ഓൺലൈനായുള്ള ഭക്ഷണവിതരണ ഓർഡറുകൾക്കുള്ള പ്ലാറ്റ് ഫോം ഫീസ് വീണ്ടും കൂട്ടി ഫുഡ് ടെക് സ്ഥാപനമായ സ്വിഗ്ഗി. 2 രൂപയുടെ വർധനയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. 12 രൂപയായിരുന്നു പ്ലാറ്റ്ഫോം ഫീസ് ഇനത്തിൽ സ്വിഗ്ഗി സ്വികരിച്ചിരുന്നത്. വർധനയോടെ ഇത് 14 രൂപയാകും. ഉത്സവകാലത്തെ ലാഭം ലക്ഷ്യമിട്ടാണ് കമ്പനിയുടെ നീക്കം. അതേസമയം, ഫീസ് വര്‍ധനയെക്കുറിച്ച് കമ്പനി പൊതു പ്രസ്താവന ഇറക്കിയിട്ടില്ല.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ മൂന്നു തവണയാണ് സ്വിഗ്ഗി പ്ലാറ്റ്ഫോം ഫീസ് വര്‍ധിപ്പിച്ചത്. 2023 ഏപ്രിലില്‍ രണ്ട് രൂപയായിരുന്നു വർധന. പിന്നാലെ 2024 ജൂലൈയില്‍ ആറ് രൂപയായും, വീണ്ടും 2024 ഒക്ടോബറില്‍ 10 രൂപയാക്കിയും ഉയർത്തിയിരുന്നു. പ്രതിദിനം 20 ലക്ഷത്തോളം ഓർഡറുകളാണ് സ്വിഗ്ഗി പ്രോസസ് ചെയ്യുന്നത് എന്നാണ് വിവരം.
ഉത്സവ സീസണുകളില്‍ മുന്‍പും സ്വിഗ്ഗിയും, സൊമാറ്റോയും പ്ലാറ്റ്ഫോം ഫീസ് ഉയര്‍ത്തിയിട്ടുണ്ട്. വര്‍ധിപ്പിച്ചതിനു ശേഷം ഓര്‍ഡറുകള്‍ കുറഞ്ഞാലും വര്‍ധിച്ച നിരക്കുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്. രണ്ട് വർഷത്തിനുള്ളിൽ സൊമാറ്റോ അഞ്ച് തവണയാണ് പ്ലാറ്റ്ഫോം ഫീസ് ഉയർത്തിയത്. ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന പണം വർധിക്കുമ്പോഴും തൊഴിലാളികളുടെ ക്ഷേമം സ്വിഗ്ഗി പരിഗണിക്കുന്നില്ലെന്ന ആക്ഷേപത്തിനിടയിലാണ് പുതിയ നിരക്ക് വർധന.