വാഹന പ്രേമികൾക്ക് സന്തോഷ വാർത്ത. ഈ ഉത്സവ സീസണിൽ പുത്തന്‍ കാറുകള്‍ വിപണിയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് നിങ്ങളുടെ ഇഷ്ട ബ്രാൻഡുകൾ. ജൂലൈ മാസത്തില്‍ ഇന്ത്യയില്‍ ചില കിടിലന്‍ കാറുകള്‍ പുറത്തിറക്കുമെന്നാണ് വിവരം. മാസ്മാര്‍ക്കറ്റ്, ലക്ഷ്വറി കാര്‍ വിഭാഗങ്ങളിലെ ഉപഭോക്താക്കളെ ഒരുപോലെ തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് പുതിയ മോഡലുകൾ കമ്പനി പുറത്തിറക്കുന്നത്.
എംജി സെലക്ട് പ്രീമിയം ഡീലര്‍ഷിപ്പിന് കീഴില്‍ സൈബര്‍സ്റ്റര്‍ എന്ന മോഡല്‍ ആയിരിക്കും കമ്പനി ആദ്യം ഇന്ത്യയിലെത്തിക്കുക. എംജി സെലക്ടിലൂടെ വിപണനം ചെയ്യുന്ന ആദ്യ കാര്‍ M9 എംപിയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മെയ് മാസത്തില്‍ തന്നെ ഈ പ്രീമിയം സെഗ്മെന്റ് കാറിൻ്റെ ബുക്കിങ് കമ്പനി ആരംഭിച്ചിരുന്നു. 51,000 രൂപയാണ് കാര്‍ റിസര്‍വ് ചെയ്യാനായി നല്‍കേണ്ട തുക. ജൂലൈ മാസത്തിന്റെ തുടക്കത്തില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന കാറിന് 65-70 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.
M9 ഇവിയിലെ 90 kWh ബാറ്ററി പായ്ക്ക് ഏകദേശം 430 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് പറയപ്പെടുന്നത്. പിന്‍ സീറ്റ് യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ മനസില്‍ വെച്ചാണ് M9 രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രണ്ടാം നിരയില്‍ മസാജിംഗ് ഫംഗ്ഷനുള്ള ലക്ഷ്വറി ക്യാപ്റ്റന്‍ സീറ്റുകള്‍, എക്സ്റ്റെന്‍ഡിങ് ഓട്ടോമന്‍ ഫുള്ളി റിക്ലൈന്‍ഡ് സീറ്റുകള്‍ എന്നിവ ഈ കാറിന്റെ പ്രത്യേകതയാണ്.
കിയ കാരെൻസ് ക്ലാവിസ് ഇവി 2025 ജൂലൈ 15 ന് വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. കാരെൻസ് ക്ലാവിസ് ഇവിയുടെ എൻട്രി ലെവൽ വേരിയന്റിന് ഏകദേശം 18 ലക്ഷം രൂപ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിയ കാരെൻസ് ക്ലാവിസ് ഇവി ജനുവരിയില്‍ പുറത്തിറക്കിയ ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്കിൽ നിന്ന് 42kWh, 51.4kWh ബാറ്ററി പായ്ക്കുകൾ കടമെടുക്കാൻ സാധ്യതയുണ്ട്. ചെറിയ ബാറ്ററി 390 കിലോമീറ്റർ അവകാശപ്പെടുന്ന എംഐഡിസി റേഞ്ച് വാഗ്‍ദാനം ചെയ്യുന്നു. അതേസമയം വലിയ ബാറ്ററി പായ്ക്ക് പൂർണ്ണമായി ചാർജ് ചെയ്താൽ 473 കിലോമീറ്റർ സഞ്ചരിക്കും. വെഹിക്കിൾ-ടു-വെഹിക്കിൾ (V2V), വെഹിക്കിൾ-ടു-ലോഡ് (V2L) ചാർജിംഗ് പ്രവർത്തനങ്ങളെ ഇത് പിന്തുണയ്ക്കാനും സാധ്യതയുണ്ട്.
ആഡംബര കാര്‍ വിഭാഗത്തിലുള്ള പുതിയ ബിഎംഡബ്ല്യു 2 സീരീസ് ഗ്രാന്‍ കൂപ്പെ ജൂലൈ പകുതിയോടെ പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 48 ലക്ഷം മുതല്‍ 52 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.
റെനോയുടെ ജനപ്രിയ സബ് 4 മീറ്റര്‍ എസ്യുവിയായ കൈഗറിന്റെ ഫെയ്സ്ലിഫ്റ്റ് ഉടന്‍ തന്നെ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജൂലൈ അവസാനത്തോടെയാണ് ലോഞ്ച് പ്രതീക്ഷിക്കുന്നത്. ഏകദേശം 6.50 ലക്ഷം രൂപ പ്രാരംഭ വിലയില്‍ ലഭ്യമാകുമെന്ന് കരുതപ്പെടുന്നു.
വരാന്‍ പോകുന്ന മോഡലിന് അപ്ഡേറ്റ് ചെയ്ത ഡിസൈന്‍ ഉണ്ടായിരിക്കും. കാലത്തിന് അനുസൃതമായ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ സാധ്യതയുണ്ടെങ്കിലും മെക്കാനിക്കലായി മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. മാനുവല്‍, ഓട്ടോമാറ്റിക് ഓപ്ഷനുകളുള്ള അതേ 1.0 ലിറ്റര്‍ NA പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനുകളായിരിക്കും തുടര്‍ന്നും തുടിപ്പേകുക.
രാജ്യത്തെ ഏക സബ് 4 മീറ്റര്‍ എംപിവിയായ ട്രൈബറും ഫെയ്സ്ലിഫ്റ്റിന് ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. ഏറ്റവും കുറഞ്ഞ വിലയില്‍ വാങ്ങാന്‍ സാധിക്കുന്ന 7 സീറ്റര്‍ കാറുകളില്‍ ഒന്ന് കൂടിയാണ് ട്രൈബര്‍. പുതിയ ട്രൈബറിന്റെ ടെയിൽ-ലാമ്പുകൾ, ബൂട്ട് ലിഡ്, പിൻ ബമ്പർ എന്നിവയുടെ രൂപകൽപ്പന നിലവിലെ ട്രൈബറിൽ നിന്ന് വളരെ വ്യത്യസ്തമായിരിക്കില്ലെന്നാണ് സൂചന. വശങ്ങളിൽ, ട്രൈബറിന്റെ ക്രീസും വിൻഡോ ലൈൻ കിങ്കും നിലനിർത്തിയിട്ടുണ്ട്.
ട്രൈബർ ഫെയ്‌സ്‌ലിഫ്റ്റിന് ഡാഷ്‌ബോർഡിൽ ചെറിയ ഡിസൈൻ മാറ്റങ്ങൾ, ഭാരം കുറഞ്ഞ ഷേഡുകൾ, കൂടുതൽ സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾ എന്നിവ ലഭിക്കും. എന്നിരുന്നാലും, പവർട്രെയിനിനെ സംബന്ധിച്ചിടത്തോളം, റെനോ ട്രൈബർ ഫെയ്‌സ്‌ലിഫ്റ്റ് നിലവിലെ മോഡലിന്റെ 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് 3-സിലിണ്ടർ പെട്രോൾ യൂണിറ്റുമായി തുടരും, ഇത് പരമാവധി 72 bhp പവറും 96 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. ബജറ്റ് എംപിവിയുടെ വില 6.50 ലക്ഷം മുതല്‍ തുടങ്ങാനാണ് സാധ്യത.