ക്രിപ്റ്റോ കറൻസി; അറിയേണ്ടതെല്ലാം

ക്രിപ്റ്റോ കറൻസി; അറിയേണ്ടതെല്ലാം
Published on

മനുഷ്യൻ വിഭവങ്ങളുടെ കൈമാറ്റം നടത്താൻ കണ്ടെത്തിയ ഏറ്റവും ലളിതവും സുതാര്യവ്യമായ വ്യവസ്ഥയാണ് പണം. ചരക്ക് കൈമാറ്റ കച്ചവടം (ബാർട്ടർ സിസ്റ്റം) മുതൽ ഏറ്റവും നൂതന പണവ്യവസ്ഥയായ ക്രിപ്റ്റോ കറൻസി വരെ അതിന്റെ ചരിത്രം പരന്നതാണ്. കാലാകാലങ്ങളിൽ ആവശ്യമനുസരിച്ച് പണം വിവിധ രൂപങ്ങൾ സ്വീകരിച്ചിട്ടുണ്ട്. പ്രകൃതിയിൽ നിന്ന് തന്നെ ഖനനം ചെയ്തെടുക്കുന്ന സ്വർണ്ണവും വെള്ളിയുമൊക്കെ സംവത്സരങ്ങൾ താണ്ടിയ നിക്ഷേപ മാതൃകകൾക്ക് ഉദാഹരണമാണ്.

എന്താണ് ക്രിപ്റ്റോ കറൻസി

ലളിതമായി പറഞ്ഞാൽ ഡിജിറ്റൽ പണമാണ് ക്രിപ്റ്റോകറൻസി. ഓരോ രാഷ്ട്രത്തിന്റെയും കറൻസി അതാത് രാജ്യങ്ങളിലെ സെൻട്രൽ ബാങ്കിൽ വിശ്വാസം അർപ്പിച്ചുള്ളവയാണ്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയും ലോകത്തിലെ സ്വാധീനവും ഒക്കെ ഈ വിശ്വാസ്യതയെ നിർണ്ണയിക്കുന്ന ഘടകങ്ങളാണ്. ഒരു ഗവൺമെൻറ് അല്ലെങ്കിൽ ബാങ്ക് പോലെയുള്ള ഏതെങ്കിലും കേന്ദ്ര അധികാരസ്ഥാപനത്തെ ആശ്രയിക്കാതെ കമ്പ്യൂട്ടർ നെറ്റ്‌വർക്കിലൂടെ ഒരു വിനിമയ മാധ്യമമായി പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു ഡിജിറ്റൽ കറൻസിയാണ് ക്രിപ്റ്റോകറൻസികൾ. ക്രിപ്റ്റോ കറൻസിയുടെ ഏറ്റവും പ്രധാന സവിശേഷത ഇതിന് ഒരു ഏകീകൃത നിയന്ത്രണം ഇല്ലെന്നതാണ്. 'ഡിസെൻട്രലൈസ്ഡ് കറൻസി' എന്നും ക്രിപ്റ്റോ കറന്സി അറിയപ്പെടുന്നു.

ഇത് എൻക്രിപ്ഷൻ അൽഗോരിതം ഉപയോഗിച്ച് സൃഷ്ടിച്ച പേയ്മെന്റിന്റെ ഒരു രൂപമാണ്. എൻക്രിപ്ഷൻ സാങ്കേതികവിദ്യകളുടെ ഉപയോഗം അർത്ഥമാക്കുന്നത് ക്രിപ്റ്റോകറൻസികൾ ഒരു കറൻസിയായും വെർച്വൽ അക്കൗണ്ടിംഗ് സിസ്റ്റമായും പ്രവർത്തിക്കുന്നു എന്നാണ്. അക്കൗണ്ടിംഗ് സിസ്റ്റം എന്ന് പറയുമ്പോൾ ഒരു ലെഡ്ജർ പോലെ ക്രയവിക്രയങ്ങൾ ഡിജിറ്റലി രേഖപ്പെടുത്തുന്നു. ഇത് ആർക്കും തിരുത്താൻ കഴിയുന്നതല്ല. ആരാണോ കറൻസിയുടെ നിലവിലെ ഉടമസ്ഥ, അവർക്ക് മാത്രമാകും ഈ കൈമാറ്റ ഹിസ്റ്ററി പരിശോധിക്കാൻ കഴിയുക.

