സാധനങ്ങൾ വാങ്ങുമ്പോൾ അത് ചെറുതോ വലുതോ ആകട്ടെ അതിന് പേയ്മെന്റ് എങ്ങനെ നൽകണം എന്ന് ആലോചിച്ചിട്ടുണ്ടോ. ഇതിലിത്ര ആലോചിക്കാൻ എന്തിരിക്കുന്നു എന്നാണ് ചോദ്യമെങ്കിൽ മറുപടി അലോചിക്കുന്നത് നന്നായിരിക്കും എന്നാണ്. അതെ ക്യാഷോ, ചെക്കോ, കാർഡോ, യുപിഐയോ, അതോ ഇനി ബിഎൻപിഎല്ലോ ഏതുതരം പേയ്മെന്റ് ആയാലും അത് വാങ്ങുന്ന തുകയ്ക്കും, സാധനത്തിനും അനുസരിച്ച് വ്യത്യാസപ്പെടുത്തുന്നത് ഗുണം ചെയ്യും.
ഉദാഹരണത്തിന് നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ യുപിഐ-യും പണവും ഉപയോഗിക്കുകയാണ് പതിവ്. ഒരു നിശ്ചിത തുകവരെ അത്തരത്തിൽ ചെലവഴിക്കാവുന്നതാണ്. എന്നാൽ സ്മാര്‍ട്ട്ഫോണുകള്‍, ഫര്‍ണിച്ചറുകള്‍, ഗൃഹോപകരണങ്ങള്‍ പോലുള്ള വലിയ മൂല്യമുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിന് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് ഗുണം ചെയ്യും. ഇത് നിങ്ങളുടെ സാമ്പത്തിക ഇടപാടുകളെ നിയന്ത്രിക്കാൻ സഹായിച്ചേക്കും.
അതായത് നിലവിൽ വിപണിയിലെ കണക്കുകൾ പരിശോധിച്ചാൽ 1000 രൂപവരെയൊക്കെയാണ് പരമാവധി ക്യാഷ് / യുപിഐ പേയ്മെന്റുകൾ. എളുപ്പമുള്ളതും വളരെ വേഗത്തിലുള്ളതും എന്ന സൗകര്യമാണ് അതിന് പ്രധാന കാരണം. എന്നാൽ പർച്ചേസിംഗിന്റെ എണ്ണവും അളവും കൂടുന്നത് അനുസരിച്ച് ക്രെഡിറ്റ് കാർഡുകളും, ബിഎൻപിഎല്ലുമെല്ലാം ഉപയോഗിച്ചുവരുന്നു.
ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗത്തിലൂടെ ചില അനൂകൂല്യങ്ങൾ ലഭിക്കും എന്നതാണ് സവിശേഷത. റിവാര്‍ഡ് പോയിന്റുകളും ക്യാഷ്ബാക്ക് ഓഫറുകളുമാണ് പ്രധാനം. 1000 രൂപയ്ക്ക് മുകളിലാണ് വലിയ വിഭാഗം ആളുകളും ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നത്. ഇടപാടുകളുടെ എണ്ണത്തില്‍ യുപിഐ മുന്നിലാണെങ്കിലും, മൊത്തം പണമിടപാട് മൂല്യം കൂടുതലും ക്രെഡിറ്റ് കാര്‍ഡുകള്‍ക്കാണ്.
ബയ് നൗ പേ ലേറ്റര്‍ (ബിഎന്‍പിഎല്‍) ഇടപാടുകളും വലിയ രീതിയിൽ നടക്കുന്നുണ്ട്. അത്തരം ഇടപാടുകളിൽ തുകയും കൂടുതലായിരിക്കും. ബിഎന്‍പിഎല്‍ പ്രധാനമായും ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിലായിരിക്കും. സ്മാര്‍ട്ട്ഫോണുകള്‍, ഫര്‍ണിച്ചറുകള്‍, ഗൃഹോപകരണങ്ങള്‍ പോലുള്ള വലിയ മൂല്യമുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിന് ക്രെഡിറ്റ് കാർഡുകൾ കഴിഞ്ഞാൽ പിന്നെ ആലോചിക്കാവുന്നത് ബിഎൻപിഎൽ ആണ്. വരുമാനത്തിനുസരിച്ചുള്ള ഇഎംഐകൾ കൂടി തെരഞ്ഞെടുത്താൽ അത് സാമ്പത്തിക സ്ഥിരത നിലനിർത്തും.
ഏത് പേയ്മെന്റ് ഉപയോഗിക്കുന്നു എന്നത് പോലെ തന്നെ ഏത് സീസൺ എന്ന് ആലോചിക്കുന്നതും. നല്ലതാണ്. യുപിഐ, കാർഡ്, തവണ വ്യവസ്ഥകൾ,എന്നിവയിലെല്ലാം ആഘോഷങ്ങൾക്കനുസരിച്ച് പലതരത്തി റിവാർഡുകളും, ഡിസ്കൗണ്ടുകളും ലഭിക്കും. ധനകാര്യ സ്ഥാപനങ്ങളും വിവിധ ആനുകൂല്യങ്ങൾ നൽകും. അവ പരമാവധി പ്രയോജനപ്പെടുത്താൻ കഴിയുന്നതരത്തിൽ സാമ്പത്തിക ആസൂത്രണം നടത്താവുന്നതാണ്.