പ്ലേറ്റ് സ്വന്തമാക്കുന്നതില്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com