ക്രെഡിറ്റ് കാർഡ് എന്നു പറഞ്ഞാൽ ഇന്ന് പലർക്കും ജീവിതത്തിൻ്റെ ഭാഗം തന്നെയാണ്. ഒഴിവാക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനാകില്ല. ദൈനംദിന ചിലവുകളും അപ്രതീക്ഷിത ചിലവുകളുമെല്ലാം എളുപ്പത്തിൽ മാനേജ് ചെയ്യാൻ ഒരു ക്രെഡിറ്റ് കാർഡ് എങ്കിലും കയ്യിൽ വേണമെന്നാണ് നിലവിലെ സ്ഥിതി. സൗകര്യവും, അവശ്യങ്ങളുമനുസരിച്ച് ഒന്നിൽ കൂടുതൽ ക്രെഡിറ്റ് കാർഡുകൾ കയ്യിൽ കൊണ്ടു നടക്കുന്നവരുമുണ്ട്.
കയ്യിൽ ക്യാഷ് ഇല്ലെങ്കിലും ആവശ്യങ്ങളെല്ലാം നടക്കും എന്നതാണ് ക്രെഡിറ്റ് കാർഡിനെ ആശ്രയിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നത്. വന്നുവന്ന് ക്രെഡിറ്റ് കാർഡ് ഇല്ലാതെ ഒന്നും നടക്കില്ല എന്ന സ്ഥിതിയിലെത്തിയിട്ടുണ്ട് ചിലർ. എന്നാൽ ക്രെഡിറ്റ് കാർഡ് എന്നത് ഗുണം പോലെ തന്നെ ദോഷവും തരുന്ന ഒന്നാണെന്ന് മനസിലാക്കേണ്ടതുണ്ട്. ഏത് തരത്തിലായാലും കടം കടം തന്നെയാണ്. കൃത്യമായ സാമ്പത്തിക അച്ചടക്കം പാലിച്ചില്ലെങ്കിൽ അത് വലിയ ബാധ്യതകളിലേക്കാകും നമ്മളെ എത്തിക്കുക.
ആദ്യമായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ;
യാത്ര, ഷോപ്പിംഗ്, മറ്റുള്ളവ എന്നിങ്ങനെ ചെലവ് ശീലങ്ങൾ വിലയിരുത്തുക.
ക്രെഡിറ്റ് കാർഡുകളുടെ ആനുകൂല്യങ്ങൾ മാത്രമല്ല അവയുടെ വാർഷിക ഫീസും പരിഗണിക്കുക.
ക്രെഡിറ്റ് കാർഡുകൾ വഴി ലഭിക്കുന്ന റിവാർഡുകൾ (ക്യാഷ്ബാക്ക് പോലുള്ള ഓഫറുകൾ) താരതമ്യം ചെയ്യുക. അതനുസരിച്ച് ഉപയോഗിക്കുക.
നിങ്ങളുടെ ജീവിതശൈലിക്കും മുൻഗണനകൾക്കും അനുയോജ്യമായ കാർഡ് തിരഞ്ഞെടുക്കുക.
കാർഡുകൾ ഉപയോഗിക്കുന്നതിനനുസരിച്ച്, കൃത്യമായി പണം തിരിച്ചടയ്ക്കുകയും വേണം. അതിനു കഴിഞ്ഞില്ലെങ്കിൽ പലിശയും പിഴയുമെല്ലാം നൽകേണ്ടിവരും. അങ്ങനെ പലിശ പണി തരാതിരിക്കാൻ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. പലിശയും പിഴയും ഒഴിവാക്കാനുള്ള ചില ആനുകൂല്യങ്ങൾ ക്രെഡിറ്റ് കാർഡിൽ തന്നെ ലഭ്യമാണ്.
പലിശ രഹിത കാലയളവ് അഥവാ ഗ്രേസ് പിരീഡിൽ കാർഡ് ഉടമകൾക്ക് പലിശയില്ലാതെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ കഴിയും. ഇടപാടിൻ്റെ തീയതി മുതൽ ആ പ്രത്യേക ഇടപാടിൻ്റെ ബില്ലിന്റെ അവസാന തീയതി വരെയുള്ള കാലയളവാണ് പലിശ രഹിത കാലയളവ്. ഈ സമയം പലിശയില്ലാതെ തന്നെ മുഴുവൻ കുടിശികയും തിരിച്ചടയ്ക്കാവുന്നതാണ്.
ഈ ഗ്രേസ് പിരീഡ് പ്രയോജനപ്പെടുത്തിയാൽ പലിശക്കെണി ഒഴിവാക്കാം. നിശ്ചിത തീയതി കഴിഞ്ഞാൽ ആനുകൂല്യം ലഭിക്കില്ലെന്നുമാത്രമല്ല പിഴ അടയ്ക്കേണ്ടതായി വരികയും ചെയ്യും. നിശ്ചിത തീയതിക്കകം കുടിശ്ശികയുള്ള മിനിമം തുക മാത്രം അടയ്ക്കുന്നത് പിഴകളിൽ നിന്ന് മാത്രമേ ഇളവ് നൽകു, പലിശ മാറില്ല. ഗ്രേസ് പരീഡ് നഷ്ടമാകാതിരിക്കാൻ ഓട്ടോ പേയ്മെന്റ് സെറ്റ് ചെയ്യാവുന്നതുമാണ്.
സാധാരണഗതിയിൽ 20 മുതൽ 50 ദിവസം വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. സ്ഥാപനങ്ങളുടെ പോളിസി അനുസരിച്ച് ചില മാറ്റങ്ങൾ ഉണ്ടായേക്കും. സാമ്പത്തിക ഇടപാടുകളിൽ ക്രഡിറ്റ് കാർഡ് ഏറെ സഹായകമാണ്. പക്ഷെ ശ്രദ്ധിച്ചുപോയഗിച്ചില്ലെങ്കിൽ വലിയ ബാധ്യതയായി മാറിയേക്കാം.