അറുപതാം വർഷത്തിൽ ഉയർന്ന ലാഭവിഹിതം നൽകി എച്ച്എൽഎൽ; 69.53 കോടി രൂപ കേന്ദ്ര സർക്കാരിന് കൈമാറി

മുൻനിര ഉത്പന്നമായ 'മൂഡ്‌സ്' കോണ്ടംസ്, ഉയർന്ന നിലവാരമുള്ള ബ്ലഡ് ബാഗുകൾ ഉൾപ്പെടെ 70-ൽ അധികം ബ്രാൻഡുകളാണ് കമ്പനി വിപണിയിലെത്തിക്കുന്നത്.
അറുപതാം വർഷത്തിൽ ഉയർന്ന ലാഭവിഹിതം നൽകി എച്ച്എൽഎൽ; 69.53 കോടി രൂപ കേന്ദ്ര സർക്കാരിന് കൈമാറി
Published on

തിരുവനന്തപുരം : അറുപതാം വർഷത്തിൽ ഉയർന്ന ലാഭവിഹിതം നൽകി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള പ്രമുഖ മിനിരത്ന കമ്പനിയായ എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡ്. 2024-25 സാമ്പത്തിക വർഷത്തെ ലാഭവിഹിതമായ 69.53 കോടി രൂപ കേന്ദ്ര സർക്കാരിന് കൈമാറി. കമ്പനിയുടെ ഉയർന്ന ലാഭവിഹിതത്തിലൊന്നാണിത്. ലാഭവിഹിതത്തിന്റെ ചെക്ക് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയ്ക്ക് എച്ച്എൽഎൽ ചെയർപേഴ്‌സൺ ഡോ. അനിത തമ്പി കൈമാറി. കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേൽ, ആരോഗ്യ സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ, എച്ച്എൽഎൽ ഡയറക്ടർമാരായ എൻ. അജിത് (മാർക്കറ്റിംഗ്), രമേശ് പി (ഫിനാൻസ്) എന്നിവർ പങ്കെടുത്തു.

2024–25 സാമ്പത്തിക വർഷത്തിൽ ഉൽപാദന-സേവന മേഖലകളിലെല്ലാം സമഗ്രമായ വളർച്ചയാണ് എച്ച്എൽഎൽ നേടിയത്. കമ്പനിയുടെ പ്രവർത്തന വരുമാനം മുൻവർഷത്തെ 3,700 കോടി രൂപയിൽനിന്ന് 20 ശതമാനം വളർച്ചയോടെ 4,500 കോടി രൂപയായി. 2025 മാർച്ച് 31ലെ കണക്കുകൾപ്രകാരം കമ്പനിയുടെ അറ്റ ആസ്തി 1,100 കോടി രൂപയായി വർധിച്ചു. ഉപസ്ഥാപനങ്ങളായ എച്ച്ഐടിഇഎസ്, ജിഎപിഎൽ, ലൈഫ്സ്പ്രിംഗ് ഹോസ്പിറ്റൽസ് എന്നിവയടക്കം എച്ച്എൽഎൽ ഗ്രൂപ്പിന്റെ ആകെ വരുമാനം 4,900 കോടി രൂപയായി ഉയർന്നു. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 19 ശതമാനത്തിന്റെ വളർച്ചയാണ്.

അറുപതാം വർഷത്തിൽ ഉയർന്ന ലാഭവിഹിതം നൽകി എച്ച്എൽഎൽ; 69.53 കോടി രൂപ കേന്ദ്ര സർക്കാരിന് കൈമാറി
അല്ലെങ്കിലേ കയ്യിൽ കാശില്ല അപ്പഴാ വിദേശയാത്ര, നടന്നതുതന്നെ; നിരാശ വേണ്ട ഗയ്സ് വഴിയുണ്ട്!

പൊതുജനാരോഗ്യ വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റിയ പാരമ്പര്യമാണ് എച്ച്എൽഎല്ലിനുള്ളത്. ജനസംഖ്യാ വർധനവ് എന്ന അടിയന്തര പ്രശ്നം പരിഹരിക്കുന്നതിനായി 1966 മാർച്ച് 1-ന് സ്ഥാപിതമായ കമ്പനി, ഇന്ന് ബഹുമുഖ ഉൽപന്നങ്ങളും സേവനങ്ങളും പ്രദാനം ചെയ്യുന്ന രാജ്യത്തെ പ്രമുഖ ആരോഗ്യ സംരക്ഷണ സ്ഥാപനമായി മാറി. എച്ച്എൽഎല്ലിനു കീഴിൽ ഏഴ് അത്യാധുനിക മരുന്ന് നിർമ്മാണ കേന്ദ്രങ്ങളും ഒരു കോർപ്പറേറ്റ് റിസർച് ആൻഡ് ഡെവലപ്മെന്റ് കേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്. മുൻനിര ഉത്പന്നമായ 'മൂഡ്‌സ്' കോണ്ടംസ്, ഉയർന്ന നിലവാരമുള്ള ബ്ലഡ് ബാഗുകൾ ഉൾപ്പെടെ 70-ൽ അധികം ബ്രാൻഡുകളാണ് കമ്പനി വിപണിയിലെത്തിക്കുന്നത്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ നിർമാണ-വിതരണ സേവനങ്ങൾ, പ്രൊക്യുർമെൻ്റ് കൺസൾട്ടൻസി, ഹോസ്പിറ്റൽ മാനേജ്മെന്റ് സേവനങ്ങൾ തുടങ്ങിയ മേഖലകളിലേക്കും എച്ച്എൽഎൽ പ്രവർത്തനം വിപുലീകരിച്ചു. എച്ച്എൽഎല്ലിന്റെ 'ഹിന്ദ് ലാബ്‌സ്' രാജ്യത്തെ 13-ൽ അധികം സംസ്ഥാനങ്ങളിൽ സാന്നിധ്യമുള്ള ഏറ്റവും വലിയ ഡയഗ്നോസ്റ്റിക് ശൃംഖലകളിൽ ഒന്നാണ്. 'അമൃത്', 'എച്ച്എൽഎൽ ഫാർമസി എന്നീ റീട്ടെയിൽ ഫാർമസി സേവനങ്ങളിലൂടെ പൊതുജനങ്ങൾക്ക് ആരോഗ്യ സംരക്ഷണം മിതമായ നിരക്കിൽ ലഭ്യമാക്കി. ഫാർമസി മേഖലയിലെ ന്യായവില ഉറപ്പാക്കുന്നതിൽ എച്ച്എൽഎൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

അറുപതാം വർഷത്തിൽ ഉയർന്ന ലാഭവിഹിതം നൽകി എച്ച്എൽഎൽ; 69.53 കോടി രൂപ കേന്ദ്ര സർക്കാരിന് കൈമാറി
അരിമണിയുടെ വലുപ്പമുള്ള കുപ്പി, അകത്ത് ഒരൊറ്റ തുള്ളി; ലോകത്തിലെ ഏറ്റവും 'കുഞ്ഞൻ ബിയർ' പുറത്തിറക്കി കാൾസ്ബെർഗ്

കഴിഞ്ഞ 10 വർഷമായി രാജ്യത്തെ പൊതുജനാരോഗ്യ മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് അമൃത് ഫാർമസികളിലൂടെ എച്ച്എൽഎൽ കാഴ്ചവെക്കുന്നത്. രാജ്യത്തുടനീളമുള്ള 244 ഔട്ട്ലെറ്റുകളിൽനിന്ന് 6.7 കോടി ആളുകൾക്ക് 16,700 കോടി രൂപയുടെ മരുന്നുകൾ മിതമായ നിരക്കിൽ നൽകാൻ അമൃത് ഫർമാസികൾക്കു കഴിഞ്ഞു. ഫാർമസി ഉൽപ്പന്നങ്ങളുടെ നിരക്കിൽ മൊത്തം 8,200 കോടി രൂപയുടെ ലാഭമാണ് ജനങ്ങൾക്ക് ഇതിലൂടെ ലഭിച്ചത്.

പൊതുജനാരോഗ്യ സജ്ജീകരണങ്ങൾ ശക്തിപ്പെടുത്തുന്നതിലും എച്ച്എൽഎൽ സുപ്രധാന പങ്കാണ് വഹിക്കുന്നത്. ദുരന്തമേഖലകളിലും പ്രതിസന്ധി ഘട്ടങ്ങളിലും അതിവേഗം വിന്യസിക്കാൻ രൂപകൽപ്പന ചെയ്ത പോർട്ടബിൾ, മോഡുലാർ എമർജൻസി മെഡിക്കൽ യൂണിറ്റായ 'ഭീഷ്മ ക്യൂബ്' പോലുള്ള സംരംഭങ്ങളിലൂടെ ദേശീയ ദുരന്ത നിവാരണ പ്രവൃത്തികൾക്കുള്ള പിന്തുണയും കമ്പനി നൽകുന്നു.

സുസ്ഥിരമായ വളർച്ച, നവീകരണം, ആഗോള വിപുലീകരണം എന്നിവ ലക്ഷ്യമിട്ട് എച്ച്എൽഎൽ, 'വിഷൻ 2030' പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. നിലവിലുള്ള ബിസിനസ്സ് ശക്തിപ്പെടുത്തുന്നതിനൊപ്പം ആഗോള ആരോഗ്യ-ക്ഷേമം, ഡിജിറ്റൽ ആരോഗ്യം, അനുബന്ധ മേഖലകൾ എന്നിവയിൽ വൈവിധ്യവൽക്കരണം നടത്തി ആരോഗ്യ സംരക്ഷണ വ്യവസായത്തിൽ വളർച്ച കൈവരിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ഉയർന്ന നിലവാരമുള്ളതും താങ്ങാനാവുന്നതുമായ ആരോഗ്യ സേവനങ്ങൾ നൽകാൻ എക്കാലവും പ്രതിജ്ഞാബദ്ധരായിരിക്കുമെന്ന് എച്ച്എൽഎൽ അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com