
ആദ്യത്തെ കാർ എന്നത് പലരുടെയും വലിയൊരു സ്വപ്നമാണ്. അതുകൊണ്ട് തന്നെ അത് ഏറ്റവും മികച്ചതാക്കാൻ എല്ലാവരും വലിയ പ്ലാനിങ്ങാണ് നടത്താറുള്ളത്. നിങ്ങൾ പുതിയ ഒരു കാർ വാങ്ങാൻ ഉദ്ദേശിക്കുന്നവരാണെങ്കിൽ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നതിനെ കുറിച്ച് കൃത്യമായ ധാരണ നിങ്ങൾക്കുണ്ടോ? വിലയും മൈലേജും മാത്രം ശ്രദ്ധിച്ചാൽ പോരാ, കാറിൻ്റെ ഫീച്ചറുകളെ കുറിച്ച് കൂടി നമ്മൾ ബോധവാന്മാരാകേണ്ടത് അത്യാവശ്യമാണ്.
ഇന്നത്തെ കാലത്ത് കാർ വാങ്ങുമ്പോൾ നിരവധി മോഡേൺ ഫീച്ചറുകൾ ഓരോ കമ്പനിയും വാഗ്ദാനം ചെയ്യും. എന്നാൽ, അതിൽ അത്യാവശ്യമായും വേണ്ടത് ഈ അഞ്ച് ഫീച്ചറുകളാണ്. അത് ഏതൊക്കെയാണെന്ന് നോക്കാം...
നമ്മൾ ഏതൊരു വാഹനത്തിൽ യാത്ര ചെയ്യുമ്പോഴും നമ്മുടെ ജീവനാണ് ഏറ്റവും വിലയുള്ളതെന്ന് ഓർക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ നമ്മുടെ കാറിൽ ആറ് എയർബാഗുകളുണ്ടെന്ന് ഉറപ്പുവരുത്തണം. ഫ്രണ്ട്, സൈഡ്, കർട്ടൻ എന്നിവ ഉൾപ്പെടുന്നതാണ് എയർബാഗുകളുടെ സാധാരണ പൊസിഷനിങ്, അത് ഡ്രൈവർ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ്. നമുക്ക് ഏതെങ്കിലും തരത്തിലുള്ള അപകടം സംഭവിച്ചാൽ നമ്മുടെ ജീവൻ രക്ഷാർഥം ഈ ഫീച്ചറുകൾ ഉറപ്പുവരുത്തണം
കാറിലെ സുഗമവും സുരക്ഷിതവുമായ യാത്രയ്ക്ക് ടയറിൽ മതിയായ എയറുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. കാറുകളിലെ ടിപിഎംഎസ് കാറുകളിലെ എയർ പ്രഷർ കൃത്യമായി നിരീക്ഷിക്കുകയും എയർ പ്രഷർ കുറയുന്നതിനെ സംബന്ധിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്യും. വാഹനത്തിൻ്റെ സുരക്ഷയ്‌ക്കൊപ്പം മൈലേജ് നൽകുന്നതിനും ടിപിഎംഎസ് സഹായകമാണ്.
വാഹനം പാർക്ക് ചെയ്യുമ്പോൾ സൈഡ് നോക്കാനും പുറകിലാരെങ്കിലും വരുന്നുണ്ടോ എന്നത് അറിയാനുമൊക്കെ പണ്ടൊക്കെ മറ്റൊരാളെ ആശ്രയിക്കുന്നതായിരുന്നു രീതി. എന്നാൽ, ഇപ്പോൾ പാർക്കിംഗിന് മറ്റൊരാളെ ആശ്രയിക്കേണ്ടതില്ല. അതിന് സഹായിക്കുന്നതാണ് പാർക്കിംഗ് ക്യാമറ. ഇടുങ്ങിയ സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്നതിനും, പിന്നിൽ ആരെങ്കിലും വരുന്നുണ്ടെങ്കിൽ അറിയിക്കാനുമൊക്കെ ഈ ക്യാമറ നിർദേശങ്ങൾ നൽകും. ഇത് സുരക്ഷ ഉറപ്പാക്കുന്നതിനും ഗുണകരമാണ്.
ലോംഗ് ഡ്രൈവുകൾക്ക് പോകുമ്പോൾ ഏറ്റവും വെല്ലുവിളിയാകുന്ന ഒന്നാണ് സീറ്റുകൾ. കംഫർട്ടബിൾ ആയ സീറ്റിംഗ് യാത്രയും സുഖപ്രദമാക്കും. വെൻ്റിലേറ്റഡ് സീറ്റ് ഏറ്റവും ഉപയോഗപ്പെടുന്നത് വേനൽക്കാലത്താണ്. കാറിലെ എസിക്ക് പുറമെയുള്ള കൂളിംഗാണ് ഈ സീറ്റുകൾ സമ്മാനിക്കുക.
നല്ലൊരു യാത്ര പോകുമ്പോൾ മ്യൂസിക് ആസ്വദിക്കണം എന്ന് തോന്നാത്തരായി ആരുണ്ട്? നല്ല പാട്ടൊക്കെ കേട്ട് പോകുമ്പോളേ ആ യാത്ര ജോറായെന്ന് തോന്നുകയുള്ളൂ. അതിന് നമ്മുടെ കാറിൽ നല്ലൊരു മ്യൂസിക് സിസ്റ്റം അത്യാവശ്യമാണ്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ബ്ലൂടൂത്ത്, യുഎസ്ബി കണക്റ്റിവിറ്റി എന്നിവയുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നിങ്ങളുടെ കാറിന് മുതൽക്കൂട്ടാകും. നാവിഗേഷനും കാളും ഇതിലൂടെ എളുപ്പമാകും.