വാഹനപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടാറ്റ മോട്ടോഴ്‌സിൻ്റെ സഫാരി പെട്രോൾ പുറത്തെത്തി. 13.29 ലക്ഷം രൂപയാണ് വാഹനത്തിൻ്റെ വില. നേരത്തെ ഡീസൽ എഞ്ചിൻ മാത്രമാണ് സഫാരിയിൽ ഉപയോഗിച്ചിരുന്നത്. എന്നാൽ സ്വന്തമായി വികസിപ്പിച്ചെടുത്ത ടിജിഡിഐ ഹൈപ്പീരിയൻ ടർബോ-പെട്രോൾ എഞ്ചിൻ ഇന്ന് വാഹനത്തിലുണ്ട്. ടാറ്റ ഹാരിയറിലും ഇതേ എഞ്ചിൻ അവതരിപ്പിച്ചിട്ടുണ്ട്.
13.29 ലക്ഷം മുതൽ 25.20 ലക്ഷം രൂപ വരെയാണ് സഫാരി പെട്രോളിന്റെ വില. ഹാരിയർ ഇവിയിൽ നിന്ന് കടമെടുത്ത പല സവിശേഷതകളും സഫാരി പെട്രോളിലുണ്ട്. ഫ്രണ്ട്, റിയർ ക്യാമറകൾ, വാഷറുകൾ എന്നിവയാണ് പ്രധാന സവിശേഷതകൾ.
'അക്കംപ്ലിഷ്ഡ് അൾട്രാ' എന്ന പേരിൽ ഒരു ടോപ്പ് ട്രിം മാത്രമെ സഫാരി പെട്രോൾ വേരിയന്റിൽ ലഭ്യമാകൂ. മുൻ ടോപ്പ് അക്കംപ്ലഷ്ഡ് എക്സ്+ ട്രിമിനെ അപേക്ഷിച്ച്, അൾട്രയിൽ സാംസങ് 14.53 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡോൾബി അറ്റ്‌മോസ്, ഇൻ-ബിൽറ്റ് ഡാഷ്‌ക്യാമോടുകൂടിയ ഡിജിറ്റൽ ഇന്റീരിയർ റിയർവ്യൂ മിറർ (ഐആർവിഎം), വെള്ളയും തവിട്ടുനിറത്തിലുള്ള ഡ്യുവൽ-ടോൺ ഇന്റീരിയർ തീം, ഓൺ-ബോർഡ് നാവിഗേഷൻ, ഔട്ട്‌സൈഡ് റിയർവ്യൂ മിററുകൾക്കുള്ള (ഒആർവിഎമ്മുകൾ) മെമ്മറി ഫംഗ്‌ഷൻ, റിവേഴ്‌സിംഗ് ക്യാമറകൾക്കുള്ള വാഷ് ഫംഗ്‌ഷൻ, 65W ടൈപ്പ്-സി പോർട്ട് തുടങ്ങിയ സവിശേഷതകൾ ലഭിക്കുന്നു. മാത്രമല്ല, റെഡ് ഡാർക്ക് കളർ എഡിഷനും അക്കംപ്ലിഷ്ഡ് അൾട്രയിൽ മാത്രമെ ലഭ്യമാകൂ.
ടാറ്റ സഫാരി പെട്രോൾ എഞ്ചിൻ്റെ സവിശേഷത പരിശോധിച്ചാൽ സിയറയുടെ യൂണിറ്റിനേക്കാൾ കൂടുതൽ പവറും ടോർക്കും ഈ എഞ്ചിൻ ഉത്പാദിപ്പിക്കുന്നുണ്ട്. സിയറയിൽ നിന്നുള്ള 1.5 ലിറ്റർ ഡയറക്ട്-ഇഞ്ചക്ഷൻ ടർബോ-പെട്രോൾ എഞ്ചിനാണ് സഫാരിയിൽ ഉള്ളത്, എന്നാൽ ഇവിടെ ഇത് 170hp കരുത്തും 280Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. സിയറയേക്കാൾ 10hp കരുത്തും 25Nm ടോർക്കും കൂടുതലാണ്.