3,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് (എംഡിആർ) വീണ്ടും അവതരിപ്പിക്കാനൊരുങ്ങി സർക്കാർ. വിഷയം കേന്ദ്രത്തിൻ്റെ പരിഗണനയിലാണെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. അടിസ്ഥാന സൗകര്യങ്ങളും പ്രവർത്തന ചെലവുകളും കൈകാര്യം ചെയ്യുന്നതിനായി ബാങ്കുകളെയും പേയ്‌മെന്റ് സേവന ദാതാക്കളെയും പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ തീരുമാനം.
വ്യാപാരികളുടെ വിറ്റുവരവിന് പകരം ഇടപാടിന്റെ മൂല്യത്തെ അടിസ്ഥാനമാക്കി എംഡിആര്‍ അനുവദിക്കുന്നതിനുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ചെറിയ തുകയുടെ യുപിഐ പെയ്‌മെന്റുകള്‍ക്ക് എംഡിആര്‍ ഒഴിവാക്കി, വലിയ ഇടപാടുകള്‍ക്ക് എംഡിആര്‍ ഈടാക്കാനാണ് സർക്കാർ പദ്ധതി.
എംഡിആറുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രിയുടെ ഓഫീസും സാമ്പത്തികകാര്യ വകുപ്പ്, ധനകാര്യ സേവനവകുപ്പ് എന്നിവ ഉള്‍പ്പെട്ട ഒരു സുപ്രധാന യോഗം കഴിഞ്ഞയാഴ്ച നടന്നിരുന്നു. 2020 ജനുവരി മുതല്‍ പ്രാബല്യത്തിലുള്ള സീറോ എംഡിആര്‍ നയത്തിൽ നിന്നും സർക്കാർ പിൻമാറുകയാണെന്നാണ് വ്യക്തമാകുന്നത്.
ഉയർന്ന മൂല്യമുള്ള ഡിജിറ്റൽ ഇടപാടുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ചെലവ് വർധിക്കുന്നതിനെക്കുറിച്ച് ബാങ്കുകളും പേയ്‌മെന്റ് സേവന ദാതാക്കളും ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. ഇതിനെ തുടർന്നാണ് സർക്കാർ പുതിയ നയം അവതരിപ്പിക്കാനൊരുങ്ങുന്നത്.
നിലവില്‍ റീട്ടെയില്‍ ഡിജിറ്റല്‍ ഇടപാടുകളുടെ 80 ശതമാനത്തോളവും യുപിഐ ആണ് കൈകാര്യം ചെയ്യുന്നത്. 2020 മുതൽ വ്യക്തി-വ്യാപാരി തമ്മിലുള്ള യുപിഐ ഇടപാടുകളുടെ മൂല്യം 60 ലക്ഷം കോടി രൂപയിലെത്തിയിട്ടുണ്ടെന്നതും പ്രസതക്തമാണ്.
വൻകിട വ്യാപാരികൾക്ക് യുപിഐ ഇടപാടുകൾക്ക് 0.3% എംഡിആർ ഏർപ്പെടുത്താൻ പേയ്‌മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ നിർദേശിച്ചിട്ടുണ്ട്. നിലവിൽ റുപേ ഒഴികെയുള്ള ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് പേയ്‌മെന്റുകളുടെ എംഡിആർ 0.9% മുതൽ 2% വരെയാണ്. ബാങ്കുകൾ, ഫിൻടെക് സ്ഥാപനങ്ങൾ, നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവയുൾപ്പെടെയുള്ള പങ്കാളികളുമായി കൂടിയാലോചിച്ച ശേഷം രണ്ട് മാസത്തിനുള്ളിൽ ഒരു തീരുമാനം ഉണ്ടാകാൻ സാധ്യതയുണ്ട്.