
സ്വർണവില സർവകാല റെക്കോർഡുമായി കുതിക്കുമ്പോൾ തലയിൽ കൈവച്ചിരിക്കുകയാണ് വിവാഹ പ്രായമെത്തിയ യുവാക്കളുടെ മാതാപിതാക്കളും ബന്ധുക്കളുമെല്ലാം. ആഗോള തലത്തിലെ പലവിധ കാരണങ്ങളാലും ദിനംപ്രതിയെന്നോണം പൊന്നിൻവില റോക്കറ്റ് വിട്ട പോലെ കുതിച്ചുയരുകയാണ്.
വ്യാഴാഴ്ച പവന് 120 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ പവൻ്റെ വില 59,640 രൂപയായി. ഗ്രാമിന് 15 രൂപ കൂടി 7,455 രൂപയുമായി. 60,000 എന്ന മാർജിനിലേക്ക് ഇനി 360 രൂപയുടെ കുറവ് കൂടിയേയുള്ളൂ.
കഴിഞ്ഞ എട്ട് മാസത്തിനിടെ 14,120 രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായത്. കഴിഞ്ഞ ഫെബ്രുവരി 15ന് 45,520 രൂപയായിരുന്നു പവന്റെ വില. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 79,612 രൂപയാണ്. അന്താരാഷ്ട്ര വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് 2,790.15 ഡോളര്‍ നിലവാരത്തിലുമാണ് കച്ചവടം തുടരുന്നത്.
അന്താരാഷ്ട്ര തലത്തിലെ സംഘർഷങ്ങൾ, ഡോളറിന്റെ മൂല്യവര്‍ധന, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്, ഫെഡിന്റെ പണനയം തുടങ്ങിയവയാണ് സമീപ കാലയളവില്‍ സ്വര്‍ണവിലയെ സ്വാധീനിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധനയാണ് കേരള വിപണിയിലും പ്രതിഫലിക്കുന്നത്.