ഒരു മിഡിൽ ക്ലാസ് ലെവലിൽ നിൽക്കുന്ന ആളുകളെ സംബന്ധിച്ച് തന്നെ ദൈനംദിന ചെലവുകളും അതൊടൊപ്പം അപ്രതീക്ഷിതമായ ചെലവുകളും കൈകാര്യം ചെയ്യാൻ ഏറെ സഹായകമായ ഒന്നാണ് ക്രെഡിറ്റ് കാർഡുകൾ. ഇന്ന് ക്രെഡിറ്റ് കാർഡുകളെ ആശ്രയിച്ച് ജീവിക്കുന്ന നിരവധിപ്പേരുണ്ട്. മാസശമ്പളം വരുന്നതുവരെ കാത്തിരിക്കാതെ ചെലവുകളെ മാനേജ് ചെയ്യാം എന്ന സൗകര്യമാണ് കൂടുതൽ പേരെ ക്രെഡിറ്റ് കാർഡിലേക്ക് ആകർഷിക്കുന്നത്. പലപ്പോഴും ഉപയോക്താക്കളെ സന്തോഷിപ്പിക്കുന്ന ഓഫറുകളും ലഭിക്കും.
കാര്യമൊക്കെ ശരിയാണ് പക്ഷെ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നുകൂടിയാണ് ക്രെഡിറ്റ് കാർഡുകൾ. സാമ്പത്തിക സഹായം എന്നനിലയിൽ എടുക്കുന്ന ഇവ കൃത്യതയോടെ ഉപയോഗിച്ചാൽ സുരക്ഷിതമാണ്. അല്ലെങ്കിൽ വലിയ ബാധ്യതകളാകും വരുത്തുക. ഇനി മാസ ശമ്പളക്കാർക്കു മാത്രമേ ക്രെഡിറ്റ് കാർഡ് ലഭിക്കുകയുള്ളു എന്ന് കരുതുന്ന പലരുമുണ്ട്. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാൻ കഴിയുമോ എന്നതാണ് നിരവധിപ്പേരുടെ സംശയം. അതിൽ ആശങ്ക വേണ്ട, തീർച്ചയായും കഴിയും. പക്ഷെ ചില കാര്യങ്ങൾ ഉറപ്പുവരുത്തണം എന്നു മാത്രം.
സ്ഥിര ജോലികളും, മാസശമ്പളവുമൊക്കെ മാറ്റി നിർത്തി സ്വയം തൊഴിൽ തെരഞ്ഞെടുക്കുവരുടെ എണ്ണം കൂടി വരികയാണ്. ചെറിയ ബിസിനസുകൾ, കരാർ ജോലികൾ, ഫ്രീലാൻസിംഗ് വർക്കുകൾ എന്നിങ്ങനെ പലരും അവരുടെ ജീവിത സാഹചര്യങ്ങൾക്കും, താൽപര്യങ്ങൾക്കും അനുസരിച്ച് വ്യത്യസ്തമായ തൊഴിൽമേഖലകൾ കണ്ടെത്തുന്ന കാലമാണിത്. പ്രതിമാസ വരുമാനം ഇല്ലാതതിനാൽ ക്രെഡിറ്റ് കാർഡ് സൗകര്യം ലഭ്യമാകുന്നില്ല എന്ന് പലരും പരാതി പറയാറുണ്ട്. എന്നാൽ സ്വയം തൊഴിൽ ചെയ്യുന്നവർക്കും ക്രെഡിറ്റ് കാർഡ് സൗകര്യം ലഭ്യമാകും. പക്ഷെ ചില നിബന്ധനകൾ ഉണ്ടെന്നുമാത്രം.
സ്വയം തൊഴിൽ തെരഞ്ഞെടുക്കുന്നവർക്ക് മാസശമ്പളം വാങ്ങുന്ന ജീവനക്കാരേക്കാൾ വ്യത്യസ്ഥമായ മാനദണ്ഡങ്ങളാകും സ്ഥാപനങ്ങൾ നിർദേശിക്കുക. സാധാരണഗതിയിൽ സ്വയം തൊഴിൽ ചെയ്യുന്നവർക്ക്
ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാനുള്ള പൊതുവായ യോഗ്യതകൾ ഇതൊക്കെയാണ്;
21 വയസുമുതൽ 65 വയസുവരെയാണ് ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാൻ അനുവദനീയമായ പ്രായം.
കുറഞ്ഞത് 2 ലക്ഷം രൂപമുതൽ 5 ലക്ഷം രൂപവരെ വാർഷിക വരുമാനം ഉണ്ടായിരിക്കണം.
തുടർച്ചയായി 1 മുതൽ 3 വർഷം വരെ ബിസിനസ്/ സ്വയം തൊഴിലിൽ പ്രവർത്തിച്ചിരിക്കണം.
ഇന്ത്യൻ പൗരൻ ആയിരിക്കണം.
700 അല്ലെങ്കിൽ അതിൽ കൂടുതൽ ക്രെഡിറ്റ് സ്കോർ കൂടി ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.
അപേക്ഷ നൽകുമ്പോൾ ഈ രേഖകൾ കൂടി നൽകേണ്ടതാണ്.
ആധാർ, പാൻ കാർഡുകൾ
ഒന്നോ രണ്ടോ വർഷത്തെ ആദായ നികുതി റിട്ടേണുകൾ
ബിസിനസ് രജിസ്ട്രേഷൻ/ പ്രൊഫഷണൽ ലൈസൻസിന്റെ രേഖകൾ
ഓഫീസ് വിലാസം
തിരിച്ചറിയൽ രേഖയും, പാസ്പോർട്ട് സൈസ് ഫോട്ടോയും.
ഇനി വരുമാനമില്ലാത്ത വീട്ടമ്മമാർക്കും ക്രെഡിറ്റ് കാർഡുകൾക്ക് അപേക്ഷിക്കാം. സ്ഥിര നിക്ഷേപം, പോലുള്ള ധനകാര്യ സ്ഥാപനങ്ങളഉടെ നിക്ഷേപങ്ങളഉടെ അടിസ്ഥാനത്തിലാകും അത് അനുവദിക്കുക. അല്ലെങ്കിൽ പങ്കാളിയുടെ ഒപ്പം ജോയിന്റ് ക്രെഡിറ്റ് കാർഡുകളും ലഭ്യമാണ്.