

ടെസ്‌ലയുടെ ഇന്ത്യൻ നിരയിലേക്ക് പുതിയ എൻട്രിയായി 2026 മോഡൽ വൈ പ്രീമിയം റിയർ-വീൽ ഡ്രൈവ്. 50.89 ലക്ഷം (എക്സ് ഷോറൂം) വിലയിലാണ് ടെസ്ല ഇന്ത്യൻ വിപണിയിൽ തങ്ങളുടെ പ്രീമിയം മോഡൽ പരീക്ഷണത്തിനിറക്കിയിരിക്കുന്നത്. ടെസ്‌ല യുടെ സിക്സ് സീറ്റർ മോഡലായ വൈഎൽ നേക്കാൾ 11.1 ലക്ഷം രൂപ കുറവിലാണ് പുതിയ ഫൈവ് സീറ്റർ ഇലക്ട്രിക് എസ്‌യുവി എത്തുന്നത്.
പ്രീമിയം RWD കൂടാതെ എൽ പ്രീമിയം AWD എന്നിങ്ങനെ പുതിയ രണ്ട് വേരിയൻ്റുകളാണ് ഇന്ത്യയിലേക്കെത്തുക. ജൂലൈയോടെ കാറുകൾ വിതരണം ചെയ്ത് തുടങ്ങും. ഇന്ത്യയിലിറക്കുന്ന പ്രത്യേക പതിപ്പിൻ്റെ ബാറ്ററി ശേഷിയോ മോട്ടോർ പ്രകടന സവിശേഷതകളോ ടെസ്‌ല ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ലെങ്കിലും 64 kWh ബാറ്ററി പായ്ക്കും റിയർ-മൗണ്ടഡ് ഇലക്ട്രിക് മോട്ടോറും റിയർ-വീൽ-ഡ്രൈവ് മോഡൽ Y-യിൽ ഉണ്ടെന്നാണ് വിവരം. Y വേരിയന്റിന് 500 കിലോമീറ്റർ വരെ WLTP- സാക്ഷ്യപ്പെടുത്തിയ ഡ്രൈവിംഗ് റേഞ്ചും അവകാശപ്പെടുന്നു. ഇതിൻ്റെ പരാമാവധി വേഗത മണിക്കൂറിൽ 201 കിലോമീറ്ററാണ്.
വൈ പ്രീമിയം RWD യുടെ ഒരു പ്രധാന പ്രത്യേകത പുതുക്കിയ ഇന്റീരിയർ ലേഔട്ടാണ്. കൂടുതൽ പ്രീമിയവും മിനിമലിസ്റ്റുമായ ഇൻ-ക്യാബിൻ അനുഭവം നൽകുന്നതിനായി പൂർണമായും കറുപ്പോ അല്ലെങ്കിൽ പുതുതായി അവതരിപ്പിച്ച സെൻ ഗ്രേയിലോ ആണ് വാഹനം പുറത്തിറങ്ങുന്നത്.
മുൻസീറ്റ് യാത്രക്കാർക്കായി 16 ഇഞ്ച് വലിയ ടച്ച്‌സ്‌ക്രീൻ സൗകര്യത്തോടെ ടെസ്‌ല ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും നവീകരിച്ചിട്ടുണ്ട്. പിൻസീറ്റ് യാത്രക്കാർക്ക് 8.0 ഇഞ്ച് ഡിസ്‌പ്ലേയും ഇതിനൊപ്പം ലഭ്യമാക്കിയിട്ടുണ്ട്. പവർ-ഫോൾഡിംഗ് പിൻ സീറ്റുകളാണ് ഇതിൻ്റെ മറ്റൊരു പ്രത്യേകത. പനോരമിക് സൺറൂഫ്, പിൻസീറ്റുകൾക്കുള്ള പവർ റിക്ലൈനിങ്, പവേർഡ് ടെയിൽഗേറ്റ്, വയർലെസ് ചാർജിങ്, അക്കൗസ്റ്റിക് ഗ്ലാസ് തുടങ്ങിയ സവിശേഷതകളും ഇതിനുണ്ട്.