ട്രയംഫിൻ്റെ ഏറ്റവും പുതിയ മോഡലായ 2025 ട്രൈഡന്റ് 660 കൂടുതൽ അപ്ഗ്രേഡുകളുമായി വിപണിയിലെത്തി. കൂടുതൽ സവിശേഷതകളും,ഡിസൈൻ മാറ്റങ്ങളുമാണ് 2025 ട്രൈഡന്റ് 660യിലൂടെ കമ്പനി വാഗ്ദാനം ചെയ്യുന്നത്. 8.49 ലക്ഷം രൂപ മുതൽ 8.64 ലക്ഷം രൂപ വരെയാണ് പുതിയ പതിപ്പിൻ്റെ എക്സ്-ഷോറൂം വില. നിറമനുസരിച്ചാണ് പതിപ്പിൻ്റെ വില നിശ്ചയിക്കുന്നത്. പുതിയ മോഡലിന് മുൻ മോഡലിൻ്റെ വിലയേക്കാൾ 37,000 രൂപ കൂടുതലാണ്.
ഫീച്ചറുകൾ
നിരവധി ഹൈ-എൻഡ് സവിശേഷതകളോടെയാണ് 2025 ട്രൈഡന്റ് 660 വിപണിയിലെത്തുന്നത്. മുൻപ് ഓപ്ഷണലായിരുന്ന പല സവിശേഷതകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. നിലവിലുള്ള 'റോഡ്', 'റെയിൻ' മോഡുകൾക്ക് പുറമേ, ബൈ-ഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്റർ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ക്രൂയിസ് കൺട്രോൾ, പുതിയ 'സ്പോർട്ട്' റൈഡിംഗ് മോഡ് എന്നിവയാണ് സവിശേഷതകളിൽ പ്രധാനം. അധിക ചിലവ് ഇല്ലാതെ തന്നെ റൈഡർമാർ ഈ അപ്‌ഗ്രേഡുകൾ ആസ്വദിക്കാൻ കഴിയും.
ഹാൻഡ്‌ലിങ്
2025 ട്രൈഡന്റ് 660യുടെ പ്രധാന മെക്കാനിക്കൽ മാറ്റങ്ങളിലൊന്നാണ് പുതിയ ഷോവ ബിഗ് പിസ്റ്റൺ ഫ്രണ്ട് ഫോർക്കുകൾ. ഈ പ്രീമിയം ഘടകങ്ങൾ മികച്ച ഫ്രണ്ട്-എൻഡ് ഫീൽ, മെച്ചപ്പെടുത്തിയ സ്ഥിരത, കൂടുതൽ കൃത്യമായ ഹാൻഡ്‌ലിംഗ് എന്നിവ വാഗ്ദാനം ചെയ്യുന്നു. വീക്കൻഡ് യാത്രകളെ ഇത് കൂടുതൽ സുഗമമാക്കും.
എഞ്ചിൻ
ട്രൈഡന്റിന്റെ കോറിന് അധികമാറ്റങ്ങൾ വരുത്തിയിട്ടില്ല. 10,250 rpm-ൽ 79.8 bhp കരുത്തും 6,250 rpm-ൽ 64 Nm ടോർക്കും നൽകുന്ന 660 സിസി ഇൻലൈൻ-ത്രീ സിലിണ്ടർ എഞ്ചിൻ തന്നെയാണ് പുതിയ എഡിഷനിലും ഉപയോഗിക്കുന്നത്. സുഗമമായ ഗിയർ ഷിഫ്റ്റുകൾക്കായി അസിസ്റ്റും സ്ലിപ്പർ ക്ലച്ചും ഉള്ള ആറ് സ്പീഡ് ഗിയർബോക്സുമായി എഞ്ചിൻ കണക്ട് ചെയ്തിരിക്കുന്നു.
ചേസിസ്, ബ്രേക്ക്
ട്രൈഡന്റ് 660-ൽ ട്യൂബുലാർ സ്റ്റീൽ പെരിമീറ്റർ ഫ്രെയിമും മിഷേലിൻ റോഡ് 5 ടയറുകളിൽ കവർ ചെയ്ത 17 ഇഞ്ച് അലോയ് വീലുകളുമാണ് ഉള്ളത്. സ്റ്റോപ്പിംഗ് പവറിനായി, മുന്നിൽ ഇരട്ട 310mm ഡിസ്കുകളും പിന്നിൽ 255mm ഡിസ്കും ലഭിക്കുന്നു. രണ്ടിലും നിസിൻ കാലിപ്പറുകളും ഉണ്ട്.
ഇന്ത്യൻ വിപണിയിലെ എതിരാളികൾ
ബ്രിട്ടീഷ് എഞ്ചിനീയറിങ്, അധിക സാങ്കേതികവിദ്യ, സ്പോർട്ടി ഡിസൈൻ എന്നിവയുമായെത്തുന്ന കാവസാക്കി Z650, ഹോണ്ട CB650R എന്നിവയാണ് 2025 ട്രയംഫ് ട്രൈഡന്റ് 660ൻ്റെ പ്രധാന എതിരാളികൾ.