മദ്യപാനം ആരോഗ്യത്തിന് ഹാനീകരമാണ്. അതുമാത്രമല്ല അമിതമായ മദ്യപാനം കുറ്റകൃത്യങ്ങൾക്കും കാരണമാകാറുണ്ട്. ഇതൊക്കെയാണെങ്കിലും മദ്യത്തിന് നല്ല വിറ്റുവരവാണെന്നത് വേറെ കാര്യം. പലതരത്തിൽ, പല വിലയിൽ, പല രുചിയിൽ മദ്യം ലഭ്യമാണ്. നിയന്ത്രണമില്ലാതെ നിരന്തരം മദ്യപിക്കുന്നവർ, ആസ്വദിച്ച് മദ്യപിക്കുന്നവർ, അപൂർവമായി മാത്രം കഴിക്കുന്നവർ എന്നിങ്ങവെ മദ്യം പലരും പല തരത്തിലാണ് കൈകാര്യം ചെയ്യുന്നത്.
ഇനി മറ്റൊരു വിഭാഗമുണ്ട്. ആകർഷകമായ, കൗതുകമുണർത്തുന്ന ബോട്ടിലുകളിൽ മയങ്ങി അവ ശേഖരിക്കുന്നവർ. വലിയ വിലകൊടുത്തു വാങ്ങി കുടിച്ച് തീർക്കാതെ തലമുറകൾ കൈമാറുന്നവർ. വിലയെന്നുപറയുമ്പോൾ കൂടിയും കുറഞ്ഞുമുള്ള സ്ഥിരം ബ്രാൻഡുകളെ മറിടന്ന് 51 ലക്ഷം മുതൽ 17 കോടിവരെ വിലമതിക്കുന്ന മദ്യം ഉണ്ട്. ഇതുപോലെ വൈവിധ്യമാർന്ന അപൂർവമായ വിലയേറിയ വിസ്കികൾ ലോകത്തിൽ തന്നെ വളരെ ചുരുക്കമാണ്.
ഡാല്‍മോറിന്റെ കോണ്‍സ്റ്റലേഷന്‍ കളക്ഷന്‍
അറുപതിനായിരം യുഎസ് ഡോളർ അതായത് ഏകദേശം 51 ലക്ഷം രൂപ വിലമതിക്കുന്ന വിസ്കിയാണ് ഡാല്‍മോറിന്റെ കോണ്‍സ്റ്റലേഷന്‍ കളക്ഷന്‍. 1964-നും 1992-നും ഇടയില്‍ വാറ്റിയെടുത്ത് 46 വര്‍ഷം പഴകിയെടുത്ത ഈ വിസ്‌കി ഹൈലാന്‍ഡ് ഡിസ്റ്റിലറി ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും സവിശേഷതയുള്ളതാണ്. ഇതിന്റെ കോണ്‍സ്റ്റലേഷന്‍ കളക്ഷന്‍ തികച്ചും വ്യത്യസ്തമാണ്. സങ്കീർണമായ രൂചിക്കൂട്ടുകളാണ് ഇതിലെന്ന് പറയപ്പെടുന്നു. വര്‍ഷങ്ങളോളം സൂക്ഷിക്കപ്പെട്ട സിനമണ്‍ സ്‌പൈസ്, ആണ് അതിലൊന്ന്. മാസ്റ്റര്‍ ഡിസ്റ്റിലറായ റിച്ചാര്‍ഡ് പാറ്റേഴ്‌സണണാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്.
ജപ്പാനിലെ യമസകി 55
സ്‌കോട്ട്‌ലന്‍ഡും അയര്‍ലന്‍ഡുമാണ് വിസ്കിയുടെ നിർമാണത്തിൽ രാജാക്കന്മാർ. എന്നാൽ അവരെ വെല്ലുവിളിച്ചാണ് ജപ്പാൻ യമസകി 55 ഉയർത്തിപ്പിടിക്കുന്നത്. 1960- 1964 കാലത്താണ് ഈ മദ്യം വാറ്റിയെടുക്കുന്നത്. ജാപ്പനീസ് ഓക്ക് (മിസുനാര) കൂടാതെ വൈറ്റ് ഓക്ക് ബാരലുകളിലും സൂക്ഷിച്ച ഈ വിസ്കി യമസകി ഡിസ്റ്റിലറി പുറത്തിറക്കിയ വളരെ അപൂര്‍വ ശേഖരമാണ്. 51 ലക്ഷം രൂപ വില വരുന്നതാണ് യമസകി 55 തയ്യാറാക്കാൻ ഷിന്‍ജിറോ ടോറിയെ പോലെ മാസ്റ്റര്‍ ബ്ലെന്‍ഡര്‍മാര്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
ഗ്ലെന്‍ഫിഡിച്ച് 1937 റെയര്‍ കളക്ഷന്‍
2001-ല്‍ ലോകത്തിനു മുൻപിലെത്തിയ ഈ വിസ്കി നിർമിച്ചത് രണ്ടാം ലോകമഹായുദ്ധത്തിന് മുൻപാണ്. 1937-ല്‍ വാറ്റിയെടുത്ത ഈ മദ്യം അതിന്റെ പഴക്കം കൊണ്ടു തന്നെയാണ് പ്രശ്സ്തമായിരിക്കുന്നത്. 61 കുപ്പികള്‍ മാത്രമാണ് ഈ ശേഖരത്തിൽ ബാക്കിയുള്ളത്. ഇതിൽ ഓരോ തുള്ളിയും പഴയ ഓക്കിന്റെയും മൊളാസസിന്റെയും ഉണങ്ങിയ പഴങ്ങളുടെയും രുചിയറിയിക്കുന്നവെന്നാണ് പറയപ്പെടുന്നത്. ചരിത്രത്തിലെ ഏറ്റവും വിലയേറിയ സിംഗിള്‍ മാള്‍ട്ടുകളില്‍ ഒന്നായ ഗ്ലെന്‍ഫിഡിച്ച് 1937 റെയര്‍ കളക്ഷന് ഒരു ലക്ഷത്തി ഇരുപതിനായിരം യുഎസ് ഡോളര്‍ (ഏകദേശം 1 കോടി രൂപ) വില വരും. പഴക്കം കൂടും തോറും ഇതിലെ രുചിയ്ക്കും വ്യത്യാസം വരുന്നതായും പറയുന്നു.
മക്കല്ലൻ 1926
സാധാരണയായി മക്കെല്ലൻ ഡിസ്റ്റിലറി നിർമിക്കുന്ന വിസ്കികൾ വിലപിടിപ്പുള്ളവയാണ്. 1926 ലെ ഫൈൻ ആൻഡ് റെയർ 60-ഇയർ-ഓൾഡ് ആ റെക്കോഡുകളെയെല്ലാം തകർക്കുന്നതാണ്. ഷെറി ബാരലുകളില്‍ 60 വര്‍ഷം ഇരുന്ന് പഴകിയ ഈ വിസ്കികൾ ആകെ 24 ബോട്ടിലുകൾ മാത്രമേയുള്ളൂ. ഓരോ കുപ്പിയുടെയും ലേബലുകള്‍ ഡിസൈന്‍ ചെയ്തത് പ്രശസ്ത കലാകാരന്മാരായ പീറ്റര്‍ ബ്ലെയ്ക്ക്, വലേരിയോ അഡാമി എന്നിവരാണ്.
വിസ്‌കിയുടെ 'ഹോളി ഗ്രെയ്ല്‍' എന്നാണ് സോത്ത്ബിസ് എന്ന ലേലക്കമ്പനി ഈ അപൂർവ ശേഖരത്തെ വിളിച്ചത്. ഏകദേശം 16 കോടി രൂപയ്ക്ക് (1.9 മില്യണ്‍ യു.എസ്. ഡോളര്‍) ആണ് ഈ മദ്യം വിറ്റുപോയത്. അന്ന് രണ്ട് ബോട്ടിലുകൾ സ്വന്തമാക്കിയ ഒരു വ്യക്തി ഒരു ബോട്ടിൽ മുഴുവനും കുടിച്ചു തീർത്തെന്നും രണ്ടാമത്തെ ബോട്ടിൽ തന്റെ ശേഖരത്തിലേക്ക് എടുത്തുവച്ചുവെന്നും ഒരു കഥയും പ്രചാരത്തിലുണ്ട്.
'എമറാള്‍ഡ് ഐല്‍ കളക്ഷന്‍'
ആഡംബരത്തിന്റെ ഒരു പ്രതീകം. പ്രശസ്തമായ ആഭരണനിര്‍മ്മാതാക്കളായ ഫാബെര്‍ഗെയുമായി ചേർന്ന് ദി ക്രാഫ്റ്റ് ഐറിഷ് വിസ്‌കി കമ്പനി നിർമിച്ചതാണ് എമറാള്‍ഡ് ഐല്‍ കളക്ഷന്‍. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ലൈസന്‍സ്ഡ് ഡിസ്റ്റിലറിയായ ബുഷ്മില്‍സ് ഡിസ്റ്റിലറിയുടെ ഈ ശേഖരത്തില്‍ ഏറ്റവും പഴക്കമുള്ള, മൂന്ന് തവണ വാറ്റിയെടുത്ത ഐറിഷ് വിസ്‌കിയുടെ രണ്ട് കുപ്പികൾ മാത്രമാണ് ഉള്ളത്. പേരുപോലെ തന്നെ രത്നത്തിനേക്കാൾ വിലയേറിയത്. കൂടിവന്നാൽ എത്രയാകും എന്ന് ആലോചിച്ച് നിസാരമാക്കണ്ട.20 ലക്ഷം യുഎസ് ഡോളര്‍, ഏകദേശം 17 കോടി രൂപയെങ്കിലും വിലമതിക്കുന്ന വിസ്കിയാണിത്.
രണ്ട് കാരറ്റ് സ്വര്‍ണ്ണ വാച്ച്, സ്വര്‍ണ്ണം പൂശിയ കട്ടറോട് കൂടിയ കോഹിബ സിഗ്ലോ ഗ്രാന്‍ റിസര്‍വ സിഗാര്‍ തുടങ്ങിയ സമ്മാനങ്ങൾക്കൊപ്പമാണ് ഈ വിസ്കി ലഭിക്കുക. മരതകവും 18 കാരറ്റ് സ്വര്‍ണ്ണവും ഉപയോഗിച്ച് നിര്‍മ്മിച്ച ഒരു ഫാബെര്‍ഗെ കെല്‍റ്റിക് മുട്ടയും ഇതിനോടൊപ്പം ലഭിക്കും. കരകൗശല വിദ്യയുടേയും ആഡംബരത്തിന്റെയും ഒരു മകുടോദാഹരണമായ ഈ എഗ്ഗ് റഷ്യന്‍ ജ്വല്ലറി സ്ഥാപനമായ ഫാബെര്‍ഗെയും പ്രശസ്തമായ അയര്‍ലന്‍ഡിലെ ഒരു ജ്വല്ലറി കമ്പനിയും ചേര്‍ന്ന് പ്രത്യേകം രൂപപ്പെടുത്തിയതാണ്.
51 ലക്ഷം മുതൽ 17 കോടി വരെ വിലമതിക്കുന്ന വിസ്കികൾ. എല്ലാം ദോഷവശങ്ങൾക്കുമപ്പുറം മദ്യം ഒരാഡംബര വസ്തുവായി, കൗതുകവസ്തുവായി മാറുന്ന സ്ഥിതിയാണ് ഇതിലൂടെ കാണാൻ കഴിയുക. കുടിക്കാനല്ല മറിച്ച് പ്രദർശിപ്പിക്കാനും, പാരമ്പര്യ സ്വത്തായി കൈമാറാനും, നിർമാണം, പഴക്കം, എന്നിങ്ങനെ കൗതുകമുണർത്തുന്ന സവിശേഷതകളെ അറിയിക്കാനുമുള്ള അപൂർവ ശേഖരങ്ങൾ. ഇതൊക്കെ ആര് വാങ്ങുന്നവെന്നാണ് ചോദ്യമെങ്കിൽ, ആഭരണവും, വസ്ത്രവും, വാഹനവുമൊക്കെപ്പോലെ ആഡംബര നിക്ഷേപങ്ങളിൽ വിസ്കിയും ഇടംപിടിച്ചെന്നായിരിക്കും മറുപടി.