
ഇന്തോ-അറബ് സാംസ്കാരിക തനിമയുടെ സംഗമ വേദിയായ റിസ്ഖ് ആർട്ട് ഇനീഷേറ്റീവ് അന്താരാഷ്ട്ര എക്സിബിഷന് കൊച്ചിയിൽ തുടക്കമായി. ഷഫീന യൂസഫലിയുടെ ഉടമസ്ഥതയിലുള്ള റിസ്ഖ് ആർട്ട് ഇനീഷേറ്റീവിൻറെ നേതൃത്വത്തിൽ കേരള ലളിതകലാ അക്കാദമിയും അബുദാബി സാംസ്കാരിക വകുപ്പും ചേർന്നാണ് എക്സ്ബിഷൻ സംഘടിപ്പിക്കുന്നത്. കൊച്ചി ദർബാർ ഹാൾ ഈ കലാമാമാങ്കത്തിൻ്റെ വേദിയാവും. അറബ് മേഖലയിലെ പ്രശസ്തരായ കലാകാരൻമാരുടെ സൃഷ്ടികളാണ് എക്സിബിഷനിലെ പ്രധാന ആകർഷണം.
കേരളത്തിലെയും അറബ് നാടുകളിലെയും കലാകാരൻമാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംരംഭമാണ് റിസ്ഖ് ആർട്ട് ഇനീഷേറ്റീവ്. പരിപാടി കഴിഞ്ഞ ദിവസം വ്യവസായ മന്ത്രി പി. രാജീവ് ചടങ്ങ് ഉദ്ഘാഘടനം ചെയ്തു. കലാകാരൻമാർക്ക് ആഗോളവേദിയൊരുക്കുന്ന ചുവടുവയ്പ്പ് മാതൃകാപരമെന്നും കേരളത്തിലെ കലാകാരൻമാർക്ക് മികച്ച അവസരമാണ് റിസ്ഖ് ആർട്ട് ഇനീഷേറ്റീവ് നൽകുന്നതെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.
ഇന്ത്യയും യുഎഇയും തമ്മിലുള്ള ശക്തമായ ബന്ധത്തിൻറെ നേർസാക്ഷ്യമാണ് റിസ്ഖ് ആർട്ട് ഇനീഷേറ്റീവിൻറെ എക്സിബിഷനെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ എം.എ. യൂസഫ് അലി ചൂണ്ടികാട്ടി. ഇന്തോ അറബ് സാംസ്കാരിക കൈമാറ്റത്തിന്റെ വേദികൂടിയാണ് എക്സിബിഷനെന്നും, കേരളത്തിലെയും അറബ് നാടുകളിലെയും കലാകാരൻമാർക്ക് പിന്തുണയുടെ വാതിൽതുറക്കുകയാണ് പ്രദർശനത്തിന്റെ ലക്ഷ്യമെന്നും റിസ്ക് ആർട്ട് ഇനീഷേറ്റീവ് ഫൗണ്ടർ കൂടിയായ ഷഫീന യൂസഫലി പറഞ്ഞു.
കേരളത്തിൽ നിന്നുള്ള 14 കലാകാരൻമാർ അടക്കം ഇന്ത്യയിലെ 27 കലാകാരൻമാരുടെ സൃഷ്ടികൾ നേരത്തെ യുഎഇയിൽ റിസ്ഖ് ആർട്ട് ഇനിഷേറ്റീവ് പ്രദർശിപ്പിച്ചിരുന്നു. ഇതിൻറെ തുടർച്ചയായാണ് യുഎഇയിലെ കലാകാരൻമാരുടെ സൃഷ്ടികൾക്ക് കൊച്ചിയിൽ വേദിയൊരുക്കിയത്. ലോകോത്തര കലാകാരൻമാർ ഭാഗമാകുന്ന പാനൽചർച്ചയും എക്സിബിഷന്റെ ഭാഗമായുണ്ട്.
കേരളത്തിലെ കലാകാരൻമാരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഫെലോഷിപ്പുകളും ഷഫീന യൂസഫലിയുടെ നേതൃത്വത്തിൽ നൽകിവരുന്നു. പശ്ചിമേഷ്യയിലെ കലാകാരൻമാരെ അബുദാബിയിലെ റിസ്ക്ക് ആർട്ട് ഇനിഷ്യേറ്റീവ് ആസ്ഥാനത്ത് എത്തിച്ച് സൗജന്യമായി ലോകോത്തര നിലവാരത്തിലുള്ള പരിശീലനവും നൽകുന്നുണ്ട്. ആഗസ്റ്റ് 18വരെയാണ് എക്സിബിഷൻ നടക്കുക.