എഐ സാധ്യതകൾ ഉപയോഗിക്കാം, ട്രൂകോളറില്‍ ഇനി സ്വന്തം ശബ്ദവും

ട്രൂകോളര്‍ അസിസ്റ്റന്റിനൊപ്പം സ്വന്തം ശബ്ദത്തിന്റെ ഡിജിറ്റല്‍ പതിപ്പ് കൂടി സൃഷ്ടിക്കാന്‍ ഉപഭോക്താവിനെ സഹായിക്കുന്ന തരത്തിലാണ് പുതിയ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്
Published on

ട്രൂ കോളർ ആപ്പ് ഉപയോക്താക്കൾക്ക് ഒരു കൗതുക വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇനി ആപ്പിൽ ഉപയോക്താക്കളുടെ സ്വന്തം ശബ്ദവും ഉപയോഗിക്കാവുന്ന സംവിധാനമാണ് വരുന്നതത്രേ. ട്രൂകോളർ ആപ്പ് ഇന്ന് നിരവധിപ്പേർ ഉപയോഗിക്കുന്നുണ്ട്. ട്രൂകോളര്‍ അസിസ്റ്റന്റിനൊപ്പം ഇനി നിങ്ങളുടെ ശബ്ദവും ഉപയോഗിക്കാം എന്നാണ് ഡെവലപ്പേഴ്സിൻ്റെ വാഗ്ദാനം. എഐ പ്രയോജനപ്പെടുത്തിയാണ് പുതിയ സംവിധാനം ഒരുക്കുന്നത്.

മൈക്രോസോഫ്റ്റിന്റെ അസൂര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്പീച്ച് സാങ്കേതികവിദ്യയാണ് ട്രൂകോളറില്‍ കൊണ്ടുവരിക.  ട്രൂകോളര്‍ അസിസ്റ്റന്റിനൊപ്പം സ്വന്തം ശബ്ദത്തിന്റെ ഡിജിറ്റല്‍ പതിപ്പ് കൂടി സൃഷ്ടിക്കാന്‍ ഉപഭോക്താവിനെ സഹായിക്കുന്ന തരത്തിലാണ് പുതിയ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ട്രൂകോളര്‍ അസിസ്റ്റന്റില്‍ സ്വന്തം ശബ്ദം ചേര്‍ക്കാനായി സെറ്റിങ്സ് തുറക്കുക. തുടര്‍ന്ന്, അസിസ്റ്റന്റ് ക്രമീകരണത്തിലേക്ക് പോയി 'വ്യക്തിഗത ശബ്ദം' സജ്ജീകരിക്കുക. ശബ്ദ സാമ്പിളുകള്‍ ആവശ്യപ്പെടും. തുടര്‍ന്ന് വ്യത്യസ്ത ശൈലികളില്‍ ഉള്ള ശബ്ദവും ആവശ്യപ്പെടും. അത് നല്‍കിയ ശേഷം സേവ് ചെയ്യുക.

ഉപഭോക്താവ് കോള്‍ അറ്റന്‍ഡ് ചെയ്യാതിരിക്കുകയോ നിരസിക്കുകയോ ചെയ്യുമ്പോഴാണ് ട്രൂകോളര്‍ അസിസ്റ്റന്റിലേക്ക് കൈമാറുക. പിന്നീട് കോളറുമായി നടത്തുന്ന സംസാരം ടെക്സ്റ്റ് ആയി ഫോണിൽ  ലഭിക്കും. ഈ വിവരങ്ങളാണ് ഫോൺ ഉടമയ്ക്ക് സഹായകമാകുക.

കമ്പനി പ്രതിനിധി ആഗ്നസ് ലിന്‍ഡ്ബെര്‍ഗാണ് പുതിയ അപ്‌ഡേഷനെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ട്രൂകോളര്‍ അസിസ്റ്റന്റ് പ്രീമിയം വരിക്കാര്‍ക്ക് മാത്രമേ ഇത് ലഭ്യമാകൂ. നിലവില്‍ ഇന്ത്യയില്‍ ട്രൂകോളർ അസിസ്റ്റന്റ് ഓപ്ഷനുള്ള ട്രൂകോളര്‍ പ്രീമിയം സബ്‌സ്‌ക്രിപ്ഷന് പ്രതിമാസം ഏകദേശം 149 രൂപ (ഒരു വര്‍ഷത്തേക്ക് 1,499 രൂപ) ആണ് ഈടാക്കുന്നത്. ഇത് കൂടാതെ പ്രതിമാസം 299 രൂപയ്ക്ക് ഫാമിലി പ്ലാനും ഉണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com