
സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ശനിയാഴ്ച സ്വർണത്തിന് പവന് 840 രൂപ വരെ ഉയർന്ന് 53,360 രൂപയിലെത്തിയിരുന്നു. തിങ്കളാഴ്ചയും സ്വർണത്തിന് അതേവില തുടരുകയാണ്. 6,670 രൂപയാണ് ഗ്രാമിന് വില.
കേന്ദ്ര ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയായിരുന്നു ശനിയാഴ്ച സ്വർണത്തിന് വിപണിയില്‍. ഇന്ന് ഒരു പവന്‍ സ്വർണത്തിന്‍റെ വില 53,360 രൂപയാണ്. പണിക്കൂലി, ഹള്‍മാർക്ക് ചാർജ്, മറ്റ് നികുതികളുമടക്കം 57,736 രൂപ നല്‍കിയാല്‍ മാത്രമെ ഉപഭോക്താവിന് ഒരു പവന്‍ സ്വന്തമാക്കാന്‍ സാധിക്കൂ. പണിക്കൂലി കടയും ഡിസൈനും അനുസരിച്ച് വ്യത്യാസപ്പെടും. ചില സ്ഥാപനങ്ങള്‍ ഓഫറുകളുടെ ഭാഗമായി പണിക്കൂലി വാങ്ങാറില്ല. ബ്രാന്‍ഡഡ് ആഭരണങ്ങള്‍ക്ക് പണിക്കൂലി 20 മുതല്‍ 30 ശതമാനം വരെ ഈടാക്കിയേക്കാം.
അമേരിക്കയില്‍ സെപ്റ്റംബറില്‍ അടിസ്ഥാന പലിശ നിരക്ക് കുറച്ചേക്കുമെന്ന സൂചനയും പശ്ചിമേഷ്യയിലെ യുദ്ധ ഭീതിയുമാണ് റെക്കോർഡിലെത്തിയ സ്വർണ വിലയ്ക്ക് കൂച്ചുവിലങ്ങിട്ടത്. ഇതാണ് കേരളത്തിലെ സ്വർണവിലയുടെ വളർച്ചയേയും ബാധിച്ചത്. ഔണ്‍സിന് 2,509 ഡോളര്‍ എന്ന റെക്കോർഡിലെത്തിയ രാജ്യാന്തര സ്വര്‍ണ വില ഇന്നലെ 0.03 ശതമാനം കുറഞ്ഞ് 2,506.45 ഡോളറിനാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നും 0.14 ശതമാനം ഇടിഞ്ഞ് 2,502.89 രൂപയിലായിരുന്നു വ്യാപാരം.