ഇന്ത്യൻ ഇലക്ട്രിക് വാഹന രംഗത്ത് ചരിത്ര ചുവടുവെപ്പുമായി ടിവിഎസ് മോട്ടോർ. ടെക്നോളജി ബ്രാൻഡായ നോയിസുമായി ചേർന്ന് ഇവി-സ്മാർട്ട് വാച്ച് രാജ്യത്തെ ആദ്യത്തെ ഇവി-സ്മാർട്ട് വാച്ച് സംയോജനം അവതരിപ്പിക്കാനൊരുങ്ങുകയാണ് ടിവിഎസ്. നോയിസ് സ്മാർട്ട് വാച്ചിനൊപ്പം പെയർ ചെയ്ത് ഉപയോഗിക്കാവുന്ന തരത്തിലാകും ഇതിൻ്റെ പ്രവർത്തനം.
ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടറിലാണ് നൂതന സാങ്കേതിക വിദ്യ അവതരിപ്പിക്കുക. പ്രത്യേകം രൂപകൽപ്പന ചെയ്‌ത നോയ്‌സ് സ്മാർട്ട് വാച്ചും ലഭ്യമാക്കും. ഈ വാച്ചിലൂടെ സ്‌കൂട്ടറിനെക്കുറിച്ചുള്ള നിരവധി വിവരങ്ങൾ ഉപഭോക്താക്കൾക്ക് ആക്‌സസ് ചെയ്യാൻ കഴിയും.ഏകദേശം 3000 രൂപയ്ക്കാണ് സ്മാർട്ട് വാച്ച് ലഭ്യമാവുക. 12 മാസത്തെ സൗജന്യ നോയ്‌സ് ഗോൾഡ് സബ്‌സ്‌ക്രിപ്‌ഷനും ഇതിനോടൊപ്പം ലഭിക്കും.
വലിയ സ്വീകാര്യതയാണ് തുടക്കം മുതൽ തന്നെ ടിവിഎസ് ഐക്യൂബിന് ഇന്ത്യയിൽ ലഭിച്ചത്. 6,50,000-ത്തിലധികം ഉപഭോക്താക്കളെ ടിവിഎസിന് ലഭിച്ചിരുന്നു. ഈ പുതിയ ടെക്നോളജി അവതരിപ്പിക്കുന്നതോടെ, ഇലക്ട്രിക് വാഹന അനുഭവം കൂടുതൽ മെച്ചപ്പെടുത്താനാണ് ടിവിഎസ് ലക്ഷ്യമിടുന്നത്.
സമയം നോക്കുന്നതിനു പുറമേ, കൂടുതൽ ആവശ്യങ്ങൾക്കായി സ്മാർട്ട് വാച്ചുകൾ ഉപയോഗിക്കുന്ന ആളുകൾ വർധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ ഇതൊരു മികച്ച നീക്കമാണെന്നാണ് കമ്പനിയുടെ വിശ്വാസം. വാഹന നില, ബാറ്ററി സ്ഥിതിവിവരക്കണക്കുകൾ, ടയർ പ്രഷർ, സുരക്ഷാ അലേർട്ടുകൾ തുടങ്ങിയ നിർണായക അപ്‌ഡേറ്റുകൾ വാച്ചിലൂടെ തത്സമയം ആക്‌സസ് ചെയ്യാനാകും.