ക്രിപ്റ്റോകറൻസികൾ ഉപയോഗിക്കുന്നതിന് ഒരു ക്രിപ്റ്റോകറൻസി വാലറ്റ് ആവശ്യമാണ്. ഈ വാലറ്റുകൾ ക്ലൗഡ് അധിഷ്ഠിത സേവനമോ കമ്പ്യൂട്ടറിലോ മൊബൈലിലോ സംഭരിച്ചിരിക്കുന്നതോ ആയ സോഫ്റ്റ്വെയറോ ആകാം. ഉടമയുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുകയും നിങ്ങളുടെ ക്രിപ്റ്റോകറൻസിയിലേക്ക് ലിങ്ക് ചെയ്യുകയും ചെയ്യുന്ന എൻക്രിപ്ഷൻ കീകൾ സംഭരിക്കുന്ന ഉപകരണമാണ് വാലറ്റുകൾ. നിരവധി വാലറ്റുകൾ ഇപ്പോൾ നിലവിലുണ്ട്. കോയിൻബേസ്, മെറ്റാമാസ്ക്ക്, ബിനാൻസ്, എക്സോഡസ് തുടങ്ങിയവ മേഖലയിലെ ചില പ്രധാനികളാണ്. ഏകീകൃത സംവിധാനം ഇല്ലാത്തത് കൊണ്ട് തന്നെ വ്യക്തികളെ പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണികളായും ഈ വാലറ്റുകൾ പ്രവർത്തിക്കും. പി ടു പി (പേഴ്സൺ ടു പേഴ്സൺ) എന്നാണ് ഈ കൈമാറ്റ രീതി അറിയപ്പെടുന്നത്.

'ക്രിപ്റ്റോ' ചരിത്രം

ആവശ്യമാണ് സൃഷ്ടിയുടെ മാതാവ് എന്ന പ്രയോഗം പോലെ ഡിജിറ്റൽ യുഗത്തിന്റെ ആവശ്യമായിരുന്നു ഡിജിറ്റൽ പണം. 1983 ൽ അമേരിക്കൻ ക്രിപ്റ്റോഗ്രാഫർ ഡേവിഡ് ലീ ചാഉം ഡിജിറ്റൽമണിയുടെ ആദ്യ മാതൃക ഉണ്ടാക്കി. ഇതിനെ 'ഇക്യാഷ്' എന്നാണ് അറിയപ്പെട്ടത്. പിന്നീട് ഇത് 'ഡിജിക്യാഷ്' എന്ന കമ്പനിയിലേക്ക് മാറി. തേർഡ് പാർട്ടിക്ക് 'ഇക്യാഷ്' കൈമാറ്റം ട്രേസ് ചെയ്യാൻ കഴിയില്ല എന്നതായിരുന്നു ഇതിന്റെ പ്രധാന പ്രത്യേകത. പിന്നീടും ഈ മേഖലയിൽ നിരവധി ഗവേഷണങ്ങൾ നടന്നു.

