വാഹന വിപണിയിൽ കാലങ്ങളായി ആധിപത്യം തെളിയിച്ച കമ്പനിയാണ് ഹ്യുണ്ടായ്. ക്രെറ്റ ഇറക്കിയതോടെ അത് വീണ്ടും ശക്തിയാർജിച്ചു. വാഹനപ്രേമികളുടെ ഇഷ്ടലിസ്റ്റിൽ ഇടം നേടിയ വണ്ടികളിലൊന്നാണ് ക്രെറ്റ. നിലവിലെ വിൽപ്പനയ്ക്കു പുറമേ ഇപ്പോഴിതാ വിപണിയിൽ വീണ്ടും കരുത്ത് തെളിയിക്കുകയാണ് ഹ്യുണ്ടായ് ക്രെറ്റ.
ഇന്ത്യയിലെ ഏറ്റവും ജനപ്രിയ എസ്‌യുവികളിൽ ഒന്നായ ഹ്യുണ്ടായി ക്രെറ്റയുടെ പെട്രോൾ വേരിയന്റിനാണ് ഡീസലിനേക്കാൾ ആവശ്യക്കാരേറെ. നിലവിൽ, ക്രെറ്റയുടെ വിൽപ്പന അനുപാതം പെട്രോളും ഡീസലും തമ്മിൽ ഏകദേശം 60:40 ആണ്. നിലവിൽ 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ടർബോ GDi പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് ഹ്യുണ്ടായി ക്രെറ്റ ലഭ്യമാകുന്നത് .
എല്ലാ എഞ്ചിനുകളും മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ലഭ്യമാണ് എന്ന സൗകര്യവും ക്രെറ്റയ്ക്കുണ്ട്. പെട്രോൾ-പവർ മോഡലുകൾക്ക് അനുകൂലമായ ഡിമാൻഡിനൊപ്പം ഈ കോംപാക്റ്റ് എസ്‌യുവിയുടെ ടോപ്പ്-സ്പെക്ക് വേരിയന്റുകൾക്കും കൂടുതൽ ഡിമാൻഡ് ഉണ്ടെന്ന് ഹ്യുണ്ടായി മോട്ടോർ ഇന്ത്യയുടെ സിഒഒ തരുൺ ഗാർഗ് പറയുന്നു.
കമ്പനി പുറത്തുവിട്ട കണക്കുകളനുസരിച്ച് മഹാരാഷ്ട്രയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പെട്രോൾ വേരിയന്റുകൾക്ക് ഡിമാൻഡ് കുത്തനെ വർധിച്ചുവരികയാണ്. ജിഎസ്ടി വില കുറച്ചതോടെ നഗരപ്രദേശങ്ങളിൽ ആവശ്യക്കാരേറെയാകാനാണ് സാധ്യത. തെലങ്കാന, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് ഡീസൽ വേരിയന്റുകൾക്ക് ഏറ്റവും കൂടുതൽ ഡിമാൻഡ് ലഭിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തോളമായി ഗ്രാമപ്രദേശങ്ങളിലാണ് വിൽപന കൂടുതലും.
ഹ്യുണ്ടായ് ക്രെറ്റയ്ക്ക് പുറമേ, ഹ്യുണ്ടായി വെന്യുവിന് ഇപ്പോൾ 1.23 ലക്ഷം രൂപ വരെ വിലക്കുറവുണ്ട് . വെന്യു എൻ ലൈനിന് 1.19 ലക്ഷം രൂപ വരെ വിലകുറയുന്നു. ഐ20 യ്ക്കും 98,000 രൂപ വരെ വിലക്കിഴിവുണ്ട്. ഐ20 എൻ ലൈനിനും 1.08 ലക്ഷം രൂപ വരെ വിലക്കുറവ് നൽകുന്നു. ഹ്യുണ്ടായി ക്രെറ്റയുടെ പെട്രോൾ വകഭേദങ്ങൾ ഇപ്പോൾ കൂടുതൽ ഉപഭോക്താക്കളെ നേടുന്നുവെങ്കിലും, ചില സംസ്ഥാനങ്ങളിൽ ഡീസൽ വേരിയന്റിന് ഡിമാൻഡ് ശക്തമായി തുടരുന്നു.
ജിഎസ്ടി വിലക്കുറവും ഉത്സവ പതിപ്പുകളും കാരണം ഹ്യുണ്ടായി വാഹനങ്ങളുടെ മൂല്യം കൂടുതൽ വർദ്ധിച്ചു എന്നും കമ്പനി പറയുന്നു. ഉത്സവ സീസൺ ആഘോഷിക്കുന്നതിനായി, അൽകാസർ, i20, ക്രെറ്റ ഇലക്ട്രിക് എന്നിവയുടെ നൈറ്റ് എഡിഷനുകളും ഹ്യുണ്ടായി പുറത്തിറക്കി. കൂടാതെ, ക്രെറ്റയുടെ 10 വർഷം ആഘോഷിക്കുന്നതിനോടൊപ്പം ക്രെറ്റ കിംഗ്, ക്രെറ്റ കിംഗ് നൈറ്റ്, ക്രെറ്റ കിംഗ് ലിമിറ്റഡ് എഡിഷൻ എന്നിവയും ഇറക്കുകയാണ്.