ഓണക്കാലമാണ്, ആഘോഷക്കാലമാണ്. അവധിക്കാലവുമാണ്. ഒത്തുകൂടലും, യാത്രകളും, ആഷോഷപരിപാടികളുമൊക്കെ പൊടിപൊടിക്കണം.അത് തർക്കമില്ലാത്ത കാര്യമാണ്.പക്ഷെ ഇതിനൊക്കെ സാമ്പത്തികമായി എത്രകണ്ട് തയ്യാറെടുത്തുവെന്ന് കൂടെ ആലോചിക്കേണ്ടതല്ലേ? തീർച്ചയായും വേണ്ടതാണ്.
ഒട്ടും ചെറുതല്ലാത്ത ഒരു ഷോപ്പിംഗ് കാലം കൂടിയാണ് ഓണം. കളമൊരുക്കാൻ പൂക്കൾ മുതൽ സദ്യയ്ക്കുള്ള വകകളും, പുത്തനുടുപ്പും എന്നുവേണ്ട ഈക്കാലത്ത് ഗൃഹോപകരണങ്ങളും വാഹനങ്ങഴും വരെ വാങ്ങുന്നവർ നിരവധിയുണ്ട്. നോക്കി വച്ചിരുന്ന വിലകൂടിയ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, വാഹനങ്ങൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ, സമ്മാനങ്ങൾ എന്നിവയ്ക്കായി ആളുകൾ ഏറ്റവും കൂടുതൽ ഷോപ്പിംഗ് നടത്തുന്ന സമയം.
പണക്കുറവ് കൊണ്ട് പിന്നത്തേക്കു വച്ചിരുന്ന പലതും ചാടിവീണ് പിടിക്കാൻ തോന്നുന്ന തരത്തിൽ ആകർഷകമായ ഓഫറുകളുടെ പെരുമഴയും ഓണക്കാലത്ത് കാണാം. നേരിട്ട് വാങ്ങുന്നവർക്കും ഓൺലൈനായി പർച്ചേസുകൾ നടത്തുന്ന മിക്കവർക്കും ഫെസ്റ്റീവ് സീസൺ മോഡാണ് ഓണം. യഥാർത്ഥത്തിൽ ഈ ഫെസ്റ്റീവ് സീസൺ ഓണം മുതൽ തുടങ്ങി പുതുവത്സരം വരെ നീണ്ടു നിൽക്കുമെന്നതാണ് സവിശേഷത.
ഉപ്പു തൊട്ട് കർപ്പൂരം വരെ വാങ്ങാൻ വിലക്കുറവാണെന്ന ബോർഡ് കാണും. അതില്ലെങ്കിലും കുറച്ചെങ്കിലും വാങ്ങാതെ മലയാളിക്ക് ഓണമില്ല. അപ്പോ പിന്നെ വിലക്കിഴിവിൽ വീഴാതിരിക്കുമോ?. ഓഫറുകളും ഡിസ്കൗണ്ടുകളും മറ്റ് പല ആകർഷണങ്ങളും മലയാളിയുടെ പർച്ചേസിങ് സ്വഭാവം കൂട്ടുന്നു എന്നതാണ് ഇതിന് പിന്നിലെ ട്രിക്ക്.
വിലക്കുറവും, ഓഫറും കണ്ട് പർച്ചേസും നടത്തി ആഘോഷം തീരുമ്പോൾ കീശ കാലിയാകാതെ നോക്കണം. ഒന്നും മാറ്റിവയക്കേണ്ടതില്ല. പക്ഷെ കൃത്യമായ ആസൂത്രണത്തോടെ വരവുചെലവുകൾ നിയന്ത്രിച്ചാൽ കീശ കീറാതെ ഓണക്കാലമെന്നല്ല ഏത് ആഘോഷക്കാലവും അടിച്ച് പൊളിക്കാം.
ആവശ്യമറിഞ്ഞ് പ്ലാൻ ചെയ്യാം
കടയിൽ കയറി കൗതുകവും ആവേശവും കൊണ്ട് ആവശ്യമുളളതും ഇല്ലാത്തതും വാങ്ങുന്നവരുണ്ട്. ആ പ്രവണത നിയന്ത്രിക്കണം. പ്രത്യേകിച്ച് ഡിസ്കൗണ്ട് സെയിലെന്നൊക്കെ കേട്ടാൽ പലർക്കും പിടിവിടും. വീട്ടിലേക്ക് അത്യാവശ്യമായി വാങ്ങേണ്ട സാധനങ്ങൾ, വളരെ അത്യാവശ്യമുള്ള ഒരു വണ്ടി പോലുള്ള പ്രധാനപ്പെട്ട കാര്യങ്ങൾക്ക് മുൻഗണന നൽകാം. ലക്ഷ്വറി ആഗ്രഹിക്കുന്നതിൽ തെറ്റില്ല. പക്ഷെ അത്യാവശ്യങ്ങൾക്ക് പരിഗണന കൊടുക്കുക. വരുമാനത്തിനനുസരിച്ച് ആർഭാടങ്ങൾ തെരഞ്ഞെടുക്കുക.
ക്യാഷ്ബാക്ക്, റിവാർഡ് പോയിന്റുകൾ
ക്രെഡിറ്റ് കാർഡ്, ഓൺലൈൻ സൈറ്റ്, ആപ്പ് പർച്ചേസുകൾ സ്ഥിരമായി നടത്തുന്നവർക്ക് പല തരത്തിലുള്ള റിവാർഡുകളും, ക്യാഷ്ബാക്ക് പോലുള്ള ഓഫറുകളും ഉണ്ടാകും. അതെല്ലാം ഓർത്തുവയ്ക്കുക. അല്ലെങ്കിൽ ഇത്തരം സാഹചര്യങ്ങളിൽ അവ ലഭ്യമാണോയെന്ന് പരിശോധിക്കുക. ഫെസ്റ്റിവൽ സീസണുകളിൽ ബാങ്കുകളും- ബ്രാൻഡുകൾ, റീട്ടെയ്ലേഴ്സ്, ചില സൈറ്റുകൾ എന്നിവയുമായി ടൈ അപ്പ് ഉണ്ടാക്കാറുണ്ട്. അത് ഫലപ്രദമായി ഉപയോഗിക്കാം. അധിക വിലക്കുറവ്, കുറഞ്ഞ പലിശ, ഇഎംഐ ഓപ്ഷനുകൾ എന്നിവയിൽ കാര്യമായ ലാഭം ഉറപ്പുവരുത്തി എടുക്കാവുന്നതാണ്. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ പരമാവധി പ്രയോജനപ്പെടുത്താനും സാധിക്കും. ഒന്നോർമ്മിക്കുക നിങ്ങളുടെ തിരിച്ചടവ് പരിധിക്കപ്പുറം ക്രെഡിറ്റ് കാർഡ് സ്വൈപ്പ് ചെയ്യുന്നത് ഒഴിവാക്കുക. അല്ലെങ്കിൽ ആഘോഷം തീർന്ന് എത്തുക കടക്കെണിയിലാകും.
ബുക്കിംഗുകൾ, ബൾക്ക് പർച്ചേസുകൾ
യാത്രാ ടിക്കറ്റ് മുതൽ സദ്യ വരെ ഇന്ന് ബുക്കിംഗ് ഉണ്ട്. എന്നാൽ അവസാന നിമിഷത്തിന് നിൽക്കാതെ നേരത്തേ തന്നെ ബുക്ക് ചെയ്യുക. ബജറ്റിനുസരിച്ച് തെരഞ്ഞെടുക്കുക. ഇത് സാമ്പത്തിക ലഭം മാത്രമല്ല, സമയലാഭവും, അവസാന നിമിഷത്തിലെ ആശങ്കകളും ഇല്ലാതാക്കും. പല സ്ഥാപനങ്ങളും ഓൺലൈൻ സ്റ്റോറുകളും വലിയ വലിക്ക് പർച്ചേസ് ചെയ്യുന്നവർക്കും ഡിസ്കൗണ്ടുകളും ഗിഫ്റ്റ് വൗച്ചറുകളുമടക്കം നൽകാറുണ്ട്. ഇത് പരമാവധി പ്രയോജനപ്പെടുത്തുക. അധികമായി ആവശ്യമുളളവ ഒരുമിച്ച് വാങ്ങുക.
താരതമ്യം ചെയ്യുക
ഇന്ന് ഷോപ്പുകളിൽ നേരിട്ട് മാത്രമല്ല ഓൺലൈൻ പർച്ചേസിംഗും കൂടുതലാണ്. അതുകൊണ്ടു തന്നെ കടകളിലേയും സൈറ്റുകളിലേയും വിലകൾ താരതമ്യം ചെയ്യുക. ബ്രാൻറഡ് സാധനങ്ങൾക്ക് അവരുടെ ഔദ്യോഗിക സൈറ്റുകൾ, ഷോറൂമുകൾ എന്നിവ പരിഗണിക്കാം. ഓൺലൈൻ, ഓഫ്‌ലൈൻ വിലകൾ താരതമ്യം ചെയ്യുമ്പോൾ വില, ഓഫർ, ഗ്യാരണ്ടി- സർവ്വീസ് സംബന്ധിച്ച കാര്യങ്ങൾ, പ്രൊഡക്ട് നിങ്ങളുടെ കയ്യിലെത്തേക്കെത്തേണ്ട സമയം എന്നീ കാര്യങ്ങളെല്ലാം പരിഗണിച്ച് വേണം തീരുമാനമെടുക്കാൻ. വിലമാത്രമല്ല സാധനങ്ങളുടെ ഗുണനിലവാരവും ഒന്ന് പരിശോധിച്ച് ഉറപ്പുവരുത്താം.
ആഘോഷങ്ങൾ ചെലവുതന്നെയാണ്. പക്ഷെ അതുകരുതി മാറി നിൽക്കേണ്ടതില്ല. മാർക്കറ്റിൽ പണം ഇറങ്ങിയാൽ തന്നെയാണ് അത് എല്ലായിടത്തേക്കും കൃത്യമായി എത്തുക. അതിൽ പങ്കാളികളാകേണ്ടതാണ്. പക്ഷെ അനാവശ്യ ആർഭാടങ്ങൾ ഒഴിവാക്കി, കൃത്യമായ സാമ്പത്തിക അച്ചടക്കത്തോടെ ആസൂത്രണം ചെയ്താൽ ഏതാഘോഷവും കീശകീറാതെ തന്നെ ഗംഭീരമാക്കാം.