

ഡൽഹി: മൂന്ന് കോടി യൂണിറ്റ് ആഭ്യന്തര വിൽപ്പന കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ യാത്രാ വാഹന നിർമാതാവായി മാറി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. 1983 ഡിസംബർ 14ന് ആദ്യത്തെ കാറായ മാരുതി 800 വിൽപ്പന നടത്തിയതിന് ശേഷം 42 വർഷത്തിനുള്ളിലാണ് കമ്പനി ഈ നേട്ടം കൈവരിച്ചത്.
ആദ്യത്തെ ഒരു കോടി യൂണിറ്റുകൾ വിൽക്കാൻ 28 വർഷവും രണ്ടു മാസവുമാണ് മാരുതി സുസുക്കി എടുത്തതെങ്കിൽ, രണ്ട് കോടിയിലേക്ക് എത്താൻ ഏഴു വർഷവും അഞ്ച് മാസവുമെടുത്തു. അതേസമയം മൂന്ന് കോടി ആഭ്യന്തര വിൽപ്പന എന്ന നാഴികക്കല്ലിലേക്ക് എത്താൻ പിന്നേയും ആറ് വർഷവും നാലു മാസവും അവർ കാത്തിരിക്കേണ്ടി വന്നിരുന്നു.
മാരുതി സുസുക്കി കമ്പനിയുടെ ഏറ്റവും ജനപ്രിയ മോഡലായി മാറിയത് ആൾട്ടോയാണ്. 47 ലക്ഷത്തിലധികം ആൾട്ടോ കാറുകളാണ് ഇതുവരെ കമ്പനി വിറ്റത്. 34 ലക്ഷത്തിലധികം യൂണിറ്റുകളുമായി വാഗൺ ആർ തൊട്ടുപിന്നിലും, 32 ലക്ഷത്തിലധികം യൂണിറ്റുകളുമായി സ്വിഫ്റ്റ് മൂന്നാമതുമെത്തി.
മാരുതി സുസുക്കി കാറുകളുടെ വിൽപ്പനയിൽ ബ്രെസ്സയും ഫ്രോങ്ക്സും മികച്ച 10 മോഡലുകളിൽ ഇടം നേടിയിട്ടുണ്ട്. നിലവിൽ മാരുതി സുസുക്കി ഇന്ത്യയിൽ മാത്രം 19 വാഹന മോഡലുകൾ വിൽക്കുന്നുണ്ട്. വ്യത്യസ്ത പവർ ട്രെയിൻ, ട്രാൻസ്മിഷൻ ഓപ്ഷനുകളിലായി 170ലധികം മോഡലുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇന്ത്യയിൽ മൂന്ന് കോടി ഉപഭോക്താക്കൾ മാരുതി സുസുക്കിയിൽ വിശ്വാസമർപ്പിച്ച് അവരുടെ മൊബിലിറ്റി എന്ന സ്വപ്നം സാക്ഷാത്കരിച്ചിട്ടുണ്ടെന്ന് ചിന്തിക്കുമ്പോൾ വിനയവും നന്ദിയും മനസിൽ നിറയുകയാണെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിൻ്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഹിസാഷി ടകേച്ചി പറഞ്ഞു.
"എന്നിരുന്നാലും രാജ്യത്ത് 1000 ആളുകൾക്ക് ഏകദേശം 33 വാഹനങ്ങൾ എന്ന നിരക്കിലേക്ക് കാർ വിപണിയിൽ വർധനവ് രേഖപ്പെടുത്തുന്നതിനാൽ, ഞങ്ങളുടെ യാത്ര അവസാനിച്ചിട്ടില്ലെന്ന് അറിയാം. മൊബിലിറ്റിയുടെ സന്തോഷം കഴിയുന്നത്ര ആളുകളിലേക്ക് എത്തിക്കുന്നതിനും, അതേ സമയം സമ്പദ്‌വ്യവസ്ഥയ്ക്കും പരിസ്ഥിതിക്കും മുതൽക്കൂട്ടായി മാറുന്നതിനും ഞങ്ങൾ സാധ്യമായ എല്ലാ ശ്രമങ്ങളും തുടരും," ഹിസാഷി ടകേച്ചി വ്യക്തമാക്കി.