നിങ്ങള്‍ ചെറിയ കാറില്‍ നിന്നും അപ്‌ഗ്രേഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നുവോ? എങ്കില്‍ ഗ്രാന്‍ഡ് വിറ്റാറ സ്വന്തമാക്കാന്‍ മാരുതിയുടെ കിടിലന്‍ ഓഫര്‍

സാധാരണ മാര്‍ക്കറ്റില്‍ ഇന്ന് ലഭ്യമാകുന്ന ഐഎംഐ നിരക്കിനേക്കാള്‍ കുറവ് നിരക്കിൽ വാഹനം സ്വന്തമാക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
grand vitara
ഗ്രാൻഡ് വിറ്റാറ Source: Global Suzuki
Published on

ഉപഭോക്താക്കള്‍ക്ക് കിടിലന്‍ ഓഫറുമായി മാരുതി സുസുകി. ഓള്‍ട്ടോ, വാഗണ്‍ ആര്‍ പോലുള്ള കാറുകള്‍ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാകുന്നതിന് പുതിയ ഫൈനാന്‍ഷ്യല്‍ സ്‌കീം ലോഞ്ച് ചെയ്യാന്‍ ഒരുങ്ങുകയാണ് മാരുതി സുസുകി ഇന്ത്യ. ഈ സംരംഭത്തിന് കീഴില്‍, ഏത് ബ്രാന്‍ഡില്‍പ്പെട്ട ചെറിയ കാറുകളുള്ള, പുതിയ വാഹനത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താവിന് ഗ്രാന്‍ഡ് വിറ്റാറ സ്‌പോര്‍ട്ട് യൂട്ടിലിറ്റി വെഹിക്കിള്‍ (എസ്.യു.വി) ഇഎംഐ പ്ലാനിലൂടെ ലഭ്യമാക്കുന്നതാണ് സ്‌കീം.

ഡല്‍ഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്കാണ് ഈ സ്‌കീം പ്രകാരം വാഹനമെടുക്കാന്‍ സാധിക്കുക. 9,999 രൂപ മാസ ഇഎംഐ നിരക്കില്‍ ഗ്രാന്‍ഡ് വിറ്റാറ സ്വന്തമാക്കാന്‍ സാധിക്കും. ഇത് സാധാരണ മാര്‍ക്കറ്റില്‍ ഇന്ന് ലഭ്യമാകുന്ന ഐഎംഐ നിരക്കിനേക്കാള്‍ കുറവാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

'നിലവില്‍ ചെറിയ കാറുകള്‍ സ്വന്തമാക്കിയവര്‍ പുതിയ കാറിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് ഈ പ്രോസസ് എളുപ്പമാക്കി നല്‍കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,' മാരുതി സുസുകി ഇന്ത്യ ലിമിറ്റഡിലെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്, സീനിയര്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍പാര്‍തോ ബാനര്‍ജി പറഞ്ഞതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

നിലവിലെ പ്ലാന്‍ അനുസരിച്ച് നിലവില്‍ അവര്‍ ഉപയോഗിക്കുന്ന കാറിന് കിട്ടുന്ന വില പുതിയ കാര്‍ എടുക്കുമ്പോഴുള്ള ഡൗണ്‍ പേയ്‌മെന്റ് ആയി കണക്കാക്കും. കാര്‍ എത്ര വര്‍ഷം ഉപയോഗിച്ചുവെന്ന കണക്ക്, മൈലേജ്, ഉടമസ്ഥാവകാശം സംബന്ധിച്ച കാര്യങ്ങള്‍ എല്ലാം പരിശോധിച്ച ശേഷമാകും വില തീരുമാനിക്കുക. ഉപഭോക്താക്കള്‍ക്ക് എക്‌സ്‌ചേഞ്ച് ബോണസിനും ആവശ്യപ്പെടാം. അതുകൊണ്ട് ബാക്കി വരുന്ന തുക അഞ്ച് വര്‍ഷമെടുത്ത് തിരിച്ചടയ്ക്കാനാവും.

അഞ്ച് വര്‍ഷത്തിന് ശേഷം, അല്ലെങ്കില്‍ 75,000 കിലോമീറ്റര്‍ വരെ ഉപയോഗിച്ച ഉപഭോക്താവിന് വാഹനം വാങ്ങിയ ഷോറൂം പ്രൈസിന്റെ 50 ശതമാനം തന്നെ തിരിച്ചു ലഭിക്കും എന്നതും ഈ സ്‌കീമിന്റെ പ്രധാന സവിശേഷതയാണ്.

മാര്‍ക്കറ്റില്‍ ഇത്രയുമധികം കാറുകള്‍ നിര്‍മിക്കുന്ന ഒരു കമ്പനി ഇത്തരത്തില്‍ ഒരു ഇഎംഐ അപ്‌ഗ്രേഡ് സ്‌കീം കൊണ്ടു വരുന്നത് തന്നെ ആദ്യമായാണ്. ഗ്രാന്‍ഡ് വിറ്റാറ എസ്.യു.വിയുടെ എല്ലാ വേരിയന്റ്‌സിനും ഈ ഓഫര്‍ ലഭ്യമാണ്. മോഡല്‍ തെരഞ്ഞെടുക്കുന്നതിന് അനുസരിച്ച് ഇഎംഐ തുകയില്‍ വ്യത്യാസം വരുമെന്ന് മാത്രം. ഈ പ്ലാന്‍ വിജയിച്ചാല്‍ മറ്റു സിറ്റികളിലും കൂടുതല്‍ മോഡലുകളിലും ഇത് നടപ്പാക്കുമെന്നും പാര്‍തോ ബാനര്‍ജി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com