ആഭ്യന്തര വിമാന സർവീസുകളിലെ വെട്ടിച്ചുരുക്കൽ; കൂടുതലായി ബാധിക്കുക ഈ നഗരങ്ങളെ

യാത്രക്കാർ കൂടുതലുള്ള ഈ റൂട്ടുകളിലെ ആഭ്യന്തര യാത്രക്കാരെയും ഈ തീരുമാനം വലച്ചേക്കും
ആഭ്യന്തര വിമാന സർവീസുകളിലെ വെട്ടിച്ചുരുക്കൽ; കൂടുതലായി ബാധിക്കുക ഈ നഗരങ്ങളെ
Published on
Updated on

ഇന്ധന വില വർധനയെ തുടർന്ന് ജൂൺ മുതൽ ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനികളായ ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവ സർവീസുകൾ വെട്ടിച്ചുരുക്കുകയാണ്. പ്രതിദിനം ഏകദേശം 250ഓളം ആഭ്യന്തര സർവീസുകളാണ് ഇത്തരത്തിൽ ഒഴിവാക്കുക. ജൂൺ മുതൽ ഓഗസ്റ്റ് വരെ ഇത്തരത്തിൽ സർവീസുകൾ കുറയ്ക്കുന്നതിനൊപ്പം വിമാന നിരക്കുകളിലും വർധനയുണ്ടാവും.

വേനൽക്കാല അവധിക്കാല യാത്രകൾക്കും വിനോദത്തിനുമായി കുടുംബങ്ങൾ കൂടുതലായി യാത്ര ചെയ്യുന്ന സമയത്താണ് വിമാന നിരക്കുകൾ കുറയ്ക്കുന്നത്. ഇപ്പോൾ വരുത്തിയിട്ടുള്ള ഈ മാറ്റങ്ങൾ ആഭ്യന്തര വിനോദസഞ്ചാരത്തിന് ഏറ്റവും അനുയോജ്യമായ ഈ സമയത്ത് യാത്രക്കാരുടെ അസൗകര്യം വർധിപ്പിക്കാൻ സാധ്യതയുണ്ട്.

സർവീസുകളിലുണ്ടായ ഈ മാറ്റം ഏറ്റവും കൂടുതലായി ബാധിക്കുക മുംബൈ, ഡൽഹി, ബെംഗളൂരു എന്നീ നഗരങ്ങളിലാണ്. യാത്രക്കാർ കൂടുതലുള്ള ഈ റൂട്ടുകളിലെ ആഭ്യന്തര യാത്രക്കാരെയും ഈ തീരുമാനം വലച്ചേക്കും. ഈ വിമാനത്താവളങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള പല പ്രധാന ബിസിനസ്, വിനോദ റൂട്ടുകളിലും കുറച്ച് സർവീസുകൾ മാത്രമേ ഉണ്ടാകൂ, ഇത് തിരക്കേറിയ സമയത്ത് യാത്ര കൂടുതൽ ബുദ്ധിമുട്ടേറിയതാക്കും.

മുംബൈയിൽ നിന്ന് ജയ്പൂർ, ഗോവ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, അഹമ്മദാബാദ്, നാഗ്പൂർ, പട്ന, ഭോപ്പാൽ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും ഡൽഹിയിൽ നിന്ന് ഗോവ, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, അഹമ്മദാബാദ്, ലഖ്‌നൗ, കൊച്ചി, കൊൽക്കത്ത എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളെയാണ് ഇത് കൂടുതലായും ബാധിക്കുക. റിട്ടേൺ ഫ്ലൈറ്റുകളുടെ കുറവാണ് ബെംഗളൂരുവിനെ കൂടുതലായും പ്രതിസന്ധിയിലാക്കുക.

എയർ ഇന്ത്യ ആഭ്യന്തര ഷെഡ്യൂളിന്റെ ഏകദേശം 22% ആണ് വെട്ടിക്കുറയ്ക്കുക. ഇതനുസരിച്ച് പ്രതിദിനം 500 ആഭ്യന്തര സർവീസുകൾ നടത്തിയിരുന്നതിൽ 110 വിമാന സർവീസുകൾ ഒഴിവാക്കും.പ്രതിദിനം 2,200 ഓളം വിമാന സർവീസുകൾ നടത്തുന്ന ഇൻഡിഗോ, ആഭ്യന്തര ശേഷി 5-7% കുറയ്ക്ന്നതോടെ പ്രതിദിനം 110 വിമാന സർവീസുകൾ കുറയ്ക്കും. അതേസമയം, എയർ ഇന്ത്യ ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനവും ഓൾ-ഇക്കണോമി ക്ലാസ് മോഡലിൽ പ്രവർത്തിക്കുന്ന ലോ-കോസ്റ്റ് കാരിയറുമായ (എൽസിസി) എയർ ഇന്ത്യ എക്സ്പ്രസ്, ഏകദേശം 340 പ്രതിദിന ആഭ്യന്തര വിമാന സർവീസുകളിൽ ഏകദേശം 10% വെട്ടിക്കുറയ്ക്കുകയാണ്. ഇന്ധനവിലയിലെ വർധനവ് മൂലമുണ്ടാകുന്ന താൽക്കാലിക പ്രതിസന്ധിയാണിതെന്നും സ്ഥിതിഗതികൾ മാറുന്നതിനനുസരിച്ച് എത്രയും വേഗം സർവീസുകൾ പുനസ്ഥാപിക്കുമെന്നും വിമാന കമ്പനികൾ വ്യക്തമാക്കി.

News Malayalam 24x7
newsmalayalam.com