

കഴിഞ്ഞ കുറച്ചു മാസങ്ങളായി എഐ ഉപയോഗം ഇരട്ടിയാക്കി കൊണ്ടിരിക്കുകയാണ് ടെക് ഭീമനായ മൈക്രോ സോഫ്റ്റ്. ഇതിൻ്റെ ഭാഗമായി കഴിഞ്ഞ വർഷം കമ്പനി 15000 പേരെ പിരിച്ചുവിടുകയും ചെയ്തിരുന്നു. ഇപ്പോൾ വീണ്ടും തങ്ങളുടെ ജീവനക്കാർക്കുള്ള ലൈബ്രറി, പത്രം എന്നിവയും ഒഴിവാക്കിയിരിക്കുകയാണ് കമ്പനി. എഐ അധിഷ്ഠിത പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ പരിഷ്കരണം.
ദി വെർജിൻ റിപ്പോർട്ട് ചെയ്തതനുസരിച്ച് 2025 നവംബറിൽ തന്നെ മൈക്രോസോഫ്റ്റ് വാർത്ത മാധ്യമങ്ങളുടെ സബ്സ്ക്രിപ്ഷൻ ഒഴിവാക്കി തുടങ്ങിയിരുന്നു. കരാർ റദ്ദാക്കുന്നത് സംബന്ധിച്ച മെയിലുകളും പബ്ലിഷേഴ്സിന് അയച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഇതിൽ പ്രധാനപ്പെട്ടത് രണ്ട് പതിറ്റാണ്ടിലേറെയായി കമ്പനിയുടെ ഏകദേശം 220,000 ജീവനക്കാർക്ക് ആഗോള റിപ്പോർട്ടുകൾ വിതരണം ചെയ്യുന്ന പ്രസാധകരായ സ്ട്രാറ്റജിക് ന്യൂസ് സർവീസുമായുള്ള (എസ്എൻഎസ്) ബന്ധമാണ്.
ദി ഇൻഫർമേഷൻ പോലുള്ള ചില ബിസിനസ് പ്രസിദ്ധീകരണങ്ങളിലേക്ക് ഇനി ഡിജിറ്റൽ ആക്‌സസ് ഇല്ലെന്നും മൈക്രോസോഫ്റ്റ് ലൈബ്രറിയിൽ നിന്ന് ബിസിനസ് പുസ്‌തകങ്ങൾ പരിശോധിക്കാൻ കഴിയില്ലെന്നും ജീവനക്കാർ വ്യക്തമാക്കിയതായും റിപ്പോർട്ടിൽ പറയുന്നു. കൃത്രിമബുദ്ധിക്ക് കൂടുതൽ ഊന്നൽ നൽകുന്നതിൻ്റേയും ചെലവ് ചുരുക്കലിൻ്റേയും ഭാഗമായാണ് ഈ മാറ്റങ്ങളെന്നാണ് സൂചന.
സ്കില്ലിംഗ് ഹബ്ബിലൂടെ കൂടുതൽ ആധുനികവും AI-അധിഷ്ഠിതവുമായ പഠനാനുഭവത്തിലേക്കുള്ള മൈക്രോസോഫ്റ്റിൻ്റെ മാറ്റത്തിൻ്റെ ഭാഗമാണ് ഈ സബ്സ്ക്രിപ്ഷനുകൾ വെട്ടിക്കുറച്ചതിന് പിന്നിൽ എന്നാണ് മൈക്രോസോഫ്റ്റ് വൃത്തങ്ങളിൽ നിന്നുള്ള വിവരം. ഒന്നുകിൽ കമ്പനിയുടെ പുതിയ പരിഷ്കരണങ്ങളുമായി യോജിച്ചു പോവുക, അല്ലെങ്കിൽ രാജി വെച്ച് പോവുക എന്ന നിർദേശവും സീനിയർ എക്സിക്യൂട്ടീവുകൾക്ക് കമ്പനി നൽകിയിട്ടുള്ളതായാണ് വിവരം.
നിലവിൽ, മൈക്രോസോഫ്റ്റ് അതിൻ്റെ പരിവർത്തന കാലഘട്ടത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ലൈബ്രറിയിലും വാർത്താ ആക്‌സസിലും വരുത്തിയ മാറ്റങ്ങൾ പൂർണ്ണമായും നടപ്പിലാക്കിയാൽ ഏതൊക്കെ ഡിജിറ്റൽ സബ്‌സ്‌ക്രിപ്‌ഷനുകൾ പിന്നീട് ലഭ്യമായേക്കുമെന്ന കാര്യത്തിലും വ്യക്തതയായിട്ടില്ല.