വാഹന വിപണിയിലെ താരങ്ങളിലൊന്നാണ് മാരുതി സുസുക്കി ഇന്ത്യ ജിംനി എസ്‍യുവി. വില കാരണം ജിംനി സ്വന്തമാക്കാൻ മടിച്ചിരുന്നവർക്കായി ഞെട്ടിക്കുന്ന ഓഫറാണ് ഇപ്പോൾ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടാണ് കമ്പനി നേരിട്ട് ലഭ്യമാക്കുക. സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ജിഎസ്ടി സ്ലാബിന്റെ ആനുകൂല്യവും ഇതോടൊപ്പം ഉപഭോക്താക്കൾക്ക് ലഭിക്കും. കൂടാതെ സ്ക്രാച്ച് കാർഡുകളിൽ നിന്ന് 50,000 രൂപ നേടാനുള്ള അവസരവും.
എക്സ്ചേഞ്ച്, സ്ക്രാപ്പേജ് പോലുള്ള ബോണസുകൾ ഈ കാറിൽ ലഭ്യമാകില്ല. കമ്പനി അതിന്റെ ആൽഫ വേരിയന്റിൽ മാത്രമാണ് ഈ കിഴിവ് നൽകുന്നത്. നിലവിൽ 12.76 ലക്ഷം മുതൽ 14.96 ലക്ഷം രൂപ വരെയാണ് ജിംനിയുടെ എക്സ്-ഷോറൂം വില. വിപണിയിലെ മറ്റ് പ്രമുഖ എസ്‌യുവി മോഡലുകളോട് കിടപിടിക്കുന്ന നിവധി സവിശേഷതകൾ ജിംനിക്കും അവകാശപ്പെടാനുണ്ട്.
1.5 ലിറ്റർ ഫോർ-സിലിണ്ടർ K15B മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ105 bhp പവർ ഔട്ട്‌പുട്ടും 134 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇത് 5-സ്പീഡ് MT അല്ലെങ്കിൽ 4-സ്പീഡ് AT ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു. ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഓആർവിഎമ്മുകൾ, വാഷറുള്ള ഫ്രണ്ട്, റിയർ വൈപ്പർ, ഡേ ആൻഡ് നൈറ്റ് ഐആർവിഎം, പിഞ്ച് ഗാർഡുള്ള ഡ്രൈവർ-സൈഡ് പവർ വിൻഡോ ഓട്ടോ അപ്/ഡൗൺ, റീക്ലിനബിൾ ഫ്രണ്ട് സീറ്റുകൾ, മൗണ്ടഡ് കൺട്രോളുകളുള്ള മൾട്ടിഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ടിഎഫ്‍ടി കളർ ഡിസ്‌പ്ലേ, ഫ്രണ്ട്, റിയർ സീറ്റ് ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റുകൾ, ഫ്രണ്ട്, റിയർ വെൽഡഡ് ടോ ഹുക്കുകൾ തുടങ്ങിയ സവിശേഷതകൾ ഇതിലുണ്ട്.
സ്റ്റാൻഡേർഡ് ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, സൈഡ് ആൻഡ് കർട്ടൻ എയർബാഗുകൾ, ബ്രേക്ക് ലിമിറ്റഡ് സ്ലിപ്പ് ഡിഫറൻഷ്യൽ, ഇബിഡിയുള്ള ആന്റി-ലോക്ക് ബ്രേക്കുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ് കൺട്രോൾ, ഹിൽ ഡിസന്റ് കൺട്രോൾ, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, സൈഡ്-ഇംപാക്ട് ഡോർ ബീം, എഞ്ചിൻ ഇമ്മൊബിലൈസർ, ത്രീ പോയിന്റ് എമർജൻസി ലോക്കിംഗ് റിട്രാക്ടർ സീറ്റ് ബെൽറ്റ് തുടങ്ങിയ സവിശേഷതകൾ സുരക്ഷയ്ക്കായി ജിംനിയിലുണ്ട്.
സ്റ്റീൽ വീലുകൾ, ഡ്രിപ്പ് റെയിലുകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 7 ഇഞ്ച് സ്മാർട്ട്പ്ലേ പ്രോ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകളും ലഭിക്കുന്നു. ആൽഫ ഗ്രേഡ് അലോയ് വീലുകൾ, ബോഡി കളർ ഡോർ ഹാൻഡിലുകൾ, വാഷറുള്ള എൽഇഡി ഓട്ടോ ഹെഡ്‌ലാമ്പുകൾ, ഫോഗ് ലാമ്പുകൾ, കടും പച്ച ഗ്ലാസ്, പുഷ് ബട്ടൺ എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ്, ക്രൂയിസ് കൺട്രോൾ, ലെതർ സ്റ്റിയറിംഗ് വീൽ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 9 ഇഞ്ച് സ്മാർട്ട്പ്ലേ പ്രോ+ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആർക്കാമിസ് സറൗണ്ട് സൗണ്ട് എന്നിവയും ലഭ്യമാണ്.
നിലവിൽ കമ്പനി പ്രഖ്യാപിച്ചിരിക്കുന്ന കിഴിവുകൾ ലഭ്യമാകുമെങ്കിലും വിവിധ സംസ്ഥാനങ്ങൾ, വിതരണ സ്ഥാപനങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി അതിൽ വ്യത്യാസങ്ങൾ വന്നേക്കാം. ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ചാകും മാറ്റങ്ങൾ. അതുകൊണ്ട് ആനുകൂല്യങ്ങളെക്കുറിച്ച് നിങ്ങൾക്ക് സമീപിക്കാവുന്ന ഡീലറുമായി സംസാരിച്ച് വ്യക്തതവരുത്തേണ്ടതാണ്.