
സ്കൂട്ടർ എന്ന് കേൾക്കുമ്പോൾ ഹോണ്ട ആക്ടീവ എന്നു പറഞ്ഞിടത്ത് നിന്ന്, ആ അപ്രമാദിത്തം തകർത്ത ടു വീലർ മോഡലായിരുന്നു ടിവിഎസിൻ്റെ ജുപ്പീറ്റർ. ടിവിഎസിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന ടു വീലറാണ് ജുപ്പീറ്റർ സ്‌കൂട്ടറാണ്. 110 സിസി സെഗ്‌മെൻ്റിൽ മാത്രമല്ല, 125 സിസി ഗിയർലെസ് സ്‌കൂട്ടർ വിഭാഗത്തിലും ജുപ്പീറ്റർ എതിരാളികൾക്കൊരു വെല്ലുവിളിയാണ്.
125 സിസി വിഭാഗത്തിൽ പുതിയ പതിപ്പാണ് അവർ പുറത്തിറക്കിയത്. ജുപ്പീറ്റർ 125 ഡിടി എസ്എക്സ്‌സി എന്ന മോഡലിന് 88,942 രൂപയാണ് എക്സ് ഷോറൂം വില. സ്കൂട്ടറിൻ്റെ മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് സ്റ്റൈലിലെ മെച്ചപ്പെടുത്തലുകളും അധിക ഫീച്ചറുകളും കൂട്ടിയാണ് പുതുവേരിയൻ്റിനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.
ഏറ്റവും വലിയ ഹൈലൈറ്റ് സ്‌കൂട്ടർ ഐവറി ബ്രൗൺ എന്ന പുതിയ ഡ്യുവൽ ടോൺ കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങി വരുന്നു എന്നതാണ്. കൂടാതെ ഫ്ലാറ്റ് സിംഗിൾ പീസ് സീറ്റിന്റെ നിറവുമായി പൊരുത്തപ്പെടുന്നതിന് ഡ്യുവൽ ടോൺ ഇന്നർ പാനലുകൾ, 3D എംബ്ലങ്ങൾ, വൈറ്റ് ബോഡി കളറിലുള്ള ഗ്രാബ് റെയിൽ എന്നിവയും ടിവിഎസ് ജുപ്പീറ്റർ 125 DT SXC വേരിയന്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്കൂട്ടറിൽ ടിവിഎസ് സ്മാർട്ട്എക്സണക്ട് കണക്റ്റിവിറ്റിയുള്ള ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഇത്തവണ ഒരുക്കിയിട്ടുണ്ട്. വെഹിക്കിൾ ട്രാക്കിംഗ്, വോയ്‌സ് കമാൻഡുകൾ, ടേൺ ബൈ ടേൺ നാവിഗേഷൻ, എസ്എംഎസ് അലേർട്ടുകൾ, കോൾ അലേർട്ടുകൾ എന്നിവയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
സസ്പെൻഷനായി മുന്നിൽ ടെലിസ്‌കോപ്പിക് ഹൈഡ്രോളിക് സസ്‌പെൻഷനും, പിന്നിൽ ത്രീ സ്റ്റെപ്പ് അഡ്‌ജസ്റ്റ്മെന്റ് സംവിധാനമുള്ള ട്വിൻ ട്യൂബ് ഷോക്ക് അബ്സോർബറുകൾ എന്നിവയാണ് ഒരുക്കിയത്. മുൻവശത്ത് ബ്രേക്കിംഗിനായി 220 mm വലിപ്പമുള്ള ഡിസ്‌ക്കും, പിന്നിൽ 130 mm വലിപ്പമുള്ള ഡ്രം ബ്രേക്കുമാണ് ഈ വേരിയന്റിൽ ഉപയോഗിക്കുന്നത്. ട്യൂബ്‌ലെസ് ടയറുകളുള്ള 12 ഇഞ്ച് അലോയ് വീലുകളാണ് ഉള്ളത്. എൻടോർക്കിന് സമാനമായ 124.8 സിസി, എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ജുപ്പീറ്ററിനുമുള്ളത്.
സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോഡിയാക്കിയ എഞ്ചിന് 8 bhp കരുത്തിൽ പരമാവധി 11 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. ലിറ്ററിന് 53 കിലോമീറ്റർ മൈലേജാണ് ഈ മോഡലിന് അവകാശപ്പെടുന്നത്. ഹോണ്ട ആക്‌ടീവയ്ക്ക് പുറമെ സുസുക്കി ആക്സസ്, ഹീറോ ഡെസ്റ്റിനി, യമഹ ഫസീനോ തുടങ്ങിയ 125 സിസി മോഡലുകൾക്കും ഈ ജുപ്പീറ്റർ വേരിയൻ്റ് ഭീഷണിയാണ്.