കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. ഗ്രാമിന് 10 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രം സ്വർണത്തിന് 9,795 ആണ് ഇന്നത്തെ വില. പവന് 80 രൂപ കുറഞ്ഞ് 78,360 രൂപയിലാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്. ഓണം അടുത്തപ്പോൾ തന്നെ വലിയ കുതിച്ചു ചാട്ടമാണ് സ്വർണ വിപണിയിലുണ്ടായത്. 10,000 രൂപയിലേക്കാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില അടുത്തത്.
മൂന്നു ദിവസം കൊണ്ട് സ്വര്‍ണത്തില്‍ കൂടിയത് 700 രൂപയ്ക്ക് മുകളിലാണ്. സെപ്റ്റംബര്‍ ഒന്നിന് പവന് 77.640 രൂപയായിരുന്നു. പിന്നാലെ സെപ്റ്റംബര്‍ രണ്ടിന് ഒരു ഗ്രാമിന് ഇരുപത് രൂപ വർധിച്ച് 9,725 ആയും പവന് 160 രൂപ വർധിച്ച് 77,800 രൂപയായും ഉയർന്നിരുന്നു. ചരിത്രത്തിലാദ്യമായാണ് സ്വർണ വില ഇത്രയും ഉയർന്ന നിരക്കിലെത്തുന്നത്.
സ്വർണവില ഉയരുന്നത് ചിങ്ങമാസത്തിലെ വിവാഹ വിപണിയിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. വിവാഹ സീസണും ഓണവും വന്നതോടെ ജ്വല്ലറികളില്‍ തിരക്കും വര്‍ധിച്ചിട്ടുണ്ട്. നിലവിലെ വിലയിൽ ഒരു പവന്‍ സ്വര്‍ണം വാങ്ങാൻ കുറഞ്ഞത് 84,500 രൂപയ്ക്ക് മുകളില്‍ നല്‍കണം. കൂടുതൽ പണിക്കൂലിയുള്ള സ്വർണാഭരണങ്ങൾക്ക് ഇതിൽ കൂടുതൽ വില നൽകേണ്ടി വരും.
അതേസമയം, ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ ഗ്രാമിന് അഞ്ചുരൂപ കുറഞ്ഞ് 8,045 രൂപയായി. വെള്ളിവിലയും ഉയരങ്ങളിലേക്കു നീങ്ങുകയാണ്, ഇന്നത്തെ വില 133 രൂപ.