

ദീപാവലി ഷോപ്പിങ്ങും ആഘോഷങ്ങളും യാത്രകളുമെല്ലാം കഴിഞ്ഞ സ്ഥിതിക്ക് ഇനി പോക്കറ്റിലെന്ത് ബാക്കിയുണ്ടെന്ന് നോക്കിയാലോ? ചെലവുകളെല്ലാം കഴിഞ്ഞ് സാമ്പത്തിക വിലയിരുത്താനും സേവിങ്‌സ് പുനഃപരിശോധിക്കാനും അടുത്ത വര്‍ഷത്തേക്കുള്ള സാമ്പത്തിക പ്ലാന്‍ തയ്യാറാക്കാനുമുള്ള സമയമാണ് ഇനി.
ആഘോഷകാലത്തെ അധികച്ചെലവുകള്‍ പലപ്പോഴും ബജറ്റിന്റെ താളം തെറ്റിക്കാറുണ്ട്. അതിനാല്‍ എത്രത്തോളം പണം ചെലവായിട്ടുണ്ടെന്ന് പരിശോധിക്കുകയും, വരുംമാസങ്ങളില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.
ചെലവഴിക്കലിലും സമ്പാദ്യശീലങ്ങളിലും ചെറിയ മാറ്റങ്ങള്‍ വരുത്തി പ്ലാന്‍ ചെയ്ത് മുന്നോട്ടു പോയാല്‍ 2027 ല്‍ സാമ്പത്തിക നില കൂടുതല്‍ മെച്ചപ്പെടുത്താനാകും. ഇതിനായി വലിയ നിക്ഷേപങ്ങളോ സങ്കീര്‍ണ്ണമായ പ്ലാനുകളോ ഒന്നും വേണ്ട.
സ്വന്തം ചെലവുകള്‍ വിലയിരുത്താനും അനാവശ്യ ചെലവുകള്‍ ഒഴിവാക്കാനും നിക്ഷേപത്തെ കുറിച്ച് പ്ലാന്‍ ഉണ്ടാക്കാനുമുള്ള ക്ഷമ മാത്രം മതി. അതിനായി താഴെ പറയുന്ന 5 പ്രധാന കാര്യങ്ങള്‍ ശ്രദ്ധിക്കാം.
വാര്‍ഷിക ബജറ്റ് പരിശോധിക്കുക: ദീപാവലി പോലുള്ള ആഘോഷങ്ങള്‍ക്കായി നിങ്ങള്‍ എത്ര തുക ചെലവഴിച്ചു, അത് നിങ്ങളുടെ പ്രതിമാസ ബജറ്റിനെ എങ്ങനെ ബാധിച്ചുവെന്നും മനസ്സിലാക്കുകയാണ് ആദ്യപടി. വരുമാനം, പതിവ് ചെലവുകള്‍, സമ്പാദ്യം എന്നിവ വിലയിരുത്തി പണം എങ്ങനെയൊക്കെയാണ് ചെലവായതെന്ന് കണ്ടെത്തുക. ഒഴിവാക്കാമായിരുന്ന ചെലവുകള്‍ മനസ്സിലാക്കി 2027 ലേക്ക് കൂടുതല്‍ പ്രായോഗികായ പ്രതിമാസ ബജറ്റ് തയ്യാറാക്കാന്‍ ഇത് സഹായിക്കും.
എമര്‍ജന്‍സി ഫണ്ട് തയ്യാറാക്കുക: നിങ്ങളുടെ കുറഞ്ഞത് മൂന്ന് മുതല്‍ ആറ് മാസം വരെയുള്ള ചെലവുകള്‍ക്ക് തുല്യമായ തുക ഒരു എമര്‍ജന്‍സി ഫണ്ടായി സൂക്ഷിക്കുക. ജോലി നഷ്ടപ്പെടുകയോ, അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചികിത്സാ ചെലവുകള്‍ നേരിടുകയോ, അത്യാവശ്യ ബില്ലുകള്‍ വരികയോ ചെയ്യുമ്പോള്‍ ഈ പണം സഹായകരമാകും. അതേസമയം, മുന്‍കൂട്ടി നിശ്ചയിച്ച വാങ്ങലുകള്‍ക്കോ സാധാരണ ചെലവുകള്‍ക്കോ ഈ ഫണ്ടില്‍ നിന്ന് പണം പിന്‍വലിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
ഉയര്‍ന്ന പലിശയുള്ള കടങ്ങള്‍ക്ക് മുന്‍ഗണന: ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളോ ഉയര്‍ന്ന പലിശ ഈടാക്കുന്ന മറ്റ് കടങ്ങളോ ഉണ്ടെങ്കില്‍ അവ തീര്‍ക്കുന്നതിന് മുന്‍ഗണന നല്‍കുക. ഏറ്റവും കൂടുതല്‍ പലിശ ഈടാക്കുന്ന കടങ്ങളില്‍ നിന്ന് തന്നെ തിരിച്ചടവ് ആരംഭിക്കുക. കാരണം അവ കാലക്രമേണ നിങ്ങളുടെ സാമ്പത്തിക ഭാരം വര്‍ധിപ്പിക്കും. ഈ കടങ്ങള്‍ വീട്ടുന്നത് വഴി ഓരോ മാസവും കൂടുതല്‍ തുക സേവ് ചെയ്യാന്‍ സാധിക്കും.
നിക്ഷേപങ്ങള്‍ പുനഃപരിശോധിക്കുക: നിങ്ങളുടെ മ്യൂച്വല്‍ ഫണ്ടുകള്‍, ഓഹരികള്‍, സ്ഥിര നിക്ഷേപങ്ങള്‍മറ്റ് നിക്ഷേപങ്ങള്‍ എന്നിവ സൂക്ഷ്മമായി പരിശോധിക്കുക. അവ നിങ്ങളുടെ നിലവിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കും റിസ്‌ക് എടുക്കാനുള്ള കഴിവിനും അനുയോജ്യമാണോ എന്ന് വിലയിരുത്തുക. നിങ്ങളുടെ ആവശ്യങ്ങള്‍ മാറിയിട്ടുണ്ടെങ്കില്‍, ഇക്വിറ്റി, ഡെറ്റ് നിക്ഷേപങ്ങളുടെ അനുപാതം ക്രമീകരിച്ചുകൊണ്ട് പോര്‍ട്ട്‌ഫോളിയോ പുനഃക്രമീകരിക്കേണ്ടി വന്നേക്കാം.
2027-ലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നേരത്തേ തീരുമാനിക്കുക: വാഹനം വാങ്ങുക, വീട് വാങ്ങുക അല്ലെങ്കില്‍ ചെലവേറിയ യാത്രകള്‍ പോലുള്ള വലിയ ലക്ഷ്യങ്ങള്‍ അടുത്ത വര്‍ഷം ഉണ്ടെങ്കില്‍, അതിന് ആവശ്യമായ തുക കണക്കാക്കി പണം നേരത്തേ മാറ്റി വെച്ചുതുടങ്ങുക. ഇത്തരം ചെലവുകള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്നത് അനാവശ്യ കടങ്ങള്‍ ഒഴിവാക്കാനും പ്രതിമാസ സമ്പാദ്യം തടസ്സപ്പെടാതിരിക്ാകനും സഹായിക്കും.