

പാരീസ്: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ശതകോടിക്കണക്കിന് ആളുകൾക്ക് വ്യക്തിഗത എഐ ഏജൻ്റുകൾ ലഭ്യമാകുമെന്ന് മെറ്റ സിഇഒ മാർക്ക് സക്കർബർഗ് പറഞ്ഞു. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മനസ്സിലാക്കി ജോലികൾ എളുപ്പമാക്കുകയും വിവിധ ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും കഴിവുള്ള എഐ ഏജൻ്റുകളാകും സാങ്കേതിക ലോകത്തിൻ്റെ അടുത്ത തരംഗം.
എഐ രംഗത്ത് വികസനം മുൻനിർത്തി ഡാറ്റാ സെൻ്ററുകളുടെ കാര്യക്ഷമത വിപുലീകരിക്കാൻ മെറ്റ വൻതോതിൽ നിക്ഷേപം തുടരുകയാണ്. മെറ്റയുടെ രണ്ടാം പാദത്തിലെ ഫ്രീ ക്യാഷ് ഫ്ലോ 91 ശതമാനം ഇടിഞ്ഞ് 784 ദശലക്ഷം ഡോളറിലെത്തി. ഡാറ്റാ സെൻ്ററിൻ്റെ വിപുലീകരണത്തിനായി ചെലവാക്കിയ വൻ മൂലധനമാണ് ഇതിന് കാരണം.
സാമ്പത്തിക ഫലം പുറത്തുവന്നതിന് പിന്നാലെ കമ്പനിയുടെ 10 ശതമാനം ഓഹരിക്ക് ഇടിവ്. എഐ ശേഷി വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി ഈ വർഷം കമ്പ്യൂട്ടിങ് ശേഷി ഏഴ് ഗിഗാവാൾട്ടായും അടുത്ത വർഷം 14 ഗിഗാവാൾട്ടായും ഉയർത്താനാണ് മെറ്റയുടെ പദ്ധതി. എഐ ഏജൻ്റുകളുടെ വ്യാപനത്തോടെ ഉപയോക്താക്കളും എഐയും തമ്മിലുള്ള പ്രധാന ആശയവിനിമയ വേദിയായി വാട്ട്‌സ്ആപ്പ് മാറുമെന്ന് മാർക്ക് സക്കർബർഗ് പറഞ്ഞു.