രഘുനന്ദൻ കാമത്ത്; മാമ്പഴകച്ചവടക്കാരന്‍റെ മകനില്‍ നിന്ന് ഇന്ത്യയുടെ ഐസ്ക്രീം മാനിലേക്ക്

വിജയകരമായ ഒരു ബിസിനസ് മോഡൽ നടപ്പാക്കാന്‍ വിദ്യാഭ്യാസ ബിരുദം ആവശ്യമില്ലെന്ന് രഘുനന്ദൻ കാമത്തിൻ്റെ ജീവിതം നമ്മളെ ഓര്‍മിപ്പിക്കുന്നു.ഉറച്ച ലക്ഷ്യവും കഠിനാധ്വാനം ചെയ്യാനുള്ള മനസുമാണ് മാമ്പഴക്കച്ചവടക്കാരന്‍റെ മകനില്‍ നിന്ന് ഇന്ത്യയുടെ ഐസ്ക്രീം മനുഷ്യന്‍ എന്ന നിലയിലേക്ക് അദ്ദേഹത്തെ വളര്‍ത്തിയത്.
രഘുനന്ദൻ കാമത്ത്; മാമ്പഴകച്ചവടക്കാരന്‍റെ മകനില്‍ നിന്ന് ഇന്ത്യയുടെ ഐസ്ക്രീം മാനിലേക്ക്
Published on

നമുക്ക് ചുറ്റുമുള്ള സാധ്യതകളുടെ അതിരുകളില്ലാത്ത ലോകത്തെ കഠിനാധ്വാനം കൊണ്ട് കീഴടക്കിയ അനേകം മനുഷ്യരുടെ കഥ നമ്മള്‍ കേട്ടിട്ടുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ തോല്‍ക്കാന്‍ തയാറാകാതെ ഉറച്ച ലക്ഷ്യത്തോടെ മുന്നിലേക്ക് കുതിച്ച് സാമ്രാജ്യം തന്നെ പടുത്തുയര്‍ത്തിവർ. ബിസിനസിന്‍റെ ലോകത്ത് സാധാരാണക്കാരനായി തുടങ്ങി എഴുപതാം വയസില്‍ മരണപ്പെടുമ്പോള്‍ 400 കോടിയിലധികം വിറ്റുവരവുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച ഐസ്ക്രീം ബ്രാന്‍ഡുകളിലൊന്നിൻ്റെ അമരക്കാരനായി മാറിയ രഘുനന്ദന്‍ ശ്രീനിവാസ് കാമത്ത്. ബോംബെ നിരത്തിൽ നിന്നും ആരംഭിച്ച നാച്ചുറല്‍ ഐസ്ക്രീം എന്ന ബ്രാൻഡിനെ ലോകോത്തര നിലവാരത്തിലെത്തിച്ച ആ ജീവിതം ആരെയും അതിശയിപ്പിക്കുന്നതാണ്. 

1954-ല്‍ ദക്ഷിണ കന്നടയിലെ മുല്‍ക്കി ജില്ലയില്‍ ജനനം. ഏഴ് സഹോദരങ്ങളില്‍ ഏറ്റവും ഇളയവന്‍.പഴക്കച്ചവടക്കാരനായ അച്ഛന്‍റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കണ്ടും കേട്ടും അറിഞ്ഞ് വളര്‍ന്ന ബാല്യം.അച്ഛനെ കച്ചവടത്തില്‍ സഹായിച്ചും പഴങ്ങളുടെ രുചിയും വിപണിയുമൊക്കെ അടുത്തറിഞ്ഞ് രഘുനന്ദന്‍ വളര്‍ന്നു.പഠനത്തില്‍ വേണ്ടത്ര ശോഭിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ ജയിക്കാനുള്ള ശ്രമം രണ്ട് തവണയും പരാജയപ്പെട്ടു.പതിനാലാം വയസില്‍ പോക്കറ്റില്‍ ഒരു സെക്കന്‍ഡ് ക്ലാസ് ടിക്കറ്റും മനസില്‍ ഒരു ഫസ്റ്റ് ക്ലാസ് ഐഡിയയുമായി രഘുനന്ദന്‍ സ്വപ്നങ്ങളുടെ നഗരമായ മുംബൈയിലേക്ക് വണ്ടികയറി.അവിടെ സഹോദരന്‍ നടത്തിയിരുന്ന ദക്ഷിണേന്ത്യന്‍ ഭക്ഷണശാലയില്‍ ജോലി തുടങ്ങി.കുട്ടിക്കാലത്ത് തന്നെ മോശം മാമ്പഴങ്ങളിൽ നിന്ന് പഴുത്ത മാമ്പഴം തെരഞ്ഞെടുക്കാനുള്ള കഴിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു.യഥാര്‍ത്ഥ പഴങ്ങളുടെ രുചിയിലുള്ള ഐസ്ക്രീം ജനങ്ങളിലെത്തിക്കുക എന്ന ആശയത്തിലേക്ക് എത്താന്‍ രഘുനന്ദന് പ്രചോദനമായതും അച്ഛന്‍റെ കച്ചവടത്തില്‍ നിന്ന് നേടിയ അറിവ് തന്നെ.

സഹോദരനോട് തന്‍റെ ബിസിനസ് ഐഡിയ പറഞ്ഞെങ്കിലും അദ്ദേഹം അതിന് വേണ്ടത്ര പരിഗണന നല്‍കിയില്ല.പക്ഷെ രഘുനന്ദന്‍ പിന്മാറാന്‍ തയാറായില്ല.സഹോദരന്‍റെ കടയില്‍ ജോലിചെയ്ത് നേടിയ പണം കൊണ്ട് ജുഹുവില്‍ 1984-ല്‍ കോളിവാഡ എന്ന സ്ഥലത്ത് 200 ചതുരശ്ര അടി വലുപ്പത്തില്‍ അദ്ദേഹം തന്‍റെ ആദ്യത്തെ ഔട്ട്ലറ്റ് ആരംഭിച്ചു. സഹായികളായി നാല് ജീവനക്കാരെയും ഒപ്പം കൂട്ടി.മുംബൈക്കാരുടെ ഇഷ്ട വിഭവമായ പാവ് ഭാജിക്കൊപ്പം ഐസ്ക്രീമും ഒരു പ്രധാന വിഭവമായി വില്‍ക്കാന്‍ തുടങ്ങി.അന്നോളം ലഭ്യമായിരുന്ന വാനില, ചോക്ലേറ്റ് ഐസ്ക്രീമുകള്‍ക്ക് പകരം പഴങ്ങളുടെ യഥാര്‍ത്ഥ രുചിയിലുള്ള ഫ്രൂട്ട് ഐസ്ക്രീം രഘുനന്ദന്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിറ്റുതുടങ്ങി.നാട്ടുമ്പുറത്ത് സുലഭമായി കണ്ടിരുന്ന സീതപ്പഴം (കസ്റ്റാര്‍ഡ് ആപ്പിള്‍) അടക്കം പത്തോളം പഴങ്ങളുടെ പള്‍പ്പിനൊപ്പം പാലും പഞ്ചസാരയും ചേര്‍ത്ത് നിര്‍മ്മിച്ച ഐസ്ക്രീമാണ് അദ്ദേഹം മുംബൈക്കാര്‍ക്ക് വിളമ്പിയത്.പതിയെ പതിയെ രഘുനന്ദന്‍ കാമത്തിന്‍റെ ഐഡിയ ഫലം കണ്ടു. ഫ്രൂട്ട് ഐസ്ക്രീമിന്‍റെ രുചി നേരിട്ട് ആസ്വദിച്ചറിഞ്ഞവര്‍ തന്നെ അദ്ദേഹത്തിന്‍റെ പരസ്യമായി മാറി.സാവധാനം തന്‍റെ കട ഒരു ഐസ്ക്രീം പാര്‍ലര്‍ എന്ന നിലയിലേക്ക് അദ്ദേഹം മാറ്റിയെടുത്തു.ആദ്യവര്‍ഷം തന്നെ 5 ലക്ഷം രൂപയുടെ കച്ചവടം നടന്നു.ആവശ്യക്കാരുടെ എണ്ണം വര്‍ധിച്ചതോടെ നാച്ചുറല്‍ ഐസ്ക്രീമിന്‍റെ 5 ഔട്ട്‌ലറ്റുകൾ കൂടി തുറന്നു.കേട്ടറിഞ്ഞ ഐസ്ക്രീമിന്‍റെ രുചി നേരിട്ടറിയാന്‍ ബോളിവുഡിന്‍റെ സ്വന്തം ബിഗ്ബി സാക്ഷാല്‍ അമിതാഭ് ബച്ചന്‍ വരെ രഘുനന്ദന്‍റെ കടതേടിയെത്തി.1986- ല്‍ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്കര്‍ അവതാരകനായെത്തിയ സണ്ണി ഡെയ്സ് എന്ന ടിവി പരിപാടിക്കിടെ വെസ്റ്റ് ഇന്‍ഡീസ് താരം വിവിയന്‍ റിച്ചാര്‍ഡ്സ് നാച്ചുറല്‍ ഐസ്ക്രീമിന്‍റെ ചിക്കു ഫ്ലേവറിനെ പ്രശംസിച്ച് സംസാരിച്ചിരുന്നു.പരസ്യങ്ങള്‍ക്ക് വലിയ മുടക്കുമുതല്‍ ചെലവാക്കാതെ തന്നെ ഇത്തരത്തില്‍ ലഭിച്ച പബ്ലിസിറ്റി നാച്ചുറല്‍സിന് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത നല്‍കി.ക്രമേണ മറ്റ് നഗരങ്ങളിലേക്കും നാച്ചുറല്‍സിന്‍റെ ബിസിനസ്സ് കൂടുതൽ വ്യാപിപ്പിച്ചു.ഇന്ന് നൂറോളം നഗരങ്ങളില്‍ നാച്ചുറല്‍സിന്‍റെ ഔട്ട്ലറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ രാജ്യത്ത ഫുഡ് പ്രൊഡക്ഷന്‍ മേഖലയില്‍ നാച്ചുറല്‍സ് അതിവേഗം വളരുന്ന ബ്രാന്‍ഡായി മാറി. ഒന്നില്‍ നിന്ന് 160 ഔട്ട്ലറ്റിലേക്ക് ആ ബിസിനസ് സാമ്രാജ്യം വളര്‍ന്നു.12 കിലോയില്‍ നിന്ന് തുടങ്ങിയ ഉല്‍പ്പാദനം ഇന്ന് ഏകദേശം 25 ടണ്ണോളമാണ്.ടെന്‍ഡര്‍ കോക്കനട്ടും ആല്‍മണ്ട് ചോക്ലേറ്റും കേസര്‍ പിസ്തയും ഒറിജിനല്‍ സ്ട്രോബറിയും അടക്കമുള്ള പുതിയ ഫ്ലേവറുകളും നാച്ചുറല്‍സ് പലപ്പോഴായി അവതരിപ്പിച്ചു.ഉപഭോക്താക്കളുടെ സംതൃപ്തിയില്‍ രാജ്യത്ത് മുന്‍നിരയിലുള്ള പത്ത് ബ്രാന്‍ഡുകളിലൊന്നായി 2013-ല്‍ സീ ബിസിനസ് നാച്ചുറല്‍സിനെ തെരഞ്ഞെടുത്തിരുന്നു. 2020 സാമ്പത്തിക വര്‍ഷത്തില്‍ 300 കോടിയുടെ റീട്ടെയില്‍ വിറ്റുവരവുള്ള കമ്പനിയായി നാച്ചുറല്‍സ് വളര്‍ന്നു.വിജയകരമായ ഒരു ബിസിനസ് മോഡൽ നടപ്പാക്കാന്‍ വിദ്യാഭ്യാസ ബിരുദം ആവശ്യമില്ലെന്ന് രഘുനന്ദൻ കാമത്തിൻ്റെ ജീവിതം നമ്മളെ ഓര്‍മിപ്പിക്കുന്നു.ഉറച്ച ലക്ഷ്യവും കഠിനാധ്വാനം ചെയ്യാനുള്ള മനസുമാണ് മാമ്പഴക്കച്ചവടക്കാരന്‍റെ മകനില്‍ നിന്ന് ഇന്ത്യയുടെ ഐസ്ക്രീം മനുഷ്യന്‍ എന്ന നിലയിലേക്ക് അദ്ദേഹത്തെ വളര്‍ത്തിയത്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com