ഗുജറാത്ത്: റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി റിലയൻസ് ഇൻഡസ്ട്രീസ് നിർത്തി. റഷ്യൻ എണ്ണയിൽ നിന്നുണ്ടാക്കുന്ന ഇന്ധനത്തിൻ്റെ ഇറക്കുമതി യൂറോപ്യൻ യൂണിയൻ നിരോധിച്ചതോടെയാണ് റിലയൻസ് ഇറക്കുമതി നിർത്തിയത്. ജാംനഗർ റിഫൈനറിയിലേക്കുള്ള ഇറക്കുമതിയാണ് നിർത്തിയത്. നവംബർ 20 മുതൽ ഈ റിഫൈനറിയിലേക്ക് റഷ്യൻ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്നത് നിർത്തിയതായും ഡിസംബർ ഒന്ന് പൂർണമായും റഷ്യൻ ഇതര എണ്ണ മാത്രമായിരിക്കും ഇറക്കുമതി ചെയ്യുന്നതെന്നും റിലയൻസ് അറിയിച്ചു.
ഇന്ത്യയിലെ ഏറ്റവും വലിയ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതിക്കാരും എണ്ണ കയറ്റുമതിക്കാരുമാണ് റിലയൻസ്. ഇന്ത്യയിലേക്ക് ആകെ ഇറക്കുമതി ചെയ്യുന്ന റഷ്യൻ ക്രൂഡ് ഓയിലിൻ്റെ പകുതിയോളം റിലയൻസ് ആണ് വാങ്ങിയിരുന്നത്. യുക്രെയ്ൻ യുദ്ധത്തിനായി മോസ്കോ വരുമാനം കണ്ടെത്തുന്നത് ക്രൂഡ് ഓയിൽ കയറ്റുമതിയിൽ നിന്നാണ് എന്നാണ് അമേരിക്കയുടേയും യൂറോപ്യൻ യൂണിൻ്റേയും ആരോപണം.
റഷ്യൻ ക്രൂഡ് ഓയിൽ ഉപയോഗിച്ച് ഇന്ധനം നിർമിക്കുന്ന ഇന്ത്യൻ റിഫൈനർ നയാരയക്ക് യൂറോപ്യൻ യൂണിയൻ നേരത്തേ നിരോധനം ഏർപ്പെടുത്തിയിരുന്നു. റഷ്യൻ എണ്ണക്കമ്പനികളായ റോസ്‌നെഫ്റ്റും ലുക്കോയിലുമായുള്ള ഇടപാടുകൾ നിർത്താൻ അമേരിക്ക നിർദേശിച്ചിരിക്കുന്ന അവസാന തീയതിക്ക് ഒരു ദിവസം മുമ്പാണ് റിലയൻസിൻ്റെ പ്രസ്താവന.
ഇന്ത്യയുടെ ഏറ്റവും വലിയ റഷ്യൻ എണ്ണ വാങ്ങുന്ന സ്ഥാപനമാണ് റിലയൻസ്. റഷ്യൻ എണ്ണ സംസ്‌കരിച്ച് പെട്രോൾ, ഡീസൽ തുടങ്ങിയ ഉൽപ്പന്നങ്ങളാക്കി യൂറോപ്യൻ യൂണിയൻ, യുഎസ്, മറ്റ് രാജ്യങ്ങളിലേക്ക് വലിയ തോതിൽ കയറ്റുമതി ചെയ്യുന്നവരിൽ റിലയൻസ് മുൻപന്തിയിലാണ്. എന്നാൽ, റഷ്യൻ എണ്ണ വരുമാനം ലക്ഷ്യമിട്ട് യുഎസ് ഏർപ്പെടുത്തിയ ഉപരോധങ്ങളും കമ്പനി തീരുമാനത്തിൽ നിർണായകമായി.