

ക്രിപ്റ്റോ കറൻസിയെന്തെന്ന് ചോദിച്ചാൽ പണക്കാരനാവാനുള്ള ഏറ്റവും എളുപ്പ മാർഗമെന്നായിരിക്കും മിക്കവരുടെയും ഉത്തരം. 2020 സെപ്റ്റംബറിലുണ്ടായ ക്രിപ്റ്റോ ബൂം ആണ് ഇതിനുള്ള പ്രധാന കാരണം. 2015ൽ 20,000 രൂപക്ക് വാങ്ങിയ കോയിനുകളുടെ വില 2020 ൽ 10 ലക്ഷത്തിലേക്കും 2020 സെപ്റ്റംബറിന് ശേഷം 50 ലക്ഷത്തിലേക്കും ചാടിയതോടെ വളരെ വേഗത്തിൽ വളരുന്ന നിക്ഷേപമെന്ന പേര് ക്രിപ്റ്റോ കറൻസിക്ക് ലഭിച്ചു. ക്രിപ്റ്റോ മാർക്കറ്റിൽ അന്ന് കുറച്ച് പൈസ മുടക്കിയിരുന്നെങ്കിൽ ഇന്ന് ലക്ഷപ്രഭുവായേനെ എന്ന ചിന്തയാണ് മിക്കവർക്കും. ക്രിപ്റ്റോ കറൻസികളിൽ തരംഗമായിരുന്ന ബിറ്റ്കോയിന് പിന്നാലെയെത്തിയ എതേറിയം, കാർഡാനം, റിപ്പിൾ എന്നീ കോയിനുകളും മാർക്കറ്റിലെ താരങ്ങളാണ്. ഫോൺ സ്ക്രീനിൽ ടാപ്പ് ചെയ്ത് നേടുന്ന ഹാംസ്റ്റർ കോയിനെന്ന പുതിയ ക്രിപ്റ്റോ കോയിനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങായിക്കൊണ്ടിരിക്കുന്നത്.
എന്താണ് ഹാംസ്റ്റർ കോംബാറ്റ്
ഡോഗെകോയിൻ(Dogecoin), ഷിബാ ഇനു(Shiba Inu) തുടങ്ങിയ മീം കോയിൻസിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ട്രേഡിങ്ങ് രംഗത്തേക്കെത്തിയ പുതിയ കമ്പനിയാണ് ഹാംസ്റ്റർ കോംബാറ്റ്. മറ്റ് മീം നാണയങ്ങളെ പോലെ തന്നെ കമ്മ്യൂണിറ്റി എൻഗേജ്മെൻ്റും വൈറൽ മാർക്കറ്റിങ്ങും വഴിയാണ് ഹാംസ്റ്റർകോയിനുകളും അതിൻ്റെ മൂല്യം വർധിപ്പിക്കുന്നത്. ബിനാൻസ് സ്മാർട്ട് ചെയിനിൻ്റെ ഭാഗമായി പ്രവർത്തിക്കുന്നതിനാൽ തന്നെ ബ്ലോക്ക്‌ചെയിൻ്റെ ജനപ്രീതിയും കുറഞ്ഞ ട്രാൻസാക്ഷൻ ഫീസും ഹോംസ്റ്റർ കോംബാറ്റ് നന്നായി പ്രയോജനപ്പെടുത്തുന്നുണ്ട്. മറ്റ് കോയിനുകളെ അപേക്ഷിച്ച് ഹാംസ്റ്റർ കോയിനുകൾക്ക് വിലകുറവായതിനാൽ ചെറുകിട വ്യാപാരികൾക്ക് വരെ ഹാംസ്റ്റർ കോയിനിൽ നിക്ഷേപിക്കാൻ സാധിക്കുന്നു.
ലോഞ്ചിങ്ങിൻ്റെ ഭാഗമായി ഉപഭോക്താക്കൾക്ക് സൗജന്യമായാണ് ഹാംസ്റ്റർ കോംബാറ്റ് കോയിനുകൾ നൽകുന്നത്. മെസ്സേജിങ്ങ് പ്ലാറ്റ്‌ഫോമായ ടെലിഗ്രാമിലൂടെയാണ് ഹാംസ്റ്റർ കറൻസി നമുക്ക് നേടാൻ സാധിക്കുക. ഹാംസ്റ്റർ കോംബാറ്റെന്ന ഗെയിം വഴി സ്ക്രീനിലെ ഹാംസ്റ്ററിനെ ടാപ്പ് ചെയ്ത് കൊണ്ട് പോയിൻ്റുകൾ സ്വന്തമാക്കാം. ഇൻ്റർഫെൈസിലെ മൈനിങ്ങ് ഹാംസ്റ്ററിനെ അപ്ഡേറ്റ് ചെയ്യാനും കൂടുതൽ കോയിനുകൾ സ്വന്തമാക്കാനുമുള്ള അവസരവും നമുക്ക് ലഭിക്കും.ഏകദേശം 15 കോടി ആളുകളാണ് നിലവിൽ ഹാംസ്റ്റർ കോംബാറ്റ് ഗെയിം കളിക്കുന്നത്.
മേയ് അവസാനത്തോടെയാണ് ദി ഓപ്പൺ നെറ്റ്‌വർക്ക്(ടോൺ) വഴി ടോക്കൺ സ്വീകരിച്ചുകൊണ്ട് ഹാംസ്റ്റർ കോംബാറ്റ് രംഗത്തെത്തുന്നത്. വർഷങ്ങൾക്ക് മുൻപ് തന്നെ ടെലിഗ്രാമിൽ സജീവമായ കോയിനാണ് ടോൺകോയിൻ. ഈ വർഷത്തെ ഏറ്റവും വലിയ ഗൈമിങ്ങ് ടോക്കൺ ലോഞ്ചെന്ന പേര് നേടിയ നോട്ട്കോയിന് സമാനമായ രീതിയിലാണ് ഹാംസ്റ്റർ കോംബാറ്റും പ്രവർത്തിക്കുന്നത്. വർധിച്ചു വരുന്ന നോട്ട്കോയിൻ ഹൈപ്പിനും ഹാംസ്റ്റർ കോംബാറ്റ് പോലുള്ള മറ്റ് ഗെയിമുകൾക്കുള്ള സ്വീകാര്യതക്കും പിന്നാലെ ക്രിപ്റ്റോ കറൻസി മാർക്കറ്റിലെ ടോപ്പ് ടെൻ കാറ്റഗറിയിൽ കയറിപ്പറ്റാൻ ടോൺകോയിന് സാധിച്ചു.
ഹാംസ്റ്റർ കോയിനുകൾ സുരക്ഷിതമാണോ?
ഹാംസ്റ്റർ കോംബാറ്റിനെ വിശ്വസിക്കുന്നവരേറെയാണ്. യൂട്യൂബ്, എക്സ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലെ കോടിക്കണക്കിന് ഫോളോവേഴ്സ് തന്നെയാണ് ഇതിനുള്ള തെളിവ്. എന്നാൽ ഔദ്യോഗിക അക്കൗണ്ടുകളിലൊന്നും ഗെയിമിങ്ങ് സ്റ്റുഡിയോയെ കുറിച്ചോ കോർപ്പറേറ്റ് പാരൻ്റിനെ കുറിച്ചോ പരാമർശിച്ചിട്ടില്ലെന്നതാണ് ഹാംസ്റ്റർ കോംബാറ്റിൻ്റെ വിശ്വസ്യതയ്ക്ക് കോട്ടം വരുന്ന ആദ്യ ഘടകം. മറ്റ് ക്രിപ്റ്റോ കറൻസികൾ തങ്ങളുടെ ഡെവലപ്പേഴ്സിനെ കുറിച്ചും ടേംസിനെ കുറിച്ചും കൃത്യമായ വിവരം നൽകുമ്പോൾ ഹാംസ്റ്റർ കോംബാറ്റ് ഇതുവരെ യാതൊരു വിവരങ്ങളും പുറത്തു വിട്ടിട്ടില്ല. മാത്രമല്ല ജൂലൈയിൽ ലോഞ്ച് ചെയ്യുന്ന കമ്പനി ഇതുവരെ ലാഭവിഹിതത്തെകുറിച്ചും വിവരങ്ങൾ നൽകിയിട്ടില്ല. അതിനാൽ നിരവധി ആളുകളാണ് ഹാംസ്റ്റർ കോയിൻ ഒരു തട്ടിപ്പാണെന്ന് ചൂണ്ടി കാട്ടി രംഗത്തെത്തിയിരിക്കുന്നത്.
2009ൽ സൗജന്യമായെത്തിയ ബിറ്റ്‌കോയിന് ഏകദേശം 53 ലക്ഷം രൂപയാണ് ഇപ്പോൾ വില. ഇതുപോലെ ഇപ്പോൾ സൗജന്യമായി ലഭിക്കുന്ന ഹാംസ്റ്റർ കോയിനും ഭാവിയിൽ നിങ്ങളെ ലക്ഷപ്രഭുക്കളാക്കുമെന്നാണ് ഗെയിമിനെ അനുകൂലിക്കുന്നവരുടെ പക്ഷം. അന്ന് ബിറ്റ്‌കോയിൻ ഇറങ്ങിയപ്പോൾ വളരെ കുറച്ച് പേർ മാത്രമാണ് ഇൻവെസ്റ്റ് ചെയ്യാനെത്തിയത്. എന്നാൽ ഹാംസ്റ്റർ കോംബാറ്റ് ഇത്രയധികം ആളുകളിലേക്കെത്തിയതിനാൽ തന്നെ കോയിന് പ്രതീക്ഷിക്കുന്ന മൂല്യം ലഭിക്കില്ലെന്നാണ് ഒരു കൂട്ടരുടെ വാദം.
എല്ലാ ക്രിപ്റ്റോ കറൻസി നിക്ഷേപകരും തങ്ങളുടെ നിക്ഷേപങ്ങൾക്ക് മുൻപായി കൃത്യമായ പഠനം നടത്തേണ്ടതാണ്. കറൻസിക്ക് പിന്നിലെ ആളുകളും അവരുടെ വിശ്വാസ്യതയും ക്രിപ്റ്റോ കറൻസി നിക്ഷേപത്തിൽ സുപ്രധാനമാണ്. സമൂഹമാധ്യമങ്ങളിലെ ഹൈപ്പ് കണ്ട് ഇൻവെസ്റ്റ് ചെയ്യാൻ തുനിഞ്ഞിറങ്ങുന്നവർ ഈ കോയിനുകളെ പറ്റി നന്നായി പഠിക്കേണ്ടതാവശ്യമാണ്. ഹാംസ്റ്റർ കോയിനുകൾക്ക് ഏറ്റവുമധികം ഉപഭോക്താക്കളുള്ള റഷ്യയും യുക്രൈനും ഹാംസ്റ്റർ കോംബാറ്റ് അപകടകരമാണെന്ന മുന്നറിയിപ്പാണ് പുറത്തു വിട്ടിരിക്കുന്നത്. എന്തായാലും ഹാംസ്റ്ററിന് പിന്നിലെ സത്യാവസ്ഥ അറിയണമെങ്കിൽ ജൂലൈയിൽ കോയിൻ ലോഞ്ച് ചെയ്യുന്നത് വരെ കാത്തിരിക്കേണ്ടി വരും.