

ന്യൂഡല്‍ഹി: താളം തെറ്റിയ സര്‍വീസുകളില്‍ രാജ്യത്തെ ഏറ്റവും വലിയ എയര്‍ലൈനായ ഇന്‍ഡിഗോ രണ്ടാഴ്ചയ്ക്കിടെ റീഫണ്ടായി നല്‍കിയത് 827 കോടി രൂപ. സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
നവംബര്‍ 21 നും ഡിസംബര്‍ 7 നും ഇടയില്‍ 9,55,591 ടിക്കറ്റുകളാണ് റദ്ദാക്കുകയും പണം തിരികെ നല്‍കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ 1 നും 7 നും ഇടയില്‍ മാത്രം അഞ്ച് ലക്ഷത്തോളം ടിക്കറ്റുകളും റദ്ദാക്കുകയും 569 കോടി രൂപ തിരികെ നല്‍കുകയും ചെയ്തു.
9,000 ബാഗുകളില്‍ 4,500 ബാഗുകള്‍ യാത്രക്കാര്‍ക്ക് തിരിച്ചെത്തിച്ചു. 36 മണിക്കൂറിനുള്ളില്‍ ബാക്കിയുള്ളവ തിരികെ എത്തിക്കുകയും ചെയ്യുമെന്ന് വിമാനക്കമ്പനി അറിയിച്ചു. പ്രതിസന്ധി രൂക്ഷമാകുന്നതിന് മുമ്പ് പ്രതിദിനം 2,200 വിമാന സര്‍വീസുകള്‍ നടത്തിയിരുന്ന ഇന്‍ഡിഗോ 138 ലക്ഷ്യസ്ഥാനങ്ങളില്‍ 137 എണ്ണത്തിലേക്ക് 1,802 വിമാന സര്‍വീസുകള്‍ നടത്താനുള്ള ശ്രമത്തിലാണ്.
അതേസമയം, ഇന്‍ഡിഗോയ്‌ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ് സിവില്‍ ഏവിയേഷന്‍ മന്ത്രി റാംമോഹന്‍ നായിഡു. മറ്റ് വിമാനക്കമ്പനികള്‍ക്കും മാതൃക കാണിക്കുന്ന തരത്തിലുള്ള നടപടിയാകും ഉണ്ടാകുക.
സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം ഇന്‍ഡിഗോയുടെ 'ആഭ്യന്തര പ്രതിസന്ധി'യുടെ ഫലമായാണ് നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കുന്നതിനും ആയിരക്കണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നതിനും കാരണമായതെന്ന് മന്ത്രി ഇന്ന് രാജ്യസഭയില്‍ പറഞ്ഞു.
'പൈലറ്റുമാരുടേയും ജീവനക്കാരുടേയും യാത്രക്കാരുടേയും കാര്യത്തില്‍ സര്‍ക്കാരിന് ശ്രദ്ധയുണ്ട്. എല്ലാ വിമാനക്കമ്പനികളോടും ഞങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഇന്‍ഡിഗോയാണ് ജീവനക്കാരെയും പട്ടികയെയും കൈകാര്യം ചെയ്യേണ്ടിയിരുന്നത്. യാത്രക്കാര്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിട്ടു. സ്ഥിതിഗതികളെ സര്‍ക്കാര്‍ നിസ്സാരമായി കാണുന്നില്ല. കര്‍ശന നടപടിയെടുക്കും. എല്ലാ എയര്‍ലൈനുകള്‍ക്കും ഒരു മാതൃക സൃഷ്ടിക്കും. എന്തെങ്കിലും നിയമലംഘനം ഉണ്ടായാല്‍ നടപടിയെടുക്കും'. - വിഷയത്തില്‍ സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വ്യോമയാന മേഖലയില്‍ കൂടുതല്‍ പേര്‍ വേണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ മന്ത്രി അഞ്ച് പ്രധാന വിമാനക്കമ്പനികള്‍ക്കുള്ള സാധ്യത രാജ്യത്തിനുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. എന്നാല്‍, മന്ത്രിയുടെ മറുപടിയില്‍ തൃപ്തരല്ലാത്ത പ്രതിപക്ഷം വാക്ക്ഔട്ട് നടത്തി.