

ഡൽഹി: മൂന്നരവർഷത്തിനുശേഷം അടിസ്ഥാന പലിശനിരക്ക് ഉയർത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപ്പോ നിരക്ക് കാൽശതമാനം വർധിപ്പിച്ചു. 5.5 ശതമാനമാണ് പുതിയ റിപ്പോ നിരക്ക്. ഇതോടെ ഭവന,വാഹന,വ്യക്തിഗത വായ്പകളുടെ പ്രതിമാസ തിരിച്ചടവ് കൂടും. 2023 ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് റിപ്പോ നിരക്കിൽ റിസർവ് ബാങ്ക് മാറ്റം വരുത്തുന്നത്.
ക്രൂഡ് ഓയിൽ വിലവർധനവ്, ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് റിസർവ് ബാങ്കിൻ്റെ തീരുമാനം. വായ്പ എടുക്കുന്നവരെയും സമ്പാദ്യം ഉള്ളവരെയും ഒരേ പോലെ സ്വാധീനിക്കുന്നതാണ് നിരക്ക് വര്‍ധന.മുഖ്യപലിശനിരക്ക് വര്‍ധിപ്പിച്ചത് ബാങ്കുകളുടെ ഡെപ്പോസിറ്റ്, വായ്പ നിരക്കുകളെ സ്വാധീനിക്കും. ഫണ്ടിന്റെ ആവശ്യകതയും മറ്റും പരിഹരിക്കുന്നതിന് ബാങ്കുകള്‍ എഫ്ഡി പലിശനിരക്ക് വര്‍ധിപ്പിച്ചേക്കാം.
ഫണ്ടിന്റെ ആവശ്യകത, പണലഭ്യത ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ പരിശോധിച്ചാണ് ബാങ്കുകള്‍ തീരുമാനമെടുക്കുക. എന്നാൽ റിപ്പോ നിരക്ക് കൂട്ടിയതോടെ ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക് ഉയരു എന്നതാണ് സാധാരണക്കാർക്കുള്ള ആശങ്ക. 2027 സാമ്പത്തിക വര്‍ഷത്തില്‍ കൂടുതല്‍ പലിശ വര്‍ധനയ്ക്കുള്ള സാധ്യതയും വിദഗ്ധര്‍ പ്രവചിക്കുന്നുണ്ട്.