

ജാപ്പനീസ് ജനപ്രിയ ടൂവീലർ ബ്രാൻഡായ യമഹയുടെ പുതിയ സ്പോർട്‍സ് ബൈക്ക് മോഡലായ YZF-R2 ഓഗസ്റ്റിൽ ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്. കമ്പനിയുടെ നിരയിൽ നിലവിലുള്ള R15നും R3നും ഇടയിലുള്ള ഒഴിവ് നികത്താനാണ് പുതിയ ബൈക്കിന്റെ ലക്ഷ്യം. ചെന്നൈയിലെ യമഹ പ്ലാൻ്റിലാണ് ബൈക്ക് നിർമിക്കുന്നത്. വിദേശ വിപണികളേ കൂടി ലക്ഷ്യമിട്ടാണ് ബൈക്ക് കമ്പനി പുറത്തിറക്കുന്നത്. ഓഗസ്റ്റ് 27ന് നടക്കുന്ന യമഹയുടെ പ്രത്യേക പരിപാടിയിലായിരിക്കും YZF-R2 ഔദ്യോഗികമായി അവതരിപ്പിക്കുകയെന്നാണ് സൂചന. അതേ വേദിയിൽ എൻമാക്സ് 155 സ്കൂട്ടറും അവതരിപ്പിക്കാനിടയുണ്ട്.
ആഗോള ലോഞ്ചിന് തയ്യാറെടുക്കുന്ന ബൈക്ക് ഇതിനോടകം തന്നെ YZF-R2 എന്ന പേരിൽ ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, യൂറോപ്പ്, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ ട്രേഡ്‌മാർക്ക് ചെയ്തിട്ടുണ്ട്. പുതിയ YZF-R2, യമഹയുടെ ആർ15 വി4 മോഡലിന്റെ അടിസ്ഥാനത്തിൽ രൂപകൽപ്പന ചെയ്യുമെന്നാണ് പ്രതീക്ഷ. ഫ്രണ്ട് ഭാഗത്ത് യുഎസ്‌ഡി (അപ്പ്‌സൈഡ് ഡൗൺ) ഫോർക്കുകളും പിൻഭാഗത്ത് മോണോഷോക്ക് സസ്‌പെൻഷനും ലഭിച്ചേക്കും. മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകളും ഡ്യുവൽ ചാനൽ എബിഎസും സുരക്ഷയ്ക്കായി ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.
പെർഫോമൻസ് മെച്ചപ്പെടുത്തുന്ന വിവിഎ (വേരിയബിൾ വാൽവ് ആക്ചുവേഷൻ) സാങ്കേതികവിദ്യ ബൈക്കിൽ ഉൾപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ ട്രാക്ഷൻ കൺട്രോൾ, ക്വിക്ക് ഷിഫ്റ്റർ, അസിസ്റ്റ് ആൻഡ് സ്ലിപ്പർ ക്ലച്ച് തുടങ്ങിയ ഫീച്ചറുകളും പ്രതീക്ഷിക്കുന്നു. സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട്-ഓഫ് സംവിധാനം, വീതിയേറിയ പിൻ ടയർ എന്നിവയും സുരക്ഷയും സ്ഥിരതയും വർധിപ്പിക്കാൻ സഹായിക്കും. മികച്ച പ്രകടനം, ആധുനിക സാങ്കേതികവിദ്യ, സ്പോർട്ടി ഡിസൈൻ എന്നിവയിലൂടെ യുവ ഉപഭോക്താക്കളെ ആകർഷിക്കുകയാണ് ഇന്ത്യൻ വിപണിയിൽ ലോഞ്ചിലൂടെ കമ്പനിയുടെ ലക്ഷ്യം.