ബോട്ടിൽ പാൽ വിതരണത്തിലേക്ക് മിൽമ. ഒരു ലിറ്റർ പശുവിൻ പാലിന് 70 രൂപയാകും വില. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരത്ത് മാത്രമായിരിക്കും വിൽപ്പന. ജില്ലയിലെ വിൽപന നിരീക്ഷിച്ചായിരിക്കും മറ്റ് മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നത്. ബോട്ടിൽ പാലിൻ്റെ ഔദ്യോഗിക ഉദ്ഘാടനം ഈ മാസം 19ന് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്യും.
ഉയർന്ന ഗുണമേന്മയുള്ള ഫുഡ് ട്രേഡ് പ്ലാസ്റ്റിക് ബോട്ടിലാണ് പാക്കിങ്ങിന് ഉപയോഗിക്കുന്നത്. ശീതീകരിച്ച് സൂക്ഷിച്ചാൽ മൂന്ന് ദിവസം വരെ ബോട്ടിൽ പാല് കേടുകൂടാതെയിരിക്കും. നവീന പാക്കിങ് സംവിധാനം ഉപയോഗിച്ചാണ് മിൽമ കൗ മിൽക്ക് പാക്ക് ചെയ്യുന്നത്. ആവശ്യാനുസരണം സൂക്ഷിച്ച് വെക്കാനും ഉപയോഗിക്കാനും എളുപ്പത്തിൽ കൈകാര്യം ചെയ്യാനും ബോട്ടിലിൽ വിൽപനയ്‌ക്കെത്തുന്ന പാൽ ഉപയോഗിക്കാനാകുമെന്നും കെസിഎംഎംഎഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പാൽ വില വർധന സംബന്ധിച്ച് കർഷകർ നിരന്തരം ആവശ്യപ്പെടുന്നുണ്ടെന്നും കെസിഎംഎംഎഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. നേരിയ വർധനവ് വേണം എന്ന് ആവശ്യപ്പെട്ട് ഫെഡറേഷനിൽ കത്ത് അയച്ചിട്ടുണ്ട്. എത്ര വർധനവുണ്ടാകും എന്ന് ഇപ്പോൾ പറയാൻ കഴിയില്ല. ഓണം കഴിഞ്ഞേ തീരുമാനം ഉണ്ടാവുകയുള്ളൂവെന്നും അറിയിച്ചു.