അരുൺ ശ്രീനിവാസ് മെറ്റാ ഇന്ത്യയുടെ പുതിയ മാനേജിംഗ് ഡയറക്ടറും മേധാവിയുമാകും. ജൂലൈ 1ന് സന്ധ്യ ദേവനാഥന് പകരം അരുൺ ശ്രീനിവാസ് ചുമതലയേൽക്കും. സന്ധ്യ ദേവനാഥന് ഇന്ത്യയുടെയും തെക്കുകിഴക്കൻ ഏഷ്യയുടെയും അധിക ചുമതല നൽകിയതിനെ തുടർന്നാണ് തീരുമാനം. കമ്പനിയിലെ പുതിയ റോൾ ഏറ്റെടുത്തതിന് ശേഷവും ശ്രീനിവാസ്, സന്ധ്യ ദേവനാഥന് റിപ്പോർട്ട് ചെയ്യുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
മെറ്റയുടെ ബിസിനസിന്റെ ദീർഘകാല വളർച്ചയ്ക്കും ഇന്ത്യയോടുള്ള പ്രതിബദ്ധതയ്ക്കും പിന്തുണ നൽകുന്നത് തുടരുന്നതിനൊപ്പം, പങ്കാളികളെയും ക്ലയന്റുകളെയും സേവിക്കുന്നതിനായി സ്ഥാപനത്തിന്റെ ബിസിനസ്, നവീകരണം, വരുമാന മുൻഗണനകൾ എന്നിവ ഒരുമിച്ച് കൊണ്ടുവരുന്നതിലായിരിക്കും ശ്രീനിവാസ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് മെറ്റ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
മെറ്റയുടെ ഇന്ത്യയിലെ പരസ്യ ബിസിനസ് ഡയറക്ടറും മേധാവിയുമായി സേവനമനുഷ്ഠിക്കുന്ന ഒരു വ്യവസായ വിദഗ്ദ്ധനാണ് അരുൺ ശ്രീനിവാസ്. ഉദ്യോഗസ്ഥന്റെ ലിങ്ക്ഡ്ഇൻ പ്രൊഫൈൽ അനുസരിച്ച്, 2020 സെപ്റ്റംബറിൽ കമ്പനിയിൽ ജോലി ആരംഭിച്ചതിന് ശേഷം ശ്രീനിവാസ് നാല് വർഷവും പത്ത് മാസവും കമ്പനിയിൽ സേവനമനുഷ്ഠിച്ചു.
മെറ്റയുടെ ഇന്ത്യയിലെ പരസ്യ ബിസിനസിന് നേതൃത്വം നൽകുന്നതിനു മുമ്പ്, ശ്രീനിവാസ് 2020 സെപ്റ്റംബർ മുതൽ 2022 സെപ്റ്റംബർ വരെ മെറ്റയുടെ ഗ്ലോബൽ ബിസിനസ് ഗ്രൂപ്പിന്റെ ഡയറക്ടറും തലവനുമായിരുന്നു. മെറ്റയിൽ എത്തുന്നതിന് മുമ്പ്, നിരവധി പ്രമുഖ സ്ഥാപനങ്ങൾക്ക് വേണ്ടി അരുൺ ശ്രീനിവാസ് പ്രവർത്തിച്ചിട്ടുണ്ട്. മെറ്റാ ഇന്ത്യയുടെ തലവനായി നിയമിതനാകാൻ പോകുന്ന അദ്ദേഹം 1996ൽ ഷൂ കമ്പനിയായ റീബോക്കിൽ പ്രൊഡക്റ്റ് മാനേജരായാണ് തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് യൂനിലിവർ, വെസ്റ്റ്ബ്രിഡ്ജ് ക്യാപിറ്റൽ പാർട്നേഴ്സ്, ഒല തുടങ്ങിയ കമ്പനികൾക്ക് വേണ്ടിയും പ്രവർത്തിച്ചിട്ടുണ്ട്.