ബിറ്റ് കോയിൻ ആണ് ആദ്യമുണ്ടാക്കിയതും നിലവിൽ പ്രചാരത്തിലുള്ളതുമായ ക്രിപ്റ്റോകറൻസി. 2009 ജനുവരിയിൽ സതോഷി നകാമോട്ടോ എന്ന അപരനാമത്തിൽ ആണ് ബിറ്റ്കോയിൻ അവതരിപ്പിക്കുന്നത്. തുടർന്ന് 2011 ൽ കൂടുതൽ ഡിസെൻട്രലൈസ് ചെയ്ത ഡൊമൈൻ നെയിം സിസ്റ്റം ഉപയോഗിച്ച് നെയിംകോയിൻ അവതരിപ്പിച്ചു. തുടർന്ന് നിരവധി ക്രിപ്റ്റോകൾ നിലവിൽ വന്നു. എഥീരിയം, ബിനാൻസ്, ടെതർ യുഎസ്, റിപ്പിൾ, ഡോജ് കോയിൻ, ഷിബായിനു, ലൈറ്റ് കോയിൻ തുടങ്ങിയവയാണ് പ്രധാന ക്രിപ്റ്റോകറൻസികൾ. നിലവിൽ 12,000 ത്തിലധികം ക്രിപ്റ്റോകറൻസികൾ മാർക്കറ്റിലുണ്ട്. 2020 ലെ ക്രിപ്റ്റോഗ്രാഫിന്റെ വമ്പൻ കുതിച്ചുചാട്ടത്തിന് ശേഷം നിരവധി പുതിയ ക്രിപ്റ്റോ കറൻസികൾ വിപണിയിൽ എത്തുന്നുണ്ട്. മാസത്തിൽ ആയിരത്തോളം പുതിയ ക്രിപ്റ്റോകറൻസികൾ ഉദയം ചെയ്യുണ്ടെന്നാണ് കണക്കുകൾ.

ക്രിപ്റ്റോയുടെ ജനകീയത

എന്താണ് ക്രിപ്റ്റോയെ ഇത്രയും ജനകീയമാക്കുന്ന ഘടകം? സുപ്രധാനവും വളരെ വേഗത്തിലും ക്രിപ്റ്റോ ജനകീയമാക്കാൻ ഉണ്ടായ കാരണം 2020 സെപ്റ്റംബറിലെ ക്രിപ്റ്റോ ബൂം ആയിരുന്നു. ഒരു ബിറ്റ്കോയിന് 2015 ൽ 20,000 രൂപയ്ക്ക് അടുത്തായിരുന്നു മൂല്യം. ഇത് ക്രമേണ 2020 ആകുമ്പോഴേക്കും 10 ലക്ഷം ഇന്ത്യൻ രൂപയായി. സെപ്റ്റംബറിന് ശേഷം ഈ ഗ്രാഫ് കുതിച്ച് ചാടി 50 ലക്ഷം രൂപയ്ക്ക് അടുത്തെത്തി. വളരെ വേഗം വളരുന്ന നിക്ഷേപമെന്ന നിലയിലാണ് ക്രിപ്റ്റോ ജനപ്രിയമായത്. ഒപ്പം 2020 ൽ നിലനിന്ന കൊറോണ നിയന്ത്രണങ്ങളും ഡിജിറ്റൽ സാധ്യതകളും പ്രേരകശക്തി ആയിട്ടുണ്ടാകാം. ഒപ്പം എലോൺ മസ്ക്കിനെ പോലെയുള്ള ലോക വ്യവസായ ലീഡേഴ്സിന്റെ ചർച്ചകളിൽ ക്രിപ്റ്റോ സാധ്യതകൾ കടന്നുവരികയും ചെയ്തു. പരമ്പരാഗത നിക്ഷേപ മാതൃകകളിൽ നിന്ന് മാറി ചിന്തിക്കുന്ന യുവ നിക്ഷേപകരാണ് ക്രിപ്റ്റോയുടെ ആരാധകരെന്നതും ശ്രദ്ധേയമാണ്.

സ്റ്റേറ്റിന്റെ ഉടമസ്ഥതിയുള്ള പണം പലവിധ കൃത്രിമ ഇടപെടലുകൾക്ക് വിധേയമാകുന്നു. കൈമാറ്റം നടത്തുന്ന വ്യക്തികളെ അവരുടെ ഇടപാടുകളെ നിരീക്ഷിക്കാൻ സാധ്യമാകുന്നു തുടങ്ങിയ വിമർശങ്ങളും ക്രിപ്റ്റോകറൻസിയുടെ ജനകീയത വർധിപ്പിക്കുന്ന ഘടകങ്ങളാണ്.

രാജ്യമോ അധികാരികളോ അറിയരുതെന്ന് താൽപര്യപ്പെടുന്ന ക്രയവിക്രയങ്ങൾ നടത്താൻ ക്രിപ്റ്റോ തിരഞ്ഞെടുക്കാം. അടുത്തകാലത്തായി ഡാർക്ക് വെബ് വ്യാപാരങ്ങളിൽ ക്രിപ്റ്റോ ഉപയോഗം വർധിച്ചു. നിയന്ത്രിക്കാനോ പിന്തുടരാനോ കഴിയില്ല എന്നത് ക്രിപ്റ്റോയ്ക്ക് അധോലോക മാർക്കറ്റിൽ പ്രിയമേറാൻ കാരണമായി.

ക്രിപ്‌റ്റോകറൻസികൾ പൊതുവെ പ്രായോഗികമായി ഒരു പ്രത്യേക അസറ്റ് ക്ലാസായിട്ടാണ് കാണുന്നത്.ചില ക്രിപ്‌റ്റോ സ്കീമുകൾ ക്രിപ്‌റ്റോകറൻസി നിലനിർത്താൻ വാലിഡേറ്ററുകൾ ഉപയോഗിക്കുന്നു. ഒരു പ്രൂഫ്-ഓഫ്-സ്റ്റേക്ക് മോഡലിൽ, ഉടമകൾക്ക് അവരുടെ ടോക്കണുകൾ ലഭിക്കുന്നു. പകരമായി, അവർ ഓഹരിയെടുക്കുന്ന തുകയ്ക്ക് ആനുപാതികമായി ടോക്കണിന്റെ മേൽ അവർക്ക് അധികാരം ലഭിക്കും. സാധാരണയായി, ഈ ടോക്കൺ സ്റ്റേക്കറുകൾക്ക് നെറ്റ്‌വർക്ക് ഫീസ്, പുതുതായി തയ്യാറാക്കിയ ടോക്കണുകൾ അല്ലെങ്കിൽ മറ്റ് റിവാർഡ് മെക്കാനിസങ്ങൾ എന്നിവ വഴി ടോക്കണിൽ അധിക ഉടമസ്ഥാവകാശം ലഭിക്കും.

ക്രിപ്റ്റോ നിക്ഷേപത്തിന്റെ അപകടസാധ്യതകൾ എന്തൊക്കെയാണ്?

പരമ്പരാഗത കറൻസികൾ ബിറ്റ് കോയിൻ (ഏറ്റവും മൂല്യമുള്ളതും ജനപ്രിയവുമായ ക്രിപ്റ്റോകറൻസി) അല്ലെങ്കിൽ മറ്റ് ഏതെങ്കിലും ക്രിപ്റ്റോയായി പരിവർത്തനം ചെയ്യുന്നതിനുമുമ്പ്, ക്രിപ്റ്റോകറൻസികൾ എന്താണെന്നും അത് ഉപയോഗിക്കുന്നതിലെ അപകടസാധ്യതകളെന്താണെന്നും, നിക്ഷേപം എങ്ങനെ സംരക്ഷിക്കാമെന്നും മനസ്സിലാക്കണം.

ക്രിപ്റ്റോകറൻസികൾ ഇപ്പോഴും താരതമ്യേന പുതിയതാണ്, ഈ ഡിജിറ്റൽ കറൻസികളുടെ വിപണി വളരെ അസ്ഥിരമാണ്. ക്രിപ്റ്റോകറൻസികളെ നിയന്ത്രിക്കാൻ ബാങ്കുകളോ മറ്റേതെങ്കിലും മൂന്നാം കക്ഷിയോ ഇല്ലാത്തതിനാൽ അവ ഇൻഷ്വർ ചെയ്യപ്പെടാത്തവയാണ്. പരമ്പരാഗത കറൻസിയുടെ രൂപത്തിലേക്ക് (യുഎസ് ഡോളറോ യൂറോയോ രൂപയോ പോലെ) പരിവർത്തനം ചെയ്യാൻ പ്രയാസമാണ്.

ക്രിപ്റ്റോ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള അദൃശ്യ ആസ്തികളായതിനാൽ, മറ്റേതൊരു അദൃശ്യ സാങ്കേതിക ആസ്തിയെപ്പോലെ ക്രിപ്റ്റോയും ഹാക്ക് ചെയ്യപ്പെടാം. ഒരു ഡിജിറ്റൽ വാലറ്റിൽ ക്രിപ്റ്റോകറൻസികൾ സംഭരിക്കുന്നതിനാൽ, വാലറ്റ് നഷ്ടപ്പെടുകയാണെങ്കിൽ അല്ലെങ്കിൽ വാലറ്റ് ബാക്കപ്പുകളിലേക്കുള്ള ആക്സസ് നഷ്ടമായാൽ മുഴുവൻ ക്രിപ്റ്റോ നിക്ഷേപവും നഷ്ടപ്പെടാൻ സാധ്യതയുണ്ട്. വാലറ്റുകളുടെ വിശ്വാസ്യത, സാമ്പത്തിക അടിത്തറ തുടങ്ങിയവയും നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന ഘടകങ്ങളാണ്.

ക്രിപ്റ്റോ നിക്ഷേപം എങ്ങനെ സംരക്ഷിക്കാം

ക്രിപ്റ്റോകറൻസിയിൽ നിക്ഷേപിക്കുന്നതിനുമുമ്പ്, അത് എങ്ങനെ പ്രവർത്തിക്കുന്നുവെന്നും അത് എവിടെ ഉപയോഗിക്കാമെന്നും അത് എങ്ങനെ കൈമാറ്റം ചെയ്യാമെന്നും കൃത്യമായി മനസ്സിലാക്കാൻ ശ്രമിക്കുക. കറൻസിയെക്കുറിച്ചുള്ള ലേഖനങ്ങളും അടിസ്ഥാന വിവരങ്ങളും വായിക്കുക. എങ്ങനെയാണ് അത് പ്രവർത്തിക്കുന്നത്, സാധ്യതകൾ എന്തൊക്കെ എന്ന് ധാരണ ഉണ്ടാക്കാം. കൂടാതെ വാങ്ങാൻ പരിഗണിക്കുന്ന ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള സ്വതന്ത്ര ലേഖനങ്ങളും വായിക്കുക.

വിശ്വസനീയമായ വാലറ്റ് ഉപയോഗിക്കുക. നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ വാലറ്റ് തിരഞ്ഞെടുക്കുന്നതിന് നിങ്ങളുടെ ഭാഗത്ത് കുറച്ച് പഠനം നടത്തേണ്ടതുണ്ട്. കമ്പനിയുടെ വിശ്വാസ്യത, ജനകീയത ഒക്കെ മനസിലാക്കുക. വിശ്വാസ്യത ഇല്ലാത്ത കമ്പനികൾ മുഖേന വലിയ തുക നിക്ഷേപിക്കുന്നത്തിന്റെ അപകടസാധ്യത ഊഹിക്കാമല്ലോ, അല്ലേ?

ഒരു ഡിവൈസ് ബാക്കപ്പ് ഉണ്ടായിരിക്കുക. കമ്പ്യൂട്ടറോ മൊബൈലോ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ അല്ലെങ്കിൽ നിങ്ങൾക്ക് അതിലേക്ക് ആക്സസ് നഷ്ടമാവുകയോ ചെയ്താൽ എന്ത് സംഭവിക്കുമെന്ന് ആലോചിച്ച് നോക്കൂ. അതിനാൽ തന്നെ സുരക്ഷിതമായി അനായാസേന നിക്ഷേപം പിൻവലിക്കുന്നതിന് ബാക്കപ്പ് സംവിധാനം ഒരുക്കാൻ ശ്രമിക്കുക.

ക്രിപ്റ്റോയും ലോകരാജ്യങ്ങളുടെ നയവും

ക്രിപ്റ്റോകറൻസിക്ക് നികുതി അടയ്ക്കണോ എന്നതാണ് ഡിജിറ്റൽ പണം ജനപ്രിയമാകുമ്പോൽ ഉയരുന്ന പ്രധാന ചോദ്യങ്ങളിൽ ഒന്ന്. അതോടൊപ്പം സെൻട്രൽ ബാങ്കുകളുടെ നിയന്ത്രണത്തിൻ കീഴൽ വരാത്തതും അധികാരികൾക്ക് ആശങ്ക സൃഷ്ട്ടിച്ചു. വിവിധ രാജ്യങ്ങൾ ഇക്കാര്യത്തിൽ വിവിധ നിലപാടാണ് സ്വീകരിച്ചത്. ചില രാജ്യങ്ങൾ ക്രിപ്റ്റോയെ ഇരുകയ്യും നീട്ടി സ്വീകരിച്ചു, ചിലർ നിയന്ത്രങ്ങൾ ഏർപ്പെടുത്തി നിലനിർത്തി എന്നാൽ ചിലർ അപ്പാടെ നിരോധിച്ചു.

എൽ സാൽവദോർ (നോർത്ത് അമേരിക്കൻ ഭൂഖണ്ഡത്തിന്റെ തെക്ക് ഭാഗം) 2021 ൽ ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിൻ ലീഗൽ ടെണ്ടറായി അംഗീകരിച്ച ആദ്യത്തെ രാജ്യമായി. തുടർന്ന് സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കും ഇതേ പാത സ്വീകരിച്ചു. ഇവിടങ്ങളിൽ എല്ലാ ഔദ്യോഗിക വ്യവഹാരങ്ങൾക്കും ബിറ്റ് കോയിൻ ഉപയോഗിക്കാം.

അമേരിക്ക, യുണൈറ്റഡ് കിങ്ഡം, കാനഡ, ഇന്ത്യ, സൗദി അറേബ്യാ, യുഎഇ, ജോർദാൻ, ഇസ്രായേൽ, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ ക്രിപ്റ്റോയെ നിയമം മൂലം നിയന്ത്രിച്ചു. ഒപ്പം ചില രാജ്യങ്ങൾ അവ ആദായ നികുതിക്ക് കീഴിൽ കൊണ്ടുവരികയും ചെയ്തു. ക്രിപ്റ്റോ കറൻസി നിയമവിരുദ്ധ പ്രവർത്തങ്ങൾക്ക് ഉപയോഗിക്കുന്നത് തടയാൻ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് അന്നത്തെ ഇന്ത്യൻ ധനമന്ത്രി അരുൺ ജെയ്റ്റ്ലി പ്രഖ്യാപിച്ചിരുന്നു.

അതേസമയം ചൈന, അഫ്ഘാനിസ്ഥാൻ, ബൊളീവിയ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങൾ ക്രിപ്റ്റോ പൂർണമായും നിരോധിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിൽ ക്രിപ്റ്റോ ക്രയവിക്രയം പോലും നിയമവിരുദ്ധമാണ്. ക്രിപ്റ്റോ ഭീകരവാദത്തിനും, വിഘടന പ്രവർത്തങ്ങൾക്കും ഉപയോഗിക്കുന്നു എന്ന് ആരോപിച്ചാണ് ചൈന കടുത്ത നടപടിയിലേക്ക് തിരിഞ്ഞത്. ലോകത്തിൽ തന്നെ ഏറ്റവുമധികം ക്രിപ്റ്റോ വ്യാപാരം നടന്നിരുന്ന ചൈനയുടെ നടപടി ക്രിപ്റ്റോ മേഖലയെ ആകെ മാന്ദ്യത്തിലേക്ക് നയിച്ചു എന്നതും ശ്രദ്ധേയമാണ്.

ക്രിപ്റ്റോയും പ്രകൃതിയും

ക്രിപ്റ്റോ പേപ്പർകറൻസി അല്ലെന്നത് പ്രകൃതിക്ക് അനുകൂലമായ ഘടകമാണോ? എന്നാൽ ക്രിപ്റ്റോ മൈനിങിന് വളരെയധികം വൈദ്യുതി ചിലവാകും എന്ന വിമർശനം ശക്തമായി ഉയർന്നിട്ടുണ്ട്. ഇതിന് ഉപയോഗിക്കുന്ന ഹാർഡ് വെയറുകൾ വേഗം കാലഹരണപ്പെടുന്നത് കൊണ്ട് ഇലക്ട്രോണിക്ക് മലിനീകരണം വളരെ കൂടുതലാണ്. ഉയർന്ന തോതിലുള്ള കാർബൺ ഫുട് പ്രിന്റിനാണ് ക്രിപ്റ്റോകറൻസി കാരണമാകുന്നത്, ബിറ്റ് കോയിൻ 2021 വരെ ഏകദേശം 65 ദശലക്ഷം ടൺ കാർബൺ പുറന്തള്ളാൻ കാരണമായി എന്നാണ് കണക്കുകൾ. ഏറ്റവും മൂല്യമേറിയ ക്രിപ്റ്റോയായ ബിറ്റ് കോയിൻ ഒരു ട്രാൻസാക്ഷന് ഏകദേശം 707 കിലോവാട്ട് അവർ വൈദ്യുതി ഉപയോഗിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ക്രിപ്റ്റോ ഒരു നുണക്കഥയോ?

ക്രിപ്റ്റോ കറൻസികൾ വളരെ വേഗം മാർക്കറ്റിലേക്ക് വരികയും വമ്പൻ വളർച്ച നേടുകയും ചെയ്തു. എന്നാൽ വേഗം തന്നെ മാന്ദ്യം നേരിടുകയും ഉയർന്നു നിന്നിരുന്ന ഗ്രാഫുകൾ ഇടിഞ്ഞു. ഇതാണ് ക്രിപ്റ്റോ പണം തട്ടാനുള്ള ഒരു വമ്പൻ നുണകഥയാണോ എന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ആശങ്കയും ഉയരാൻ ഇടയാക്കിയത്. എന്നാൽ ലോകത്തിലെ മിക്ക രാജ്യങ്ങളും ക്രിപ്റ്റോ നിയന്ത്രണ ബില്ലുകളും, നിയമങ്ങളും മുഖേന ക്രിപ്റ്റോയെ അംഗീകരിച്ച് കഴിഞ്ഞു എന്നതാണ് വസ്തുത. ഇത് തന്നെ ക്രിപ്റ്റോയുടെ വിശ്വാസ്യത വർധിപ്പിക്കുന്ന ഘടകമാണ്.

എന്നാൽ ഇതിനൊപ്പം ഉയർന്ന മറ്റൊരു ചോദ്യമായിരുന്നു ക്രിപ്റ്റോ പരമ്പരാഗത കറൻസികൾക്ക് പകരമാകുമോ എന്നത്. എന്നാൽ ഡിസെൻട്രലൈസ്ഡ് പണമായി ക്രിപ്റ്റോ പ്രധാന കറൻസിയായാൽ പണപ്പെരുപ്പം നാണ്യച്ചുരുക്കം തുടങ്ങിയ സാഹചര്യങ്ങളിൽ എങ്ങനെ ഇടപെടൽ നടത്താനാകും. അതിനാൽ തന്നെ അടുത്ത ദശകത്തിലൊന്നും ക്രിപ്റ്റോ പരമ്പരാഗത കറൻസിക്ക് പകരമാവില്ല എന്ന് ഉറപ്പിക്കാം. എന്നാൽ ഭാവിയിൽ എത്രത്തോളം പ്രാധാന്യം നേടും, സ്ഥിരത കൈവരിക്കാൻ എത്ര കാലം വേണം എന്നത് കാത്തിരുന്ന് കാണുക തന്നെ വേണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com