

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ രംഗത്തേക്ക് ചുവടുവെച്ച് റോയല്‍ എന്‍ഫീല്‍ഡ്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ഭാരം കുറഞ്ഞ 'ഫ്‌ളൈയിങ് ഫ്‌ളീ' ബൈക്കുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ആദ്യ ഇവിയായ ഫ്‌ളൈയിങ് ഫ്‌ളീ സി6 റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിക്കുന്നത്.
റോയല്‍ എന്‍ഫീല്‍ഡിന്റെ മറ്റ് ബൈക്കുകളെ അപേക്ഷിച്ച് തികച്ചും വ്യത്യസ്തവും ഭാരം കുറഞ്ഞതുമായ ഷാസിയുമാണ് ഇതിനുള്ളത്. മികച്ച പെര്‍ഫോമന്‍സും ചാര്‍ജിങ് കാര്യക്ഷമതയും ഉറപ്പാക്കുന്ന രീതിയിലാണ് ഇലക്ട്രിക് മോട്ടോറും ബാറ്ററി സംവിധാനവും ക്രമീകരിച്ചിരിക്കുന്നത്.
സിറ്റി റൈഡുകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഡിസൈനും കൈകാര്യം ചെയ്യാനുള്ള എളുപ്പവും ഇതിനെ മറ്റ് ക്രൂയിസര്‍ ബൈക്കുകളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നു. റോയല്‍ എന്‍ഫീല്‍ഡ് ബ്രാന്‍ഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും സുപ്രധാനമായ വഴിത്തിരിവാണ് ഇലക്ട്രിക് മോഡല്‍.
3.5 ലക്ഷം രൂപ മുതല്‍ 4.5 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില.
റെട്രോ-ഫ്യൂച്ചറിസ്റ്റിക് ലുക്കിലാണ് ഫ്‌ളൈയിങ് ഫ്‌ളീ 6 എത്തുന്നത്. പഴയ കാലത്തെ അനുസ്മരിപ്പിക്കുന്ന ഗിര്‍ഡര്‍ ഫോര്‍ക്കുകള്‍ ബൈക്കിന് ക്ലാസിക് ടച്ച് നല്‍കുന്നു. ഭാരം കുറയ്ക്കാനായി മഗ്‌നീഷ്യം അലോയ് ഉപയോഗിച്ചാണ് ഫ്രെയിം നിര്‍മിച്ചിരിക്കുന്നത്. നഗരയാത്രകള്‍ക്ക് അനുയോജ്യമായ രീതിയില്‍ 150 കിലോമീറ്ററിന് മുകളില്‍ റേഞ്ച് ഈ ബൈക്ക് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.
മറ്റ് എന്‍ഫീല്‍ഡ് ബൈക്കുകളെ പോലെ ഭാരവും ശബ്ദവും ഉണ്ടാകില്ലെന്നതാണ് മറ്റൊരു പ്രത്യേകത.
മറ്റ് പ്രത്യേകതകള്‍:
റൗണ്ട് ഡിജിറ്റല്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍.
സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി, നാവിഗേഷന്‍
വിവിധ റൈഡിംഗ് മോഡുകള്‍
എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍.