യാത്രകളെ ഇഷ്ടപ്പെടുന്നവരാണ് അധികവും, എത്ര തിരക്കു പിടിച്ച ജീവിതമാണെങ്കിലും കഴിയുന്നതുപോലെ ചെറുതോ വലുതോ ആയ യാത്രകൾ ഭൂരിഭാഗം പേരും നടത്താറുണ്ട്. യാത്രകൾക്കായി മാത്രം ജീവിക്കുന്നവരുമുണ്ട്. ഇങ്ങനെ യാത്രാ പ്രേമികളായി ജീവിക്കുന്നവർക്ക് സാമ്പത്തികമാകും പ്രധാന വില്ലൻ. എന്നാൽ അതിനെ മറികടക്കാൻ ലോണെടുത്തായാലും യാത്ര പോകുന്നവരുടെ എണ്ണവും കുറവല്ല. കാര്യം തെറ്റൊന്നും ഇല്ലെങ്കിലും ലോണെടുത്തുള്ള യാത്രകൾ ശ്രദ്ധിച്ചു കൈകാര്യം ചെയ്യേണ്ടതാണ്.
അവധിക്കാലം ആഘോഷമാക്കാന്‍ യാത്രകള്‍ പ്ലാന്‍ ചെയ്യുന്നവരാണോ നിങ്ങള്‍? എന്നാല്‍ ശ്രദ്ധിക്കുക. ആകര്‍ഷകമായ യാത്രാ പാക്കേജുകളും എളുപ്പത്തില്‍ ലഭിക്കുന്ന വായ്പാ സൗകര്യങ്ങളും ഇന്ന് ലഭ്യമാണ്. പക്ഷെ യാത്രയോടുള്ള ആവേശം കാരണം ആലോചിക്കാതെ അതിലേക്ക് ഇറങ്ങിച്ചെന്നാൽ ഒരു പക്ഷെ വലിയ കടക്കെണിയിൽ അകപ്പെട്ടേക്കാം. 2025-ല്‍ പൈസാബസാര്‍ നടത്തിയ ഒരു സര്‍വേ പ്രകാരം, ഇന്ത്യക്കാരില്‍ 27% പേരും അവധിക്കാല യാത്രകള്‍ക്ക് പേഴ്‌സണല്‍ ലോണ്‍ എടുത്തവരാണ്. ഇത് കടമെടുത്ത് യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നു എന്ന സൂചനയാണിത് തരുന്നത്.
യുവാക്കളാണ് ഇക്കാര്യത്തിൽ മുന്നിൽ. കൂടുതലും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും. ഈ വായ്പകളില്‍ ഭൂരിഭാഗവും 1 ലക്ഷം മുതല്‍ 3 ലക്ഷം വരെയുള്ള തുകകളാണ്. 2023-ല്‍ 13% ആയിരുന്ന ഈ തുകയ്ക്കുള്ള വായ്പകള്‍ 2025-ല്‍ 30% ആയി ഉയര്‍ന്നു 50,000-ന് താഴെയുള്ള വായ്പകള്‍ പോലും 2% നിന്ന് 15% ആയി വര്‍ധിച്ചു. പ്രധാനമായും പേഴ്സണൽ ലോൺ അഥവാ വ്യക്തിഗത വായ്പകളാണ് ഇക്കൂട്ടർ അധികവും തെരഞ്ഞെടുക്കുക.
ഇത്തരം വായ്പകളിൽ വില്ലനാകുന്നത് പലിശ നിരക്കാണ്. 10 ശതമാനം മുതൽ 20 ശതമാനം വരെ പലിശ നിരക്കുകൾ കാണും. ഉദാഹരണത്തിന് ഒരു ലക്ഷം രൂപയെടുത്താൽ 1.3 ലക്ഷം തിരിച്ചടവുവരും. തവണകൾ മുടങ്ങിയാൽ അതിലും അധികമാകും. വീട്, വാഹനം തുടങ്ങിയ വായ്പകൾ ഉള്ളവരാണെങ്കിൽ ഇത് അധിക ബാധ്യതയായി മാറാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ തന്നെ കുടുംബ ബജറ്റിനെയും ഇത് മാറ്റി മറിക്കും.
അടിയന്തര സാഹചര്യങ്ങളോ, തൊഴില്‍ നഷ്ടമോ സംഭവിച്ചാല്‍ തിരിച്ചടവ് മുടങ്ങാന്‍ സാധ്യതയുണ്ട്. ഇത് ക്രെഡിറ്റ് സ്‌കോറിനെ ദോഷകരമായി ബാധിക്കും. അത്യാവശ്യ ഘട്ടങ്ങളിൽ വായ്പ എടുക്കാൻ കഴിയാത്ത സ്ഥിതിവരികയും ചെയ്യും. അതായത് യാത്രകൾക്കായി ലോണുകൾ എടുക്കുന്നത് പരമാവധി ഒഴിവാക്കി സുരക്ഷിതമായ സാമ്പത്തിക മാർഗങ്ങൾ തെരഞ്ഞെടുക്കാം.
പതിവായി നിക്ഷേപം നടത്തിയാൽ ഈ പ്രശ്നത്തിന് പരിഹാരം കാണാം. അവധിക്കാല യാത്രകള്‍ക്കായി എല്ലാ മാസവും ഒരു ചെറിയ തുക മാറ്റിവെക്കുക.അത് വർഷം പൂർത്തിയാകുമ്പോൾ എത്രയാകുന്നുവോ അതനുസരിച്ച് യാത്രകൾ പ്ലാൻ ചെയ്യുക.റിക്കറിംഗ് ഡിപ്പോസിറ്റുകൾ, മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി, ചിട്ടികകൾ പോലുള്ളവയിൽ നിക്ഷേപിച്ചാല്‍ സുരക്ഷിതമായി പണം സ്വരൂപിക്കാം.യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ പരമാവധി തിരക്ക് കുറഞ്ഞ സമയങ്ങള്‍ തിരഞ്ഞെടുക്കുക. അത് യാത്രാചെലവുകൾ കുറയ്ക്കാൻ സഹായിക്കും.