
ലോകത്തിലെ ഏറ്റവും സമ്പന്നന്‍ ആരെന്ന ചോദ്യത്തിന് ഇനി ഇലോണ്‍ മസ്‌ക് എന്ന് ഉത്തരം പറയല്ലേ, അതൊക്കെ പഴയ കഥ. മസ്‌കിനെ പിന്നിലാക്കി പുതിയൊരാള്‍ ആ സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്. എണ്‍പത്തിയൊന്നുകാരന്‍ ലാരി എല്ലിസണ്‍. ഒറാക്കിള്‍ ക്ലൗഡ് കംപ്യൂങ് എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകനാണ് ലാരി എല്ലിസണ്‍.
ഇത്രയും നാള്‍ സമ്പന്നന്മാരുടെ പട്ടികയില്‍ മസ്‌കിന് പിന്നില്‍ രണ്ടാമനായിരുന്നു ലാരി. ഇനി ലാരിക്ക് പിന്നിലാണ് മസ്‌കിന്റെ സ്ഥാനം. ഓറാക്കിള്‍ കോര്‍പ്പറേഷന്റെ ഓഹരി വിപണിയിലെ നേട്ടമാണ് ലാരിയുടെ മുന്നേറ്റത്തിന് കാരണം. ജൂണ്‍ മാസത്തില്‍ 25090 കോടി ഡോളറായിരുന്നു ലാരിയുടെ സമ്പാദ്യം. ഒറാക്കിള്‍ കോര്‍പ്പറേഷന്‍ ഓഹരിയില്‍ കുതിച്ചു ചാട്ടം തുടര്‍ന്നതോടെ ലാരിയുടെ സമ്പാദ്യത്തില്‍ 101 ബില്യണ്‍ ഡോളറിന്റെ നേട്ടമാണുണ്ടാക്കിയത്.
കഴിഞ്ഞ 300 ദിവസമായി സമ്പന്നരുടെ പട്ടികയില്‍ വെല്ലുവിളിയില്ലാതെ ഒന്നാം സ്ഥാനത്ത് തുടരുകയായിരുന്നു ഇലോണ്‍ മസ്‌ക്. ഒറ്റ പകല്‍ കൊണ്ടാണ് മസ്‌കിനെ മറികടന്ന് ലാരി പട്ടികയില്‍ ഒന്നാമതെത്തിയത്. ഒറാക്കിളില്‍ 41 ശതമാനം ഓഹരിയാണ് ലാരി എല്ലിസണിനുള്ളത്.
ലാരി എല്ലിസണിനെ കുറിച്ച് കൂടുതല്‍ അറിയാം
ടെക് ഭീമന്മാരായ ഒറാക്കിള്‍ കോര്‍പ്പറേഷന്റെ ചെയര്‍മാനും ചീഫ് ടെക്‌നോളജി ഓഫീസറുമായിരുന്നു ലാരി എല്ലിസണ്‍. 1977 ലാണ് ലാരി സഹസ്ഥാപകനായി 2000 ഡോളര്‍ നിക്ഷേപത്തില്‍ ഒറാക്കിള്‍ കോര്‍പ്പറേഷന്‍ ആരംഭിക്കുന്നത്. 2014 ല്‍ 37 വര്‍ഷത്തെ സേവനത്തിനു ശേഷം ലാരി സിഇഒ സ്ഥാനത്തു നിന്ന് പടിയിറങ്ങി. 2012 ല്‍ 300 മില്യണ്‍ ഡോളറിന് വാങ്ങിയ ഹവായിയന്‍ ദ്വീപായ ലനായിയിലേക്ക് 2020 ല്‍ അദ്ദേഹം താമസം മാറി.
എഐയുടെ വരവോടെയാണ് ഒറാക്കിളിന്റേയും ഒപ്പം ലാരിയുടേയും തലവര ശരിക്കും തെളിഞ്ഞത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനികളില്‍ നിന്നുള്ള ക്ലൗഡ് സേവനങ്ങള്‍ക്കുള്ള ആവശ്യം വര്‍ധിച്ചതിനെത്തുടര്‍ന്ന് സെപ്റ്റംബര്‍ 10 ന് കമ്പനിയുടെ ഓഹരികള്‍ 40 ശതമാനം ഉയര്‍ന്നു. ഒറാക്കിളില്‍ 41 ശതമാനം ഓഹരിയും ലാരിയുടേതായതിനാല്‍ അദ്ദേഹത്തിന്റെ സമ്പത്തും അതോടെ കുമിഞ്ഞുകൂടി.
1992 ന് ശേഷമുള്ള ഏറ്റവും വലിയ ഏകദിന ശതമാന കുതിപ്പാണ് ഒറാക്കിളിന്റെ ഓഹരിയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഓഹരി 39.7% ഉയര്‍ന്ന് 339.69 ഡോളറെന്ന റെക്കോര്‍ഡ് ഉയരത്തിലെത്തി. ഇതോടെ കമ്പനിയുടെ വിപണി മൂല്യത്തിലേക്ക് ഏകദേശം 278 ബില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ക്കപ്പെടും. ഈ നില നിലനിര്‍ത്താനായാല്‍ മൊത്തം മൂല്യം ഏകദേശം 948 ബില്യണ്‍ ഡോളറിലെത്തും. ഒപ്പം മറ്റൊരു നേട്ടവും. 1 ട്രില്യണ്‍ ഡോളര്‍ ക്ലബ്ബിലേക്ക് കമ്പനി ചുവടുവെക്കും.
ഒറാക്കിളില്‍ മാത്രമല്ല ലാരിക്ക് ഓഹരി
2018 നും 2022 നും ഇടയില്‍ ടെസ്ലയുടെ ബോര്‍ഡില്‍ അംഗമായിരുന്ന എലിസണ്‍ ഡയറക്ടര്‍ സ്ഥാനം രാജിവച്ചു. ഫോബ്സിന്റെ കണക്കനുസരിച്ച്, സ്ഥാനമൊഴിയുന്നതിന് മുമ്പ് അദ്ദേഹത്തിന് 45 ദശലക്ഷം സ്പ്ലിറ്റ്-അഡ്ജസ്റ്റഡ് ഷെയറുകള്‍ ഉണ്ടായിരുന്നു. ഫോബ്‌സ് റിപ്പോര്‍ട്ടനുസരിച്ച് പാരമൗണ്ട് സ്‌കൈഡാന്‍സില്‍ 50 ശതമാനം ഓഹരിയും ലാരി എല്ലിസണിനുണ്ട